തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനും വില വർദ്ധിക്കും. നിരക്കുവര്‍ധനയിലൂടെ 357.28 കോടി രൂപയുടെ അധികവരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. വെള്ളക്കരത്തില്‍ അഞ്ച് ശതമാനം വര്‍ധനയുണ്ടായേക്കും. ഡിസംബറില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധനയുടെ ഭാഗമായാണ് വൈദ്യുതിനിരക്ക് കൂടുന്നത്.
പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച് മുതല്‍ 15 പൈസ വരെയാണ് ഈ മാസം മുതല്‍ അധികമായി നല്‍കേണ്ടിവരിക. ഫിക്‌സഡ് ചാര്‍ജില്‍ അഞ്ച് മുതല്‍ 15 രൂപ വരെയുള്ള വര്‍ധനയും ഈ മാസം മുതലുണ്ടാകും. ഇതിനു പുറമേ ഏഴ് പൈസ സര്‍ചാര്‍ജും ഉപയോക്താക്കള്‍ നല്‍കേണ്ടതുണ്ട്.
പ്രതിമാസം 250 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂണിറ്റ് മുതല്‍ ഒരേ നിരക്കാണ് നല്‍കേണ്ടിവരിക. ഈ വിഭാഗത്തിലുള്ള ഉപയോക്താക്കള്‍ക്ക് വിവിധ സ്ലാബുകളിലായി 25 പൈസവരെയാണ് വര്‍ധന. ഇതിനു പുറമെ ടോള്‍, ഭൂനികുതി, കോടതി ഫീസ് തുടങ്ങിയവയും വര്‍ധിക്കും. ഭൂമിയുടെ പാട്ടനിരക്കും പരിഷ്‌കരിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരണവും ഈ മാസമുണ്ടാകും. കോണ്‍ട്രാക്ട് കാര്യേജ് നികുതിഘടന ഏകീകരിക്കുന്നതിനാല്‍ ടൂറിസ്റ്റ് ബസുകളുടെ നിരക്കിലും വര്‍ധനയുണ്ടാകും. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിക്കും. ടോള്‍ നിരക്കും വര്‍ധിക്കും.
കാറുകള്‍ക്ക് അഞ്ചു രൂപയും വലിയ വാഹനങ്ങള്‍ക്ക് 15 രൂപയും എന്ന നിരക്കിലാണ് ദേശീപാതാ അതോറിറ്റി ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: