സമാദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആസ്ഥാനമായ നാഗ്പൂര്‍ സന്ദര്‍ശിച്ചത് പല നിലകളിലും പ്രാധാന്യമര്‍ഹിക്കുന്നു. സംഘസ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റേയും, രണ്ടാം സര്‍സംഘചാലക് മാധവ സദാശിവ ഗോള്‍വല്‍ക്കറുടെയും സ്മൃതി മന്ദിരങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി, രണ്ട് മഹാപുരുഷന്മാര്ക്കും പ്രണാമങ്ങള്‍ അര്‍പ്പിക്കുകയുണ്ടായി. ഭാരതീയ സംസ്കാരത്തിനും ദേശീയതയ്ക്കും രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കുമായി സമര്‍പ്പിക്കപ്പെട്ട നാഗ്പൂര്‍ എന്ന ഈ പുണ്യഭൂമി രാഷ്ട്ര സേവനത്തിന്റെ വഴികളില്‍ ഇനിയുമിനിയും മുന്നേറുവാന്‍ പ്രചോദനം നല്‍കുന്നുവെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ദേശസ്നേഹികളുടെ മനസ്സുകളെ അഭിമാന നിര്ഭരമാക്കുന്നു. പൂജനീയ ഡോക്ടര്‍ജിയുടെയും പൂജനീയ ഗുരുജിയുടെയും ഓര്‍മ്മകള്‍ രാഷ്ട്ര സേവനത്തിനായി സ്വയം സമര്‍പ്പിച്ച ലക്ഷക്കണക്കിന് സ്വയംസേവകരുടെ ഊര്‍ജ്ജസ്രോതസ്സ് ആണെന്ന് കൂടി പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഡോക്ടര്‍ജി സ്മൃതി മന്ദിരത്തിലെ സന്ദര്‍ശകപുസ്തകത്തില്‍ പ്രധാനമന്ത്രി കുറിച്ച ഈ വാക്കുകള്‍ രാഷ്ട്രീയ സ്വയംസേവക സംഘം എന്ന ലോകോത്തര സംഘടനയെ സ്നേഹിക്കുന്നവര്‍ ഒരിക്കലും മറക്കില്ല.
സ്മൃതി മന്ദിരത്തില്‍ ചെലവഴിച്ച നിമിഷങ്ങള്‍ അനുഭൂതി ദായകമായിരുന്നുവെന്ന് സമൂഹമാധ്യമമായ എക്സില്‍ കുറിച്ച പ്രധാനമന്ത്രി, ആര്‍എസ്എസ് ഭാരതത്തിന്റെ അമര സംസ്കൃതിയുടെ അക്ഷയ വടവൃക്ഷമാണെന്ന് നാഗ്പൂര്‍ നഗരത്തില്‍ മാധവ നേത്രാലയത്തിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തത് സ്വയംസേവകനായ ഒരു പ്രധാനമന്ത്രിയില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരുന്ന വാക്കുകള്‍ തന്നെയാണ്. സ്വയംസേവകനും സേവനവും രണ്ടല്ല, എവിടെ സേവനം ആവശ്യമുണ്ടോ അവിടെ സ്വയംസേവകരുണ്ട് എന്നുകൂടി പ്രധാനമന്ത്രി പറഞ്ഞത് പതിറ്റാണ്ടുകളായി രാഷ്ട്രീയ സ്വയംസേവക സംഘം നടത്തിക്കൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥമായ സേവനത്തിനുള്ള അംഗീകാരമാണ്. ഗുജറാത്തിലെ സ്വയംസേവകനില്‍ നിന്നാണല്ലോ രാഷ്ട്രത്തിന്റെ പ്രധാന സേവകനിലേക്ക് നരേന്ദ്ര മോദി വളര്‍ന്നത്. രാമനില്‍ നിന്ന് രാഷ്ട്രത്തിലേക്ക് എന്ന ജീവമന്ത്രം മനസ്സില്‍ ആവാഹിച്ചാണ് സ്വയം സേവകര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒരു പ്രധാനമന്ത്രി പറയുമ്പോള്‍ അതില്‍ സ്വയംസേവകര്‍ക്ക് സവിശേഷമായ ചാരിതാര്‍ത്ഥ്യം അനുഭവിക്കാം.
പ്രധാനമന്ത്രിയായശേഷം ആദ്യമായി നാഗ്പൂരിലെ സംഘത്തിന്റെ ആസ്ഥാനം സന്ദര്‍ശിച്ച നരേന്ദ്രമോദിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുമായി മോദി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായിരുന്നു. സംഘത്തിന്റെ ആസ്ഥാനം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ചില മാധ്യമങ്ങള്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണ്. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി സംഘത്തിന്റെ നാഗ്പൂര്‍ ആസ്ഥാനം സന്ദര്‍ശിക്കുകയുണ്ടായി. ബിജെപി നേതാവായ വാജ്പേയി നല്ല വ്യക്തിയാണെന്നും, എന്നാല്‍ മോശം പ്രസ്ഥാനത്തിലാണെന്നും പലരും വിമര്‍ശിക്കുകയുണ്ടായി. നല്ല വ്യക്തിക്ക് ഒരിക്കലും തെറ്റായ പ്രസ്ഥാനത്തില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നായിരുന്നു വാജ്പേയി നല്കിയ മറുപടി. സംഘം തന്റെ ആത്മാവാണെന്നും, അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെടേണ്ട ദേശീയ ദൗത്യമാണെന്നും പ്രഖ്യാപിച്ച് വാജ്പേയി വിമര്‍ശകരുടെ, സംഘവിരുദ്ധരുടെ വായടപ്പിക്കുകയുണ്ടായി.
വാജ്പേയിയില്‍ നിന്ന് നരേന്ദ്ര മോദിയില്‍ എത്തുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍പോലും അപ്രസക്തമാവുന്നു. തന്നെ ജനസേവകനായി രൂപപ്പെടുത്തിയത് രാഷ്ട്രീയ സ്വയംസേവക സംഘമാണെന്ന് ഈയിടെ ഒരു അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് അനുവദിച്ച അഭിമുഖത്തില്‍ മോദി പറയുകയുണ്ടായി. ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയാണെന്നും മറ്റും രാഷ്ട്രീയപ്രേരീതമായി വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ആ പ്രസ്ഥാനത്തിന്റെ അഭിന്നാംശമായ ഒരാള്‍ മൂന്നു തവണ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഈ ഭരണാധികാരി താന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവകരില്‍ ഒരാളാണെന്നു പറയുകയും, രാഷ്ട്ര സേവനത്തിന്റെ പാതയില്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സംഘത്തിന്റെ മഹത്വം ഉദ്ഘോഷിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അഭിമാനകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: