ഹൈറേഞ്ചുകളിലെ റോഡ് റൂട്ടുകളുടെ ആദ്യകാല റെക്കോര്‍ഡുകള്‍ കണ്ടെത്തിയിരിക്കുന്നത് ലെഫ്റ്റനന്റുമാരായ ബി.എസ്. വാര്‍ഡും പി.ഇ. കോണറും (1816 ജൂലൈ മുതല്‍ 1820 ഡിസംബര്‍ വരെ) തയ്യാറാക്കിയ ”മെമ്മോയര്‍ ഓഫ് ദി സര്‍വേ ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ സ്റ്റേറ്റ്‌സ്” എന്ന ഗ്രന്ഥത്തില്‍ നിന്നാണ്. തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാനങ്ങളിലെ റോഡുകള്‍, നദികള്‍, കൃഷി രീതികള്‍, വനങ്ങള്‍, ഗ്രാമങ്ങള്‍ തുടങ്ങിയവയുടെ സൂക്ഷ്മമായ വിവരണം ഉള്‍പ്പെടെ ഓരോ ജില്ലയുടെയും വിശദ വിവരണം അവര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍, മൂന്നാറിന് ചുറ്റുമുള്ള ഹൈറേഞ്ചുകളെ പടിഞ്ഞാറന്‍ ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ഏതെങ്കിലും ഒരു പാതയെക്കുറിച്ചോ വിശേഷിച്ച് ‘രാജപാത’യെക്കുറിച്ചോ എവിടെയും പരാമര്‍ശമില്ല. മൂന്നാറിലെ കാര്‍ഡമം ഹില്ലിന്റെ സൂപ്രണ്ടായിരുന്ന ജെ.ഡി.മണ്‍റോ. (പൂഞ്ഞാട്ട് രാജാവുമായുള്ള കണ്ണന്‍ ദേവന്‍ ഹില്‍സ് കണ്‍സഷന്‍ കരാര്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാള്‍) 1880 നവംബര്‍ 12 ന് പ്രസിദ്ധീകരിച്ച തന്റെ ”ഹൈ റേഞ്ച്‌സ് ഓഫ് ട്രാവന്‍കൂര്‍” എന്ന പുസ്തകത്തില്‍, ഹൈറേഞ്ചുകളിലേക്കുള്ള എല്ലാ പാതകളും പട്ടികപ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ഈയൊരു പാതയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. പിന്നീട് 1892 ല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ടി.എഫ്. ബോര്‍ഡില്ലന്‍, വിശദമായി തന്നെ ”തിരുവിതാംകൂറിലെ വനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട്”തയ്യാറാക്കി. എന്നാല്‍ അതിലും ഈ ‘രാജപാത’യെക്കുറിച്ച് പരാമര്‍ശമില്ല. ഈ റിപ്പോര്‍ട്ടുകളില്‍ ഒന്നിലും ഈ ‘രാജപാത’യെ കുറിച്ച് ഒരു പരാമര്‍ശംപോലും കാണാത്തതിന്റെ കാരണം അതൊരിക്കലും ഉണ്ടായിരുന്നില്ല എന്നതാണ്.
പഴയ ആലുവ-മൂന്നാര്‍ റോഡിന്റെ ചരിത്രം
ഹൈറേഞ്ചുകളിലെ റോഡുകള്‍ ആദ്യകാല ബ്രിട്ടീഷ് പ്ലാന്റേഷന്‍ പയനിയര്‍മാരുടെ ആവശ്യങ്ങളും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു 1878 ല്‍ മൂന്നാറിന് ചുറ്റുമായി ആരംഭിച്ച കണ്ണന്‍ ദേവന്‍ കുന്നുകളിലെ തോട്ടം പ്രവര്‍ത്തനങ്ങള്‍ മെല്ല വിപുലീകരിക്കുകയും ഉല്‍പ്പന്നങ്ങള്‍ വിദൂര വിപണികളിലേക്ക് കൊണ്ടുപോകുന്നതിനുള്ള റൂട്ടുകള്‍ രൂപീകൃതമാവുകയും ചെയ്തു. 1906 ല്‍ പൂര്‍ത്തിയാക്കിയ നോര്‍ത്തേണ്‍ ഔട്ട്-ലെറ്റ് റോഡ് എന്നറിയപ്പെടുന്ന മറയൂര്‍ വഴി ഉദുമല്‍പേട്ടിലേക്കുള്ള ആദ്യത്തെ കാര്‍ട്ട് റോഡ് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി (നാഗം അയ്യ 1906 വാല്യം 3 പേജ് 230) നിര്‍മ്മിച്ചു. തൂത്തുക്കുടി തുറമുഖത്തേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാന്‍ ഈ റോഡ് സൗകര്യമൊരുക്കി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊച്ചി ഒരു പ്രമുഖ വ്യാപാര തുറമുഖമായി വികസിച്ചു. അതുവഴി കുറഞ്ഞ ചെലവില്‍ തേയില കയറ്റുമതി ചെയ്യാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞു. കണ്ണന്‍ ദേവന്‍ കമ്പനി പടിഞ്ഞാറോട്ട് ഒരു പാത തുറക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ തുടങ്ങി. തുടര്‍ന്ന്, അവര്‍ മാങ്കുളം വഴിയും തട്ടേക്കാട് പെരിയാര്‍ നദി മുറിച്ചു കടക്കുന്ന ഒരു കുതിര വണ്ടിപ്പാത (അഞ്ചല്‍പ്പാത) തുറന്നു. 1906-ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റുമായുള്ള പ്രത്യേക കരാര്‍ പ്രകാരം കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് നിര്‍മ്മിച്ച ഹൈറേഞ്ച് ബ്രിഡ്ജ് പാത എന്നറിയപ്പെടുന്ന ഈ ബ്രിഡില്‍പ്പാതയെ കുറിച്ച്, നാഗം അയ്യയുടെ ”ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍”- 1906-ല്‍ ”ഇത് തോട്ടക്കാര്‍ക്കു മാത്രമായി ഉപയോഗിക്കാനുള്ളത്” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1914-ല്‍ അത് ഒരു കാളവണ്ടിപ്പാതയായി വിപുലീകരിച്ചു. വെസ്റ്റേണ്‍ ഔട്ട്‌ലെറ്റ് റോഡെന്ന് നാമകരണവും ചെയ്തു. 1909ലാണ് മൂന്നാറില്‍ ആദ്യമായി മോട്ടോര്‍ ബൈക്ക് എത്തിയത്. 1923-ല്‍ പോലും ഹൈറേഞ്ചില്‍ 3 കാറുകളും ഒരു ലോറിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ഓര്‍ക്കണം!.
1924-ലെ മഹാപ്രളയത്തില്‍ ഈ വെസ്റ്റേണ്‍ ഔട്ട്‌ലെറ്റ് റോഡിന്റെ വലിയ ഭാഗങ്ങള്‍ ഒലിച്ചുപോയി. മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡ് പുനര്‍നിര്‍മിക്കുന്നത് സാധ്യമല്ലെന്ന് ചീഫ് എന്‍ജിനീയര്‍ കെ.വി. നടേശ അയ്യര്‍ 1926 ജൂലൈ രണ്ടിന് ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. തുടര്‍ന്ന് ഈ ആശയം ഉപേക്ഷിച്ചു. ബദല്‍ മാര്‍ഗങ്ങള്‍ തേടി. ഈ കാളവണ്ടിപ്പാത തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുനര്‍തിര്‍മിക്കണമെന്ന് തോട്ടം ഉടമകള്‍ ആഗ്രഹിച്ചെങ്കിലും, റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് അമിത ചെലവ് വന്നേക്കുമെന്ന് കരുതി സര്‍ക്കാര്‍, 1926-ല്‍ മഴ കുറഞ്ഞ പ്രദേശങ്ങളായ നേര്യമംഗലം, അടിമാലി, പള്ളിവാസല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ഒരു ബദല്‍ റോഡിന്റെ സാധ്യതകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഹൈറേഞ്ചിലെ തേയില നടീല്‍ പ്രദേശങ്ങള്‍ മുതല്‍ പടിഞ്ഞാറ് താഴ്ന്ന പ്രദേശങ്ങള്‍ വരെ ബന്ധിപ്പിക്കുന്ന പുതിയ വെസ്റ്റേണ്‍ ഔട്ട് ലെറ്റ് റോഡിന് 1928-ല്‍ പണികള്‍ ആരംഭിക്കുകയും നേര്യമംഗലം മുതല്‍ പള്ളിവാസല്‍ വരെയുള്ള ഈ റോഡിന്റെ പ്രവൃത്തി 1931 മാര്‍ച്ചില്‍ തീര്‍ത്ത്, റീജന്റ് മഹാറാണി (റാണിക്കല്ല്) ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു. അതുവരെ സമതലങ്ങളും ഹൈറേഞ്ചും തമ്മില്‍ പ്രായോഗികമായി ശരിയായ റോഡ് ആശയവിനിമയം ഉണ്ടായിരുന്നില്ല. 1932 നവംബറില്‍ നേര്യമംഗലം പാലത്തിന്റെ പണി തുടങ്ങുകയും 1935 ഫെബ്രുവരിയില്‍ പൂര്‍ത്തിയാവുകയും ചെയ്തു. 1935 മാര്‍ച്ച് 2ന് മഹാരാജാവ് ഇത് ഗതാഗതത്തിനായി തുറന്നുകൊടുത്തു. (തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍, 1940-ടി.കെ. വേലുപിള്ള.)
ചില നിക്ഷിപ്ത തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വം കെട്ടിച്ചമച്ച കെട്ടുകഥയാണ് ‘റോയല്‍ റോഡ്’ കഥ. ഒരു റോഡിനെ രാജകീയ റോഡ് എന്ന് വിളിക്കാമെങ്കില്‍, അത് നേര്യമംഗലം, അടിമാലി, പള്ളിവാസല്‍ വഴിയുള്ള നിലവിലുള്ള ഹൈവേ ആയിരിക്കണം. കാരണം ഈ റോഡിന്റെയും പാലത്തിന്റെയും നിര്‍മാണത്തില്‍ രാജകുടുംബം അതീവ താല്‍പര്യം കാണിച്ചിരുന്നു.
പാരിസ്ഥിതിക വശങ്ങള്‍
1) കെഎഫ്ആര്‍ഐ പഠനം
2005 മെയ് മാസത്തില്‍, ഹില്‍ ഹൈവേ പദ്ധതിയുടെ ഭാഗമായി, പഴയ ആലുവ-മൂന്നാര്‍ റോഡിന്റെ പെരുമ്പന്‍കുത്ത് വരെ നിരീക്ഷണ സര്‍വേ നടത്താനും പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ നടത്താനും റോഡ് പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത നിര്‍ദ്ദേശിക്കാനും NATPAC ഡയറക്ടര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് അഭ്യര്‍ത്ഥിച്ചു. പഠനം സൂചിപ്പിക്കുന്നത്, ഈറപ്പടര്‍പ്പുകളാല്‍ സമ്മിശ്രമായ നിത്യഹരിത വനമാണ്, ഇടതൂര്‍ന്നതാണ് ഈ പ്രദേശം. മണ്ണ് അയഞ്ഞതും വളരെ ദുര്‍ബലമായി വഴുതിപ്പോകുന്നതുമാണ്. ഇപ്പോള്‍ ഈ വിന്യാസം മരങ്ങളുടെ ഇടതൂര്‍ന്ന സസ്യങ്ങളാലും ഞാങ്ങണ പൊട്ടിയാലും മുടപ്പെട്ടിരിക്കുന്നു. വിന്യാസത്തില്‍ മനുഷ്യവാസങ്ങളൊന്നുമില്ല.”
ഇഎല്‍എ പഠനത്തിന്റെ നിഗമനങ്ങള്‍: ”പൂയംകുട്ടി-പെരുമ്പന്‍കുത്ത് ലിങ്ക് റോഡ് പഴയ ആലുവ-മൂന്നാര്‍ റോഡിലൂടെ കടന്നുപോകുന്നതോടൊപ്പം, ഇടതൂര്‍ന്നു വളരുന്ന ഈറ, അര്‍ദ്ധ- നിത്യഹരിത, നിത്യഹരിത വനങ്ങളിലൂടെ കടന്നുപോകുന്നു. 81 വര്‍ഷം മുമ്പ് പഴയ റോഡ് ഉപേക്ഷിക്കപ്പെട്ട ശേഷം വഴിയാകെ കാടു വളര്‍ന്ന് മൂടി, പഴയ പാതയുടെ അവശിഷ്ടങ്ങള്‍ എല്ലാം മൂടപ്പെട്ടു. ഒഴുകിപ്പോയ പാലത്തിന്റെ കുറച്ച് അടയാളങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഈ പാതയിലൂടെയുള്ള ഹൈവേ ലിങ്ക് ഉപയോഗിക്കാന്‍ കഴിയുന്ന മറ്റ് ഉന്നതികള്‍ (സെറ്റില്‍മെന്റുകള്‍) ഒന്നും തന്നെ ഈ ഭാഗത്തില്ല. ഈ ലിങ്ക് റോഡു വികസിപ്പിച്ചെടുക്കുന്ന പക്ഷം പൂയംകുട്ടി താഴ്‌വരയിലെ ഏകദേശം 400 ചതുരശ്ര കി.മി ദൂരം തുടര്‍ച്ചയുള്ള കാട് ശിഥിലീകരിക്കപ്പെടും.
പരിസ്ഥിതി ആഘാത പഠനം ഈ വനമേഖലയുടെ പ്രാധാന്യവും ഹൈവേ വികസനം മൂലം കാടിന്റെ തുടര്‍ച്ചയ്‌ക്കു സംഭവിക്കുന്ന പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങളും കണക്കിലെടുത്ത് ഈ റോഡിന് ശുപാര്‍ശ നല്‍കിയിട്ടില്ല.
തുടരും
(പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: