വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് സിപിഎം. 1964 ല്‍ 101 പേരടങ്ങുന്ന സിപിഐയുടെ ദേശീയ സമിതിയില്‍ നിന്ന് 32 പേര് ഇറങ്ങിപ്പോയാണ് സിപിഎം രൂപീകരിച്ചത്. സിപിഎം രൂപീകരിക്കാന്‍ കാരണമായി പറഞ്ഞത് സിപിഐ- കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നു എന്നും കോണ്‍ഗ്രസിന്റെ ബൂര്‍ഷ്വ -ഭൂപ്രഭു ഭരണത്തെ പിന്തുണയ്ക്കുന്നു എന്നുമാണ്. കൂടുതല്‍ തീവ്ര നിലപാടുകളോടു കൂടിയ പരിപാടിയും ഭരണഘടനയും സിപിഎം അംഗീകരിച്ചു. തൊഴിലാളികളുടെ സര്‍വ്വാധിപത്യം സ്ഥാപിക്കുക എന്നതാണ് പരിപാടി. സംഘടനാപരമായി ജനാധിപത്യ കേന്ദ്രീകരണം അംഗീകരിക്കപ്പെട്ടു.
സിപിഎമ്മിന് 1967ല്‍ നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഐയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു. 1952 മുതല്‍ 1977 വരെ ശരാശരി 30 സീറ്റുകളോടു കൂടി ഇടതുപക്ഷ കക്ഷികളുടെ നേതാവ് എന്ന നിലയില്‍ എ.കെ. ഗോപാലന് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായി. 1967ല്‍ തന്നെ സിപിഎമ്മില്‍ നിന്ന് പ്രബല ഗ്രൂപ്പ് പുറത്തുപോയി നക്സല്‍ ബാരി എന്ന പേരില്‍ സിപിഐ (എം.എല്‍) രൂപീകരിച്ചു. 1975- 1977ല്‍ ഭരണഘടന മാറ്റിമറിച്ച് തെരഞ്ഞെടുപ്പ് നടത്താതെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് ഇന്ദിരയെ സിപിഐ പിന്തുണച്ചു.
1967- 1969 ല്‍ സിപിഐയും സിപിഎമ്മും കൂടി ചേര്‍ന്ന് മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് കേരളത്തില്‍ സപ്തകക്ഷി മുന്നണി രൂപീകരിച്ച് ഇ.എം.എസ് രണ്ടാമതും മുഖ്യമന്ത്രിയായി. 1969 ല്‍ സിപിഐ, മുസ്ലീം ലീഗ് എന്നീ കക്ഷികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് യുഡിഎഫ് രൂപീകരിച്ച് അച്യുതമേനോന് മുഖ്യമന്ത്രിയായി, 1977 വരെ ഭരണം തുടര്‍ന്നു. 1975-1977 കാലത്ത് അടിയന്തരാവസ്ഥക്കെതിരെ സിപിഎം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ജനസംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1977 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ദിരയും മകന് സഞ്ജയ് ഗാന്ധിയും തോറ്റു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനത സര്‍ക്കാര്‍ അധികാരത്തിലെത്തി. ഈ കാലഘട്ടത്തില്‍ ജനസംഘം പ്രതിനിധികള്‍ ഉള്‍പ്പെട്ട ജനതാ സര്‍ക്കാരിന് സിപിഎം പിന്തുണ നല്കി.
1989 ല്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ശ്രമിച്ചപ്പോള്‍ ഇഎംഎസ് മുന്‍കൈ എടുത്തു നിരാകരിച്ചു. ഇത് സംബന്ധിച്ച് പിന്നീട് ജ്യോതി ബസു പറഞ്ഞത് ചരിത്രത്തിലെ വലിയ മണ്ടത്തരം എന്നാണ്. 1989 -1991 കാലത്ത് ബിജെപിക്കൊപ്പം സിപിഎം വി.പി. സിങ് സര്‍ക്കാരിന് പിന്തുണ നല്കി. കേന്ദ്ര സര്‍ക്കാര്‍ മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കി. 1996-1998 ല്‍ സിപിഎം ബിജെപി യോടൊപ്പം ചേര്‍ന്ന് ദേവഗൗഡയെ പ്രധാനമന്ത്രിയാക്കി.
1964-1998 വരെ രാജ്യത്ത് പൊതു സിവില്‍ നിയമം നടപ്പാക്കണം എന്ന് സിപിഎം ആവശ്യപ്പെട്ടു. 1998 ല്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയെ തഴഞ്ഞ് രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കി. 1998 ല്‍ ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയ്യുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി അധികാരത്തില്‍ വന്നു. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, സീതാറാം യെച്ചൂരി എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം സോണിയയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കങ്ങളാരംഭിച്ചു. 2004 ല്‍ 64 ലോക്സഭാ സീറ്റുകള്‍ നേടിയ ഇടതുപക്ഷം ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ സോണിയയെ പ്രധാനമന്ത്രിയാക്കാന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന് കത്ത് നല്കി. എന്നാല്‍ അദ്ദേഹം ആ തീരുമാനത്തോട് വിസമ്മതിച്ചു. ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായി. യാതൊരു തത്വദീക്ഷയും ഇല്ലാതെ സിപിഎം കോണ്‍ഗ്രസിനെ 2009 വരെ പിന്തുണച്ചു. ഇതോടെ സിപിഎമ്മിന്റെ അടിത്തറയിളകി. 2009 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സീറ്റുകള്‍ ഗണ്യമായി കുറഞ്ഞു. ഇവരുടെ പിന്തുണയില്ലാതെ തന്നെ മന്മോഹന് സിങ് അധികാരത്തിലെത്തി. അഴിമതിയും കുടുംബവാഴ്ചയും സ്വജന പക്ഷപാതവും കൊടുകുത്തിവാണു.
ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി വമ്പിച്ച പ്രചരണം നടത്തി. 2014 ല്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. 2019 ല്‍ മോദി സര്‍ക്കാര്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ ഭരണം നിരനിര്ത്തി. 2020 മുതല്‍ 9 വര്‍ഷക്കാലത്തേക്ക് 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 4 കോടിയിലേറെ കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കി. രണ്ടരക്കോടി കുടുംബങ്ങള്‍ക്ക് അടുത്ത നാല് വര്‍ഷത്തിനകം വീട് നിര്‍മിച്ചു നല്‍കും. 10 കോടി കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6000 രൂപ വീതം നല്കി. എല്ലാവര്ക്കും ശുദ്ധജലം എത്തിക്കാന്‍ ജല്‍ ജീവന് മിഷനാരംഭിച്ചു. ഗ്രാമീണമേഖലാ വികസനത്തിനായി വര്‍ഷം തോറും 86000 കോടി രൂപ മുടക്കി തൊഴിലുറപ്പ് പദ്ധതി സുതാര്യമാക്കി. ഇത്തരത്തില്‍ നിരവധി ജനക്ഷേമ പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. രണ്ടു വര്‍ഷത്തിനകം ഭാരതം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.
ഇത്രയും ആയപ്പോള്‍ സിപിഎമ്മിന് കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. 1998 മുതല്‍ ബിജെപിയെ വര്‍ഗീയ ഫാസിസ്റ്റ് എന്ന് വിളിച്ച സിപിഎം ജനരോഷം ഭയന്ന്, മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു വേണ്ടി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ബിജെപി ഫാസിസ്റ്റ് അല്ല എന്ന് പറഞ്ഞു. ഇപ്പോള്‍ ഇടതുപക്ഷത്തിന് പാര്‍ലമെന്റില്‍ ആര്എസ്പിയ്ക്ക് അടക്കം 9 സീറ്റുകളാണുള്ളത്. ഇതില്‍ കേരളത്തിലെ ആലത്തൂര്‍ ഒഴികെ 8 സീറ്റുകളും കോണ്‍ഗ്രസ്-ഡിഎംകെ പിന്തുണയോടെ ലഭിച്ചതാണ്. 2011 ല്‍ ഭരണം നഷ്ടപ്പെട്ട പശ്ചിമബംഗാളിലിപ്പോള് സിപിഎമ്മിന് നിയമസഭയില്‍ സീറ്റില്ല. ത്രിപുരയില്‍ രണ്ടാമതും ബിജെപി അധികാരത്തില്‍ വന്നു. കേരളത്തില്‍ 2026 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെടും. കഴിഞ്ഞ 9 വര്‍ഷമായി സിപിഎം ഭരിക്കുന്ന കേരളത്തിലുണ്ടായ സാംസ്കാരിക തകര്‍ച്ച മൂലം, സാമൂഹിക സംഘര്‍ഷവും അരാജകത്വവും വര്‍ദ്ധിച്ചു. ഇവിടെ ആരും സുരക്ഷിതരല്ല. മയക്കുമരുന്ന്- മദ്യലഹരിയില്‍ സ്കൂളുകളിലും കോളേജുകളിലും വരെ കൊലപാതകങ്ങള്‍ നടക്കുന്നു. മയക്കുമരുന്ന്, ഹവാല – തീവ്രവാദ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ അധോലോക മാഫിയയുടെ സമ്പത്തും സ്വാധീനവും വലുതാണെന്ന് വിരമിച്ച ഡിജിപിമാര്‍ പറയുന്നു.
വൈരുദ്ധ്യാത്മിക ഭൗതികവാദം എന്ന് പറയുന്നുണ്ടെങ്കിലും ആത്മീയതയെ നിഷേധിക്കുന്ന സമീപനമാണ് നാളിതുവരെ സിപിഎം സ്വീകരിച്ചത്. ആത്മീയത ധാര്‍മികബോധത്തിന്റെയും അല്ലെങ്കില്‍ ഭക്തിയുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണ്. തെറ്റ് ചെയ്യുന്നവരെ അതില്‍നിന്ന് തടയുന്നത് ധര്‍മ്മബോധം അല്ലെങ്കില്‍ ഭക്തി മൂലം ഉണ്ടാകുന്ന ദൈവഭയമാണ്. ധര്‍മ്മബോധം പഠിപ്പിക്കാന്‍ കേരളം ഭരിച്ച യുഡിഎഫും എല്‍ഡിഎഫും ശ്രമിച്ചില്ല. സനാതന ധര്‍മ്മം അശ്ലീലമാണെന്നാണ് സിപിഎം നേതാവ് എം. വി. ഗോവിന്ദന് പറയുന്നത്.
24-ാംപാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത് ബിജെപി-കോര്‍പ്പറേറ്റ് കൂട്ടുകെട്ട് ഭാവിയില്‍ ഫാസിസ്റ്റ് ആവാതിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്നാണ്. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്ന മുന്‍വിധി അല്ല. പാര്‍ട്ടി പരിപാടിയും ഭരണഘടനയും തെറ്റാണെങ്കില്‍ ശരിയായ ജനകീയ ജനാധിപത്യത്തിലേക്ക് വരാനുള്ള ആര്‍ജ്ജവമാണ് സിപിഎം കാണിക്കേണ്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: