World

ശ്രീലങ്കയിലെ ചൈനയുടെ ആധിപത്യം നേരിടാന്‍ ഇന്ത്യ; ഊര്‍ജ്ജ, പ്രതിരോധമേഖലകളില്‍ യുഎഇയുമായി ചേര്‍ന്ന് ശ്രീലങ്കയില്‍ വന്‍പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇന്ത്യ

ശ്രീലങ്കയില്‍ ചൈനയ്ക്ക് ഊര്‍ജ്ജ, പ്രതിരോധമേഖലകളില്‍ ഉള്ള ആധിപത്യം ഇല്ലാതാക്കാന്‍ ഇന്ത്യ. ഇതിനായി യുഎഇയുമായി ചേര്‍ന്ന് വന്‍പദ്ധതികള്‍ നടപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Published by

ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ചൈനയ്‌ക്ക് ഊര്‍ജ്ജ, പ്രതിരോധമേഖലകളില്‍ ഉള്ള ആധിപത്യം ഇല്ലാതാക്കാന്‍ ഇന്ത്യ. ഇതിനായി യുഎഇയുമായി ചേര്‍ന്ന് വന്‍പദ്ധതികള്‍ നടപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ചൈന ഇപ്പോള്‍ ശ്രീലങ്കയിലെ ഊര്‍ജ്ജ, പ്രതിരോധമേഖലകളില്‍ വന്‍ നിക്ഷേപമാണ് നടത്തുന്നത്. ഇതിനെ യുഎഇയുമായി സഹകരിച്ച് നേരിടുകയാണ് ഇന്ത്യയുടെ പദ്ധതി. ഈയിടെ കൊളംബോ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രിങ്കോമാലിയിലെ ഊര്‍ജ്ജ ഹബ്ബിന് വേണ്ടി നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ. യുഎഇ, ശ്രീലങ്ക എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതി. കിഴക്കന്‍ ശ്രീലങ്കയിലെ തുറമുഖതീരത്തുള്ള തന്ത്രപ്രധാനമായ തുറമുഖ നഗരമാണ് ട്രിങ്കോമാലി. ചൈന 2017ല്‍ ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഹംബന്‍ടോട്ടയില്‍  ഉണ്ടാക്കിയ 320 കോടി ഡോളറിന്റെ എണ്ണശുദ്ധീകരണശാലാകരാറിനോട് കിടപിടിക്കുന്നതാണ് മോദി ഒപ്പുവെച്ച ഈ കരാര്‍. ട്രിങ്കോമാലി ഊര്‍ജ്ജഹബ് പദ്ധതിയില്‍ യുഎഇയെ ഒരു തന്ത്രപ്രധാന പങ്കാളിയാക്കിയിരിക്കുകയാണ് ഇന്ത്യ.

ട്രിങ്കോമാലി ഹബ്ബില്‍ നിരവധി ഉല്‍പന്നങ്ങള്‍ കൈമാറാന്‍ കഴിയുന്ന പൈപ്പ് ലൈന്‍ ഇന്ത്യ ഉണ്ടാക്കും. കൊളംബോ ഒരു വലിയ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ ശ്രീലങ്കയിലെ സാന്നിധ്യം വര്‍ധിച്ചത്.  അന്ന് ശ്രീലങ്കയെ സഹായിക്കാന്‍ ആദ്യം മുന്നോട്ട് വന്ന രാജ്യം ഇന്ത്യയാണ്. 400 കോടി ഡോളര്‍ ആണ് ശ്രീലങ്കയ്‌ക്ക് നല്‍കിയത്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി ശ്രീലങ്ക എടുത്ത 136 കോടി ഡോളറിന്റെ കടം പുനര്‍രൂപകല്‍പന ചെയ്തുകൊടുത്തും ഇന്ത്യ ശ്രീലങ്കയെ സഹായിച്ചിരുന്നു.

ശ്രീലങ്കയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ പരിശ്രമം ധനകാര്യത്തിനും ഊര്‍ജ്ജമേഖലയ്‌ക്കും അപ്പുറം കൊണ്ടുപോകുകയാണ് ലക്ഷ്യം. ശ്രീലങ്കയുടെ മണ്ണ് ഇന്ത്യയുടെ പ്രതിരോധതാല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകാന്‍ അനുവദിക്കില്ലെന്ന് ശ്രീലങ്കയുടെ പ്രസിഡന്‍റ്  കഴിഞ്ഞ ദിവസം  അനുര കുമാര ദിസ്സനായകെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ ആധിപത്യം ദുര്‍ബലമാക്കുക എന്നത് ഇന്ത്യയുടെ തന്ത്രപ്രധാന ലക്ഷ്യമാണ്. ഹംബന്‍ടോട്ട തുറമുഖം 99 വര്‍ഷത്തേക്കാണ് ശ്രീലങ്ക ചൈനയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഇതിന്റെ പേരില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. ചൈനയുടെ സൈനികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍  ഹാനികരമായേക്കുമെന്ന് ഇന്ത്യ കരുതുന്നു.

ട്രിങ്കോമാലി. ഊര്‍ജ്ജ ഹബ്ബ് എന്ന പദ്ധതിയ്‌ക്ക് പുറമെ, 10 കോടി ഡോളറിന്റെ സൗരോര്‍ജ്ജ പദ്ധതിയിലും ഇന്ത്യയും ശ്രീലങ്കയും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഡിജിറ്റല്‍ വല്‍ക്കരണം, പവര്‍ ഗ്രിഡ് കണക്ടിവിറ്റി, ആരോഗ്യരംഗം, സുരക്ഷ തുടങ്ങിയ മേഖലകളിലും ഇന്ത്യ ശ്രീലങ്കയുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

സാമ്പത്തികം, ഊര്‍ജ്ജം, പ്രതിരോധം എന്നീ മേഖലകളില്‍ കരാര്‍ ഉണ്ടാക്കുന്നത് വഴി ശ്രീലങ്കയുടെ വിശ്വസ്തതയുള്ള പങ്കാളിയായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതുവഴി ചൈനയുടെ സാന്നിധ്യം പരിമിതമാക്കി നിലനിര്‍ത്തലും ഇന്ത്യ ലക്ഷ്യമാക്കുന്നു.

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക