കോഴിക്കോട്: വഖഫ് ഭൂമി ആരുടേയും കയ്യേറ്റ സ്വത്തല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വഖഫ് സ്വത്തുക്കളുടെ പേരിലുള്ള നുണപ്രചാരണങ്ങളില്‍ മതേതര പാര്‍ട്ടികള്‍ വീണുപോവരുതെന്നും തങ്ങള്‍ പറഞ്ഞു. ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വം ചുമതല നിര്‍വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടുത്ത വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് പലരും ശ്രമിക്കുന്നത്. അതിലൂടെ തകര്‍ന്ന് പോവുന്നത് നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും നാടിന്റെ സൗഹൃദാന്തരീക്ഷവുമാണ്. അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു
”സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നതാണ് വഖ്ഫ് ഭൂമി. അത് വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ലെന്നതാണ് ഇസ്ലാമിക നിയമം. അത് ആരുടേയും കയ്യേറ്റ സ്വത്തല്ല. അത് സംരക്ഷിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയതുമാണ്.” ഇതിനെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വഖ്ഫ് സ്വത്തുക്കള്‍ കയ്യേറാന്‍ അവസരമൊരുക്കുന്ന നിയമനിര്‍മ്മാണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും അതിന്റെ പേരിലുള്ള നുണപ്രചാരണങ്ങളില്‍ മതേതര പാര്‍ട്ടികള്‍ വീണുപോവരുതെന്നും തങ്ങള്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാടുകള്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: