News

പ്രതിരോധ കരാറുകള്‍ യാഥാര്‍ത്ഥ്യമാക്കി പ്രധാനമന്ത്രി ശ്രീലങ്കയില്‍; ലങ്കന്‍ മണ്ണ് ഇന്ത്യാവിരുദ്ധതയ്‌ക്ക് അനുവദിക്കില്ലെന്ന നിലപാടിനെ അഭിനന്ദിച്ച് മോദി

Published by

കൊളംബോ: ശ്രീലങ്കന്‍ മണ്ണ് യാതൊരുവിധ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അനുവദിക്കില്ലെന്ന ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ പ്രസ്താവനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്റെ തെളിവാണിതെന്ന് മോദി പറഞ്ഞു. ശ്രീലങ്കയുടെ മണ്ണും സമുദ്രവും ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സ്വീകരിച്ചിരിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
പ്രധാനമന്ത്രി മോദിയും ശ്രീലങ്കയിലെ പ്രസിഡന്റ് അനുര കുമാര ദിസനായുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ശ്രീലങ്കയും പ്രതിരോധമടക്കമുള്ള നിരവധി കരാറുകളില്‍ ഒപ്പുവച്ചു. സംയുക്ത സൈനിക അഭ്യാസവും പരിശീലനവും ഉന്നതതല വിവരങ്ങളുടെ കൈമാറ്റവും അടക്കമാണ് കരാര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇത്തരത്തിലെ ആദ്യ കരാറാണിത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം ചൈനയുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ പ്രതിരോധത്തിന് പുറമേ ഊര്‍ജ്ജം, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വ്യാപാരം എന്നീ മേഖലകളില്‍ ഏഴ് ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
2022 ലെ സാമ്പത്തിക പ്രതിസന്ധി ദ്വീപ് രാഷ്‌ട്രത്തെ തകര്‍ത്തതിനുശേഷം ശ്രീലങ്കയെ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിനുള്ള ഇന്ത്യയുടെ സഹായങ്ങള്‍ ലങ്കന്‍ സന്ദര്‍ശന വേളയിലും പ്രധാനമന്ത്രി മോദി മുന്നോട്ട് വെച്ചു. വെള്ളിയാഴ്‌ച്ച തായ്‌ലന്‍ഡില്‍ നടന്ന ബിംസ്‌റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി മോദി കൊളംബോയില്‍ ഏത്തിയത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിനു ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.

.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by