മുംബൈ : പുനെയിൽ വഖഫ് സ്വത്തുക്കളുടെ അനധികൃത വിൽപ്പനയും നികുതി വെട്ടിപ്പും ഉൾപ്പെടുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി ആരോപണങ്ങൾ ഉയർന്നുവന്നു. 2016 ലെ സർക്കാർ ഉത്തരവ് പ്രകാരം ഇനാം സ്വത്തുക്കളായി തരംതിരിച്ച ഭൂമികൾ വഖഫ് ആസ്തികളായി രജിസ്റ്റർ ചെയ്ത് അനധികൃത വിൽപ്പന തടയണമെന്ന് പറഞ്ഞിരുന്നു. എന്നാൽ ജില്ലാ ഉദ്യോഗസ്ഥരും വഖഫ് ബോർഡ് അധികാരികളും അതിലെ അംഗങ്ങളും ഈ ഉത്തരവ് അവഗണിക്കുകയും വലിയ തോതിലുള്ള ദുരുപയോഗം തുടരുകയും ചെയ്തു.
വഖഫ് ബോർഡ് ഉദ്യോഗസ്ഥരും അതിലെ അംഗങ്ങളും ഒരു ക്രിമിനൽ സംഘവും തമ്മിലുള്ള ഒത്തുകളിയിലൂടെയാണ് ഈ അഴിമതി നടന്നതെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ ഇഡി, സിബിഐ, ആദായനികുതി വകുപ്പ് എന്നിവ ഇത് ഉടൻ അന്വേഷിക്കണമെന്ന് സാമൂഹിക പ്രവർത്തകനും മഹാരാഷ്‌ട്ര വഖഫ് ലിബറേഷൻ ആൻഡ് പ്രൊട്ടക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ പ്രസിഡന്റുമായ സലിം മുല്ല ആവശ്യപ്പെട്ടു.
പ്രധാന ഗൂഢാലോചനക്കാരനായ അമിൻ നൂർ മുഹമ്മദ് ഷെയ്ഖിനെയും വഖഫ് ബോർഡ് അംഗങ്ങളെയും, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെയും, ക്രിമിനൽ ശൃംഖലയുടെ നേതാക്കളെയും വേഗത്തിൽ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പുറമെ തട്ടിയെടുത്ത ഫണ്ട് തിരിച്ചുപിടിച്ച് മുസ്ലീം സമൂഹത്തിനായി സ്‌കൂളുകൾ, ആശുപത്രികൾ, സർവകലാശാലകൾ എന്നിവ സ്ഥാപിക്കുന്നതിനായി തിരിച്ചുപിടിക്കണമെന്ന് മുല്ല ആവശ്യപ്പെട്ടു. മാർച്ച് 29 ന് നടന്ന ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
ദരിദ്രരെ സഹായിക്കുന്നതിനായി സൃഷ്ടിച്ച വ്യാജ ട്രസ്റ്റുകൾ നിയമവിരുദ്ധ ഇടപാടുകൾ മറച്ചുവെക്കാൻ ഉപയോഗിച്ചു. ഉയർന്ന മൂല്യമുള്ള വഖഫ് ഭൂമികൾ വ്യാജ കരാറുകൾ വഴി റിയൽ എസ്റ്റേറ്റ് ബിസിനസുകൾക്ക് വഞ്ചനാപരമായി വിറ്റു. ട്രസ്റ്റ് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ നടത്തി, അനധികൃത ഫണ്ടുകൾ സർക്കാർ ഏജൻസികളെ കബളിപ്പിക്കാൻ നിയമാനുസൃത സ്വത്തുക്കളിൽ നിക്ഷേപിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.
കൂടാതെ ചില വഖഫ് ബോർഡ് ഉദ്യോഗസ്ഥർ ദരിദ്രർക്കുള്ള ഭൂമി തട്ടിയെടുക്കാൻ സഹായിച്ചുകൊണ്ട് അഴിമതിയിൽ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. പൂനെയിലെ ഒരു വഖഫ് ബോർഡ് അംഗം സ്വന്തം ബന്ധുക്കളെ ബോർഡിൽ നിയമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ മതപരവും സാമൂഹികവുമായ ക്ഷേമ ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന നിരവധി പ്രധാന സ്വത്തുക്കൾ അഴിമതിയുടെ ഭാഗമായി നിയമവിരുദ്ധമായി വിറ്റു. ഇതിൽ ബാനർ മസ്ജിദ്, ഉഡാൻ ഷാ വാലി ദർഗ, ആദം ഷാ വാലി ദർഗ, ഛോട്ടാ ഷെയ്ഖ് സല്ല ദർഗ, ബഡാ ഷെയ്ഖ് സല്ല ദർഗ, ഹസ്രത്ത് അബ്ബാസ് കാ ആലം (പഞ്ച) എന്നിവ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: