ന്യൂദല്‍ഹി: ഭാരതത്തിന്റെ മെട്രോ സംവിധാനത്തെ പ്രശംസിച്ച് ജര്‍മന്‍ ട്രാവല്‍ വ്ളോഗര്‍ അലക്സ് വെല്‍ഡര്‍. പശ്ചിമ യൂറോപ്പിലെ ഗതാഗത സംവിധാനത്തേക്കാള്‍ മികച്ചതാണ് ഭാരതത്തിലുള്ളതെന്ന് പറയുന്ന അലക്സിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദല്‍ഹി, ആഗ്ര തുടങ്ങിയ നഗരങ്ങളിലെ മെട്രോ സംവിധാനങ്ങളുടെ കാര്യക്ഷമത, ശുചിത്വം, ആധുനിക അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ പ്രതീക്ഷിച്ചനുമപ്പുറമാണെന്നും അലക്സ് പറയുന്നു.
ഭാരതത്തിലേക്ക് വരുന്നതിനുമുന്പുണ്ടായിരുന്ന തന്റെ ധാരണകളെ വന്നു കഴിഞ്ഞപ്പോഴുള്ള അനുഭവങ്ങള്‍ മാറ്റിമറിച്ചു. ഭാരതത്തിലെത്തും മുമ്പ് പഴയ ബസുകളും ട്രെയിനുകളും ടുക്ക്- ടുക്ക് ശബ്ദമുള്ള റിക്ഷകളുമൊക്കെയായിരുന്നു മനസില്‍. എന്നാല്‍ ഇത് രാജ്യത്തെ പൊതു ഗതാഗതത്തെക്കുറിച്ചുള്ള എന്റെ സ്റ്റീരിയോടൈപ്പുകള്‍ പൊളിച്ചുമാറ്റിയിരിക്കുന്നു. ആഗ്ര, ദല്‍ഹി പോലുള്ള നഗരങ്ങളില്‍ വളരെ മികച്ച മെട്രോ സംവിധാനമുണ്ടെന്ന് അറിയില്ലായിരുന്നു.
ദക്ഷിണ കൊറിയ, ജപ്പാന്, ചൈന തുടങ്ങിയ രാജ്യങ്ങളിലേതിന് സമാനമായ സവിശേഷതകളാണ് ദല്‍ഹിയിലെ മെട്രോയ്ക്കുള്ളത്. ദല്‍ഹിയിലെ ചില ലൈനുകളില്‍ പ്ലാറ്റ്ഫോം സ്ക്രീന്‍ വാതിലുകള്‍, ചാര്‍ജിങ് പോയിന്റുകള്‍, സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക സീറ്റുകള്‍ എന്നിവയുണ്ട്. ഇതെല്ലാം ദക്ഷിണ കൊറിയ, ജപ്പാന്, ചൈന എന്നിവിടങ്ങളില്‍ കണ്ടിട്ടുണ്ട്, പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍ ഭാരതത്തില്‍ അത് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല, അലക്സ് പറയുന്നു.
മറ്റ് വിദേശ വിനോദസഞ്ചാരികളും വീഡിയോ സ്രഷ്ടാക്കളും ഭാരതത്തിന്റെ ഈ വശം ലോകത്തിന് കാട്ടിക്കൊടുക്കാത്തതില് അത്ഭുതപ്പെടുന്നുവെന്നും അലക്സ് കൂട്ടിച്ചേര്‍ത്തു. അലക്സിന്റെ വീഡിയോ ഇതിനോടകം 3.8 ദശലക്ഷത്തിലധികം വ്യൂസും ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: