കോഴിക്കോട്: ജനപ്രതിനിധികളുടെയും രാഷ്‌ട്രീയനേതാക്കളുടെ തിക്കും തിരക്കുമുണ്ടായില്ല. റീത്ത് സമര്‍പ്പിക്കാനും അഭിവാദ്യമര്‍പ്പിക്കാനും ആരും എത്തിയില്ല. കല്‍പ്പറ്റ പോലീസ് കസ്റ്റഡിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഗോകുലിന്റെ ഭൗതിക ദേഹം ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ആകെ ഉണ്ടായിരുന്നത് മൂന്ന് ബന്ധുക്കളും മാധ്യമ പ്രവര്‍ത്തകരും മാത്രം.
മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ട് വന്ന മൃതദേഹത്തിന്റെ മുഖം മറയ്‌ക്കാന്‍ തുണി പോലും ആരും കരുതിയിരുന്നില്ല. മോര്‍ച്ചറിയില്‍ നിന്ന് ഡോക്ടര്‍ നല്‍കിയ വെള്ള തുണികൊണ്ടാണ് ഗോകുലന്റെ മുഖം മൂടിയത്. മെഡിക്കല്‍ കോളജിലുള്ള ട്രൈബല്‍ പ്രമോട്ടര്‍മാര്‍പോലും സ്ഥലത്തെത്തിയില്ല. അവര്‍ക്ക് വിവരം ലഭിച്ചില്ലെന്നാണ് വിശദീകരണം.
മരിച്ചത് വനവാസിയായതുകൊണ്ട് ആര്‍ക്കും പ്രതിഷേധവും ഞെട്ടലുമുണ്ടായില്ല. കൂടെയുണ്ടായിരുന്ന ബന്ധുക്കളുടെ മുഖത്ത് ദുഃഖത്തേക്കാള്‍ കനത്ത ഭയമാണുണ്ടായിരുന്നത്. ആരെയോ പേടിക്കുന്നത് പോലെയായിരുന്നു അവര്‍.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചുരുങ്ങിയ വാക്കുകളില്‍ മറുപടി. 18 തികഞ്ഞെന്ന് പോലീസ് അവകാശപ്പെട്ട ഗോകുലന് പ്രായപൂര്‍ത്തിയാകാന്‍ രണ്ട് മാസങ്ങള്‍ കൂടിയുണ്ടെന്ന് ബന്ധു രവി പറഞ്ഞു. പോലീസിന്റെ നടപടിയില്‍ സംശയമുണ്ട്. രാവിലെ 6.45 നാണ് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി എത്താന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ലഭിച്ച വിവരം ഗോകുല്‍ മരിച്ചെന്നാണ്. എപ്പോഴാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞില്ല. 11.15 ഓടെ കല്‍പ്പറ്റയിലെത്തിയപ്പോള്‍ ഗോകുല്‍ മരിച്ച സ്ഥലം പോലും പോലീസ് കാണിച്ചു തന്നില്ല. ലിയോ ഹോസ്പിറ്റല്‍ വെച്ചാണ് മൃതദേഹം കണ്ടത്. അദ്ദേഹം പറഞ്ഞു.
പതിനെട്ട് വയസ് തികയാത്ത ഗോകുലിനെ രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയത് നിയമവിരുദ്ധമാണ്. പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലും ഭീഷണിയും ഭയന്നാണ് ഗോകുല്‍ ആത്മഹത്യയിലേക്ക് പോയതെന്നാണ് ആരോപണം ഉയരുന്നത്.
പുറംലോകം കാണിക്കില്ലെന്നും പോക്‌സോ കേസില്‍ അകത്തിടുമെന്നുമുള്ള ഭീഷണി ഉയര്‍ന്നപ്പോഴാണ് ഗോകുല്‍ മരണത്തിലേക്ക് പോയത്. ശുചിമുറിയിലേക്ക് പോയ ഗോകുലിനെ പോലീസ് അന്വേഷിച്ചില്ലെന്ന ന്യായീകരണം നിലനില്‍ക്കാത്തതാണ്. 7.45 ന് ശൗചാലയത്തില്‍ പോയ ഗോകുല്‍ എട്ട് മണിയായിട്ടും തിരിച്ചുവരാത്തതെന്തെന്ന് അന്വേഷിക്കാന്‍ പോലീസ് ജാഗ്രത കാണിച്ചില്ല. അതേസമയം ഫുള്‍കൈ ഷര്‍ട്ട് ഉപയോഗിച്ചാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ചതെന്ന പോലീസിന്റെ വിശദീകരണവും സംശയാസ്പദമാണ്. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന ബിജെപിയടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആവശ്യവും പോലീസ് അവഗണിച്ചു. എന്തെക്കെയോ മൂടി വെയ്‌ക്കാനുള്ള ശ്രമമാണ് പോലീസ് നടപടികള്‍ മുഴുവന്‍ നിഴലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: