Technology

ചൊവ്വയിലെ ഏറ്റവും വലിയ ജൈവ തന്മാത്രയെ കണ്ടെത്തി; കണ്ടെത്തല്‍ നാസയുടെ ക്യൂരിയോസിറ്റി റോവറിന്റേത്

Published by

വാഷിങ്ടണ്‍: ചൊവ്വയില്‍ നിര്‍ണായക കണ്ടെത്തലുമായി നാസയുടെ ക്യൂരിയോസിറ്റി റോവര്‍. ചൊവ്വയില്‍ ഇതുവരെ കണ്ടെത്തിയതിലേറ്റവും വലിയ ജൈവ തന്മാത്രയെ റോവര്‍ തിരിച്ചറിഞ്ഞു. ഗ്രഹത്തിലെ 3700 വര്‍ഷം പഴക്കമുള്ള പാറതുരന്നെടുത്ത സാമ്പിളുകള്‍ പരിശോധിച്ചാണ് ഈ തന്മാത്രയെ കണ്ടെത്തിയത്. അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ശാസ്ത്ര ജേര്‍ണലായ പ്രൊസീഡിങ്‌സിലാണ് ജൈവതന്മാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഫ്രാന്‍സിലെ ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് ഇന്‍ ദ ലബോറട്ടറീസ് ഫോര്‍ അറ്റ്‌മോസ്ഫിയര്‍, ഒബ്‌സര്‍വേഷന്‍സ് ആന്‍ഡ് സ്‌പെയ്‌സ് ഇന്‍ ഗുയാന്‍കോര്‍ട്ടിലെ ഗവേഷക കരോലിന്‍ ഫ്രെയ്‌സിനെറ്റിന്റെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.

ഗെയ്ല്‍ ഗര്‍ത്ത പ്രദേശത്തു നിന്നാണ് ക്യൂരിയോസിറ്റി റോവര്‍ പാറതുരന്ന് സാമ്പിള്‍ ശേഖരിച്ചത്. മുമ്പ് തടാകമുണ്ടായിരുന്നുവെന്ന് കരുതുന്ന പ്രദേശമാണിത്. സാമ്പിളില്‍ നിന്ന് ഡെകെയ്ന്‍, എന്‍-ഡെകെയ്ന്‍, ഡൊഡെകെയ്ന്‍ എന്നീ ഹൈഡ്രോകാര്‍ബണുകള്‍ അടങ്ങുന്ന ജൈവതന്മാത്രയെ ആണ് ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തിയത്. ഇവ സാമ്പിളുകളില്‍ ശേഖരിച്ചിരുന്ന ഫാറ്റി ആസിഡുകളുടെ ശകലങ്ങളാണെന്നാണ് കരുതുന്നത്. റോവറിലുള്ള സാമ്പിള്‍ അനാലിസിസ് അറ്റ് മാര്‍സ് (എസ്എഎം) എന്ന ഉപകരണം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

ജീവകോശങ്ങളില്‍ കോശസ്തരങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്ന ഒരു ജൈവ തന്മാത്രയാണ് ഫാറ്റി ആസിഡ്. എന്നാല്‍ ജീവന്റെ സാന്നിധ്യമില്ലാതെയും ഇവ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഭൂമിയില്‍ ഹൈഡ്രൊതെര്‍മല്‍ വെന്റുകളുള്ള ഇടങ്ങളില്‍ ഈ തന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൗമാന്തര്‍ഭാഗത്തുനിന്ന് വരുന്ന ചൂടുള്ള നീരുറവകളാണ് ഹൈഡ്രൊതെര്‍മല്‍ വെന്റുകള്‍. ഇവ ധാതുസമ്പുഷ്ടമായ ജലവുമായി ഇടപഴകുമ്പോള്‍ മേല്‍പ്പറഞ്ഞതരത്തിലുള്ള ഹൈഡ്രോകാര്‍ബണുകള്‍ രൂപംകൊള്ളുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.

നേരത്തെയും ക്യൂരിയോസിറ്റി റേവര്‍ ചൊവ്വയില്‍ ജൈവസന്മാത്രകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അവ വളരെ ചെറുതായിരുന്നു. ആദ്യമായാണ് ഇത്രവലിപ്പമുള്ള ജൈവതന്മാത്രകള്‍ ലഭിക്കുന്നത്. ചൊവ്വയില്‍ മുമ്പ് ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കില്‍ അതിന്റെ എന്തെങ്കിലും അടയാളങ്ങള്‍ അവശേഷിച്ചിട്ടുണ്ടാകാമെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിരീക്ഷണം. ഇതിന് ബലം നല്കുന്നതാണ് ക്യൂരിയോസിറ്റി റോവറിന്റെ കണ്ടെത്തല്‍.

ചൊവ്വയില്‍ ഇത്തരം സങ്കീര്‍ണമായ ജൈവതന്മാത്രകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ തന്നെ അന്തരീക്ഷത്തിന്റെ അവസ്ഥ, കാന്തിക മണ്ഡലത്തിന്റെ ദൗര്‍ബല്യം, സൂര്യനില്‍നിന്നുള്ള വികിരണം തുടങ്ങിയ കാരണങ്ങള്‍കൊണ്ട് അവ നശിച്ചുപോയിരുന്നിരിക്കാമെന്നാണ് കരുതിയിരുന്നത്.

നിലവിലെ കണ്ടെത്തല്‍ ചൊവ്വയില്‍ ഇനിയും സങ്കീര്‍ണമായ ജൈവതന്മാത്രകളുടെ സാന്നിധ്യമുണ്ടായേക്കാമെന്ന സൂചന നല്കുന്നു. ക്യൂരിയോസിറ്റി റോവറിലെ എസ്എഎമ്മിന് ഇത്തരം തന്മാത്രകളെ തിരിച്ചറിയാനാകില്ല. അതിനാല്‍ സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച് കൃത്യമായി പഠനം നടത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ അറിയാനാകൂവെന്നും കരോലിന്‍ ഫ്രെയ്‌സിനെറ്റ് വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by