ന്യൂദല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലിന് എന്‍ഡിഎ ഘടകകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ ലോക്സഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നത്. എട്ടുമണിക്കൂര്‍ ചര്‍ച്ചയും നാളെ നടക്കും. ഇതിനിടെയാണ് പ്രധാന സഖ്യകക്ഷിയായ ടിഡിപി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചത്.
മുഴുവന്‍ മുസ്ലിം സമൂഹവും വഖഫ് ഭേദഗതി ബില്ലിനായി കാത്തിരിക്കുകയാണെന്നും ടിഡിപി ബില്ലിനെ പിന്തുണയ്ക്കുന്നതായും ടിഡിപി വക്താവ് പ്രേം കുമാര്‍ ജയിന് അറിയിച്ചു. മുസ്ലിംസമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ചന്ദ്രബാബു നായിഡു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നാളെ ബില്‍ സഭയില്‍ വരുമ്പോള്‍ പാര്‍ട്ടി അക്കാര്യത്തില്‍ പിന്തുണച്ച് നിലപാടെടുക്കും. മുസ്ലിംകള്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നയാളാണ് നായിഡുവെന്നും ടിഡിപി വക്താവ് പറഞ്ഞു.
ലോക്സഭയില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ടിഡിപിയും ജെഡിയുവും ബില്ലിനെ എതിര്‍ക്കുമെന്നും സര്‍ക്കാര്‍ പരാജയപ്പെടുമെന്നുമുള്ള പ്രതിപക്ഷ പ്രചാരണം തള്ളിക്കൊണ്ടാണ് ടിഡിപി ബില്ലിനെ പിന്തുണച്ചത്. ജെഡിയുവും അനുകൂല നിലപാട് നാളെ സഭയില്‍ പ്രഖ്യാപിക്കും. ബില്ലിന് പൂര്‍വ്വകാല പ്രാബല്യം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ജെഡിയുവിന് ഭിന്നാഭിപ്രായമുള്ളതെന്ന് ജെഡിയു എംപി സഞ്ജയ് ഝാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: