വയനാട്: ആദിവാസി യുവാവ് കല്‍പ്പറ്റ പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത യുവാവിനെ ഇന്നലെ രാവിലെ 8 മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതുപ്പാടി ഉന്നതിയിലെ ചന്ദ്രന്‍-ഓമന ദമ്പതികളുടെ മകന്‍ ഗോകുലാണ് മരിച്ചത്. സംഭവത്തില്‍ വയനാട് എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.
കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിെേയയും ഗോകുലിനെയും ഞായറാഴ്ച കോഴിക്കോട് നിന്ന് കണ്ടെത്തി രാത്രി 11ഓടെ കല്‍പ്പറ്റ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. ഗോകുലിനെ രാത്രിയില്‍ അവിടെ പാര്‍പ്പിച്ചു..17കാരിയെ അഭയകേന്ദ്രമായ ‘സഖി’യിലാണ് പാര്‍പ്പിച്ചത്. രാവിലെ ബന്ധുക്കളെ വരുത്തി ഗോകുലിനെ അവര്‍ക്കൊപ്പം വിടാനായിരുന്നു പൊലീസ് നീക്കം. ഇതിനിടയിലാണ് ഇന്നലെ രാവിലെ തനിക്ക് ശുചിമുറിയില്‍ പോകണമെന്ന് ഗോകുല്‍ പറയുന്നത്. 15 മിനിറ്റ് കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു. ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പെണ്‍കുട്ടിയെ കാണാതായതിനുശേഷം പൊലീസ് പലതവണ ഗോകുലിന്റെ വീട്ടിലെത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.ഗോകുലിനെ കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്നും പൊലീസ് ഭീഷണി മുഴക്കി. ഗോകുലിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തതായും ആരോപണമുണ്ട്. ഗോകുലിന്റെ അമ്മയെ ഉള്‍പ്പെടെ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തുവെന്നും ബന്ധുക്കള്‍ പറഞ്ഞു18 വയസ് തികയാത്ത ഗോകുലിനെ സ്‌റ്റേഷനില്‍ രാത്രി മുഴുവനും രാവിലെയും ഇരുത്തിയെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: