കൊച്ചി: വാളയാര്‍ സഹോദരിമാരുടെ തൂങ്ങി മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടെന്നും കോടതി നിര്‍ദേശിച്ചു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അവധിക്കാലത്തിനുശേഷം ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
തങ്ങളെ പ്രതിചേര്‍ത്ത സിബിഐയുടെ നടപടി റദ്ദാക്കണമെന്നും തുടരന്വേഷണം വേണമെന്നുമാണ് മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കൊച്ചി സിബിഐ കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാകാമെന്നാണ് സിബിഐ ചൂണ്ടിക്കാട്ടിയത്.ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. എന്നാല്‍ കൊലപാതകമാകാനുള്ള സാധ്യത സിബിഐ പരിശോധിച്ചില്ലെന്നാണ് മാതാപിതാക്കളുടെ ഹര്‍ജിയിലെ പ്രധാന വാദം.
2017 ല്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെയും മൂന്നുമാസത്തിനുശേഷം ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: