India

ഗുജറാത്തിലെ പടക്കശാലയില്‍ പൊട്ടിത്തെറി: 18 മരണം

Published by

അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 18 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്കു പരിക്ക്. ബനസ്‌കന്ത ജില്ലയിലെ ദീസ പട്ടണത്തില്‍ ദീപക് ഫയര്‍ ക്രാക്കേഴ്‌സ് ഫാക്ടറിയിലാണ് ഇന്നലെ രാവിലെ സ്‌ഫോടനമുണ്ടായത്. നിരവധി തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നപ്പോഴാണു സംഭവം. ഫാക്ടറിയുടെ വിവിധ ഭാഗങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. തകര്‍ന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കും കല്ലുകള്‍ക്കുമിടെ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നു സംശയിക്കുന്നു. അപകടത്തില്‍ പരിക്കേറ്റ് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു കളക്ടര്‍ മിഹിര്‍ പട്ടേല്‍ അറിയിച്ചു.

സ്‌ഫോടന ശേഷം ആറു മണിക്കൂറിലേറെയായിട്ടും തീപ്പടര്‍ന്നുപിടിക്കുകയായിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയത്. അതേ സമയം സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തിനു ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

”ദീസയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലെ തീപ്പിടിത്തത്തില്‍ തൊഴിലാളികള്‍ മരിച്ചതു ഹൃദയഭേദകമാണ്. അപകടത്തിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍, ചികിത്സാ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചു താന്‍ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം ശരിയായ ചികിത്സ ലഭിക്കുന്നെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മരിച്ച തൊഴിലാളികളുടെ ആത്മാക്കള്‍ക്ക് ദൈവം ശാന്തി നല്കട്ടെയെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ഥിക്കുന്നെന്നു മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by