ന്യൂദല്‍ഹി: വഖഫ് ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) വ്യക്തമാക്കി. മുനമ്പം ഉള്‍പ്പെടെയുള്ള ഭൂമി പ്രശ്‌നങ്ങള്‍ക്ക് വഖഫ് നിയമ ഭേദഗതിയിലൂടെ ശാശ്വത പരിഹാരം നല്‍കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. നിലവിലുള്ള കേന്ദ്ര വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയ്‌ക്കും രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തില്‍, മുനമ്പം മേഖലയിലെ 600ലധികം കുടുംബങ്ങളുടെ പൂര്‍വ്വിക താമസഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ ഈ വ്യവസ്ഥകള്‍, വഖഫ് ബോര്‍ഡ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി, ഈ പ്രശ്‌നം സങ്കീര്‍ണ്ണമായ നിയമവ്യവഹാരമായി മാറി. നിയമ ഭേദഗതിയ്‌ക്ക് മാത്രമേ ശാശ്വത പരിഹാരം നല്‍കാന്‍ കഴിയൂ എന്ന വസ്തുത നിലനില്‍ക്കുന്നു. ഇത് ജനപ്രതിനിധികള്‍ അംഗീകരിക്കണം.
വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍, ഈ വിഷയത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളോടും നിയമസഭാംഗങ്ങളോടും പക്ഷപാതരഹിതവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കാന്‍ സിബിസിഐ അഭ്യര്‍ത്ഥിക്കുന്നു.
ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം മുനമ്പത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും പുനഃസ്ഥാപിച്ചു നല്‍കണം. ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായ ഏതെങ്കിലും വ്യവസ്ഥകളോ നിയമങ്ങളോ ഉണ്ടെങ്കില്‍ ഭേദഗതി ചെയ്യണം. അതേസമയം, ഭരണഘടന ഉറപ്പുനല്‍കുന്ന മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
കേരളാ കാത്തലിക് ബിഷപ് കൗണ്‍സിലും കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ട് ചെയ്യണമെന്ന് കെസിബിസി ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാനുസൃതമല്ലാത്തതും അന്യായമായതുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നാണ് കെസിബിസി നിലപാട്. ഇതിനെ പിന്തുണച്ച് കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവും കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമനും അടക്കം രംഗത്തെത്തി. ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്നത് വ്യാജ പ്രചാരണമാണെന്നും നുണകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: