India

27.4 കോടിയുടെ മയക്കുമരുന്ന് പിടികൂടി; നാല് ആഫ്രിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

Published by

ന്യൂദല്‍ഹി: എന്‍സിബിയും ദല്‍ഹി പോലീസും നടത്തിയ സംയുക്ത പരിശോധനയില്‍ 27.4 കോടിയുടെ മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്ന് കടത്ത് ശൃംഖലയില്‍പെട്ട നാല് ആഫ്രിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മെത്താംഫെറ്റാമൈന്‍, എംഡിഎംഎ, കൊക്കെയ്ന്‍ എന്നിവയാണ് സംഘത്തില്‍ നിന്ന് പിടികൂടിയത്.

ഛത്തര്‍പൂരില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 10.2 കോടി രൂപ വിലമതിക്കുന്ന 5.103 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍ പിടികൂടിയത്. ഉയര്‍ന്ന നിലവാരമുള്ള മെത്താംഫെറ്റാമൈന്‍ കൈമാറ്റം നടക്കുന്നുവെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയിലായിരുന്നു ഇത്. നൈജീരിയയുമായി ബന്ധമുള്ള നാല് ആഫ്രിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ പശ്ചിമ ദല്‍ഹിയിലെ തിലക് നഗറില്‍ നിന്നാണ് മയക്കുമരുന്ന് സാധനങ്ങള്‍ കൊണ്ടുവന്നതെന്ന് കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയില്‍ 16.4 കോടി രൂപ വിലമതിക്കുന്ന 1.156 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍, 4.142 കിലോഗ്രാം അഫ്ഗാന്‍ ഹെറോയിന്‍, 5.776 കിലോഗ്രാം എംഡിഎംഎ (എക്സ്റ്റസി ഗുളികകള്‍) എന്നിവ പിടിച്ചെടുത്തു. ഗ്രേറ്റര്‍ നോയിഡയിലെ ഒരു വാടക അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ 389 ഗ്രാം അഫ്ഗാന്‍ ഹെറോയിനും 26 ഗ്രാം കൊക്കെയ്നും കണ്ടെടുത്തു.

പഠനത്തിനായി ദല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും പ്രധാന സ്വകാര്യ സര്‍വകലാശാലകളിലും പഞ്ചാബിലും എത്തുന്ന ആഫ്രിക്കന്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്‍ക്കുന്നതിലും സ്റ്റുഡന്റ്‌സ് വിസ സംഘടിപ്പിച്ചു നല്‍കുന്നതിലും ഈ സംഘത്തിന് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചിലര്‍ക്ക് മയക്കുമരുന്ന് വിതരണത്തിനും ക്രിപ്റ്റോ കൈമാറ്റത്തിനും ഏര്‍പ്പെടുന്നതിനുള്ള മറ മാത്രമായിരുന്നു താമസിക്കുന്നതിനുള്ള വിസയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

മയക്കുമരുന്ന് കടത്ത് ശൃംഖലയില്‍പെട്ട കൂടുതല്‍ പേരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഏതൊരു പൗരനും നാഷണല്‍ നാര്‍ക്കോട്ടിക് ഹെല്‍പ്പ് ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1933 എന്ന നമ്പറില്‍ വിളിച്ച് മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാമെന്ന് എന്‍സിബി അറിയിച്ചു.

മയക്കുമരുന്ന് കടത്തിനെതിരായ നിരന്തരമായ വേട്ട തുടരുകയാണെന്ന് എന്‍സിബി- ദല്‍ഹി പോലീസ് സംഘത്തെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സ്’പ്ലാറ്റ്ഫോമില്‍ കുറിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ മയക്കുമരുന്നുകള്‍ക്കെതിരായ സീറോ ടോളറന്‍സിന് അനുസൃതമായി, ദല്‍ഹി- എന്‍സിആറില്‍ ഒരു പ്രധാന മയക്കുമരുന്ന് ശൃംഖല തകര്‍ത്തതായും അദ്ദേഹം കുറിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക