കോട്ടയം: വഖഫെന്ന കംഗാരു കോടതിയുടെ കാവല്ക്കാര് ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ടെന്ന നിശിത വിമര്‍ശനവുമായി കാതോലിക്ക സഭയുടെ മുഖപത്രമായ ദീപിക. വഖഫ് നിയമത്തിലെ ജനദ്രോഹ വകുപ്പെങ്കിലും തിരുത്താന്‍ സഹായിക്കണമെന്ന സഭയുടെ അഭ്യര്‍ത്ഥനകളെ തുടക്കം മുതല്‍ നിരസിച്ച കോണ്‍ഗ്രസും ഇടതുപക്ഷവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയും ആശങ്കയും സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും നടന്ന ചര്‍ച്ചകളിലും അതാണ് പ്രതിഫലിച്ചത്.
പക്ഷേ, ‘ഇന്‍ഡി’ മുന്നണിയുടെ സഹായമില്ലാതെ തന്നെ വഖഫ് ഭേദഗതി ബില്‍ ലോക്സഭയും രാജ്യസഭയും പാസാക്കി. ആയിരക്കണക്കിനു പൗരന്മാരെ അവരുടെ കിടപ്പാടങ്ങളില്‍നിന്ന് ആട്ടിപ്പായിച്ച കിരാത വകുപ്പുകള്‍ ഒഴിവാക്കിയതാണ് അതില്‍ പ്രധാനം. വഖഫ് നിയമത്തെ തൊടുന്നത് ഭരണഘടനയ്ക്കു നേരേയുള്ള ആക്രമണമാണെന്നും മുസ്ലിങ്ങളെ അനാഥരാക്കാനാണെന്നും ആരോപിക്കുന്നതും, അതിനെ കാതോലിക്കാസഭ പിന്തുണച്ചെന്നുമുള്ള വ്യാഖ്യാനങ്ങള്‍ നിരുത്തര വാദപരമാണ്. രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധതയുണ്ട്. പക്ഷേ ഉള്ളതും ഇല്ലാത്തതുമെല്ലാം ആ പട്ടികയില്‍ തിരുകിക്കയറ്റുന്നവര്‍ നശിപ്പിക്കുന്ന വിശ്വാസ്യത മറ്റു മതസ്ഥരെ അകറ്റുകയും മതേതര പോരാട്ടങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യും. സത്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും അനാവശ്യ പ്രീണനങ്ങളിലൂടെ മുസ്ലിം സമുദായത്തെ പൊതുസമൂഹത്തില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്.
ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കാണുന്ന വിചാരധാരയെക്കുറിച്ച് നിങ്ങള്‍ ഇന്നലെയും ഓര്‍മിപ്പിച്ചു. പക്ഷേ, യഹൂദര്‍ക്കൊപ്പം ക്രിസ്ത്യാനികളും കൊല്ലപ്പെടേണ്ടവരോ രണ്ടാംതരം പൗരന്മാരോ ആയി പരസ്യമായി പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്ന ഹമാസ് ഉള്‍പ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ, അവരെ ഭീകരരെന്നു വിളിക്കുമോ അത്തരം ആശയങ്ങള്‍ വംശീയതയാണെന്നു സമ്മതിക്കുമോ ആഗോള മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള നിങ്ങളുടെ റാലികളില്‍ ക്രിസ്ത്യാനികള്‍ക്ക് ഒരിക്കലും ഇടമില്ല.
മുസ്ലിം മതമൗലികവാദികളാല്‍ കൊല്ലപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യര്‍ നിങ്ങളുടെ മതേതര റഡാറില്‍ തെളിയില്ല. പലസ്തീനപ്പുറം നിങ്ങള്‍ക്കൊരു ലോകവുമില്ല. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മതേതരത്വം പലരും സംശയിച്ചു തുടങ്ങിയിരിക്കുന്നു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം ഉള്‍പ്പെടെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സത്യസന്ധതയാണ് ഇനി ഭാരത രാഷ്ട്രീയത്തില്‍ ആവശ്യം, ബിജെപിയായാലും കോണ്‍ഗ്രസായാലും ഇടതുപക്ഷ മായാലും ജനം എല്ലാം നിരീക്ഷിക്കുന്നുണ്ട്. വഖഫ് ഇനിയും ചര്‍ച്ച ചെയ്യപ്പെടും. ചാനലുകളില്‍ ഓളമിട്ട് യാഥാര്‍ത്ഥ്യങ്ങളെ മുക്കിക്കളയുന്നതുപോലെയല്ല പാര്‍ലമെന്റ് എന്നത് കോണ്‍ഗ്രസും, ഇടതുപക്ഷവും മറന്നെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ മുഖപ്രസംഗത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു കത്തോലിക്കാ സഭാരംഗത്തെ വിവിധ സംഘടനാ നേതാക്കളുടെ പ്രതികരണങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: