അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ മാവോയിസ്റ്റ് ഭീകരതയെ രാജ്യത്തുനിന്ന് തുടച്ചുനീക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രഖ്യാപനം ഭാരതത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വികസന പുരോഗതയിലും വിശ്വസിക്കുന്ന എല്ലാവരും സ്വാഗതം ചെയ്യുമെന്ന് ഉറപ്പാണ്. ഭരണാധികാരികള്‍ പൊതുവെ നടത്താറുള്ള പൊള്ളയായ പ്രഖ്യാപനമല്ല അമിത് ഷായില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ നാട്ടില്‍ നിന്നുള്ള അമിത് ഷാ ഇച്ഛാശക്തിയുടെ പ്രതിരൂപമാണ്. രാജ്യതാത്പര്യം സംരക്ഷിക്കുന്നതില്‍ ആരോടും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കരുത്തുറ്റ ഭരണാധികാരിയാണ് താനെന്ന് കശ്മീര്‍ പ്രശ്നത്തില്‍ അടക്കം അമിത് ഷാ തെളിയിച്ചു കഴിഞ്ഞു. അമിത് ഷാ ആഭ്യന്തരമന്ത്രിയായ ശേഷം രാജ്യത്തെ മാവോയിസ്റ്റ് ഭീകരതയെ അതിശക്തമായി അടിച്ചമര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാവോയിസ്റ്റ് ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ജില്ലകളുടെ എണ്ണം ആറായി കുറഞ്ഞത് ഇതിന് തെളിവാണ്. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് മാവോയിസ്റ്റ് ഭീകരത 75 ജില്ലകളില്‍ സജീവമായിരുന്നു. ഇതാണ് ഇപ്പോള്‍ 38 ജില്ലകളിലേക്ക് ചുരുങ്ങിയിരിക്കുന്നത്.
അവഗണിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മോചനത്തിനു വേണ്ടി എന്ന അവകാശവാദവുമായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ഭീകര സംഘടനകള്‍ യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ ശിഥിലീകരണവും വികസനത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം വയ്ക്കുന്നത്. ചൈനയെപ്പോലുള്ള ശത്രുരാജ്യങ്ങളില്‍ നിന്ന് ഇതിന് പണവും ആയുധവും നിര്‍ലോഭം ലഭിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ വിമോചനമെന്നത് വെറുമൊരു പുകമറ മാത്രം. ഭാരതത്തിന്റെ അയല്‍രാജ്യമായ നേപ്പാളില്‍ ചൈനയുടെ പിന്തുണയില്‍ അധികാരം പിടിച്ചെടുത്തതില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഭാരതത്തിലും നിയമ സംവിധാനങ്ങളെ അട്ടിമറിച്ച് സ്വന്തം കൈനിലങ്ങളൊരുക്കാനാണ് മാവോയിസ്റ്റ് ഭീകര സംഘടനകള്‍ ശ്രമിക്കുന്നത്. നേപ്പാളിലെ പശുപതി മുതല്‍ ആന്ധ്രയിലെ തിരുപ്പതി വരെ ഭാരതത്തിലെ 38 ജില്ലകള്‍ ഉള്‍പ്പെടുന്ന ചുവപ്പന്‍ ഇടനാഴി സൃഷ്ടിക്കുകയെന്നതാണ് മാവോയിസ്റ്റുകളുടെ വിപുലമായ പദ്ധതി. അര്‍ബന്‍ നക്സലുകള്‍ എന്നറിയപ്പെടുന്നവരുടെ പലതരത്തിലുള്ള പിന്തുണയും ഇകൂട്ടര്ക്ക് ലഭിക്കുന്നു. ചൈനയുടെ താല്പര്യങ്ങള്ക്ക് നിന്നുകൊടുക്കുന്ന സിപിഎമ്മിനെപ്പോലുള്ള ഇടത് പാര്‍ട്ടികളും മാവോയിസ്റ്റ് ഭീകരതയെ തന്ത്രപരമായി പിന്തുണയ്ക്കുന്നു.
പത്തുവര്‍ഷത്തെ യുപിഎ ഭരണകാലത്ത് ഈ വസ്തുതകള്‍ വിസ്മരിച്ചത് രാജ്യത്ത് മാവോയിസ്റ്റ് ഭീകരത പടരാന്‍ ഇടയാക്കി. മാവോയിസ്റ്റ് ഭീകരവാദത്തെ നേരിടുമെന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹനന് സിങ് ആവര്‍ത്തിക്കാറുണ്ടായിരുന്നെങ്കിലും സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്ന സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി അര്‍ബന്‍ നക്സലുകളെകൊണ്ട് നിറഞ്ഞിരുന്നു. ചില കേന്ദ്രമന്ത്രിമാരുടെ പോലും പിന്തുണ മാവോയിസ്റ്റ് ഭീകരവാദികള്‍ക്ക് ലഭിച്ചിരുന്നു.
ഈ സാഹചര്യമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ മാറിയിരിക്കുന്നത്. ഛത്തീസ്ഗഡും ജാര്‍ഖണ്ഡും പോലുള്ള സംസ്ഥാനങ്ങളില്‍ ഭീകരരെ അതിശക്തമായി നേരിടുകയും, നിരവധി മാവോയിസ്റ്റുകളെ സുരക്ഷാഭടന്മാര് കൊലപ്പെടുത്തുകയും ചെയ്തു. ഗത്യന്തരമില്ലാതെ നിരവധി മാവോയിസ്റ്റ് ഭീകരര്‍ സര്‍ക്കാരിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങി. ഇതില്‍ മാവോയിസ്റ്റ് സംഘടനകളുടെ നേതാക്കളും ഉള്‍പ്പെടുന്നു. മാവോയിസ്റ്റ് ഭീകരരെ നിഷ്ക്കരുണം അടിച്ചമര്‍ത്തുന്നതിനു പുറമെ രാജ്യത്തെ അവികസിതമായ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരുന്നതില്‍ മോദി സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്ക്കുന്നുണ്ട്. ഭീകരരുടെ സ്വാധീനത്തില്‍പ്പെട്ടിരുന്ന ജനവിഭാഗങ്ങളെ അവരില്‍നിന്ന് വേര്‍പെടുത്താന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്. ഈ ശ്രമം കൂടുതല്‍ വിജയങ്ങളിലേക്ക് മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: