Kerala

നായകന്റെ ഖേദപ്രകടനത്തിനു പിന്നിൽ അഭയം തേടുന്ന സംവിധായകൻ ഭീരുവാണ് ; താങ്കൾ ധീരനല്ലേ , പ്രതികരിക്കൂ ; ചോദ്യമുന്നയിച്ച് ശ്രീജിത്ത് പണിക്കർ

Published by

കൊച്ചി ; നടി ആക്രമിക്കപ്പെട്ട കേസ് ഉൾപ്പടെ എല്ലാ പൊതുവിഷയങ്ങളിലും അഭിപ്രായം പറഞ്ഞ പൃഥ്വിരാജ് സ്വന്തം സിനിമയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാകുമ്പോൾ മൗനം പാലിക്കുന്നത് ധാർമ്മികമാണോയെന്ന് ശ്രീജിത്ത് പണിക്കർ. എമ്പുരാൻ സിനിമാ വിവാദത്തിൽ കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ഖേദപ്രകടനം പങ്കുവച്ചതല്ലാതെ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ പൃഥിരാജ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പൃഥിരാജിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചുള്ള ശ്രീജിത്ത് പണിക്കരുടെ കുറിപ്പ് .

എന്തേ പൃഥ്വിരാജിന് ഇപ്പോഴും മൗനം?
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ, സാമൂഹിക വിഷയങ്ങൾ ആൾക്കാർക്ക് മനോവിഷമം ഉണ്ടാക്കിയെന്ന കാരണത്താൽ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. പ്രസ്തുത ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന തീരുമാനവും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇനി ചോദ്യങ്ങൾ പൃഥ്വിരാജിനോടാണ്.
[1] എമ്പുരാൻ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ മേല്പറഞ്ഞ എഡിറ്റുകളെ കുറിച്ചും അതിന്റെ സാഹചര്യത്തെ കുറിച്ചും വിശദീകരിക്കേണ്ടത് താങ്കളുടെ ഉത്തരവാദിത്തമല്ലേ? നടന്റെ ഖേദപ്രകടനം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിൽ തീർന്നോ സംവിധായകന്റെ ഉത്തരവാദിത്തം? എന്തിനാണ് താങ്കളുടെ പടം വീണ്ടും എഡിറ്റ് ചെയ്യേണ്ടിവന്നതെന്ന് താങ്കൾ വിശദീകരിക്കൂ.
[2] സംഘപരിവാർ സമ്മർദ്ദത്തിലോ ഭീഷണിയിലോ ആണോ മേല്പറഞ്ഞ നടപടിയിലേക്ക് എമ്പുരാൻ ടീം പോയതെന്ന ചർച്ചയാണ് രാഷ്‌ട്രീയ നേതാക്കളും മാധ്യമങ്ങളും ഉയർത്തുന്നത്. ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് വിശദീകരിക്കേണ്ടതും എന്തെങ്കിലും രാഷ്‌ട്രീയ സമ്മർദ്ദമോ ഭീഷണിയോ ഉണ്ടായോ എന്നൊക്കെ പറയേണ്ടത് ആ സിനിമയുടെ സംവിധായകനായ താങ്കളാണ്.
[3] സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ഓടിനടക്കുകയും വാചാലനാകുകയും ചെയ്ത ഒരാൾ പെട്ടെന്ന് മൗനം അവലംബിക്കുന്നതിന്റെ കാരണം എന്താണ്? സിനിമയുടെ പ്രൊമോഷനെ കുറിച്ച് സംസാരിക്കും, എന്നാൽ അതിന്റെ പ്രമേയത്തിനെ കുറിച്ചുണ്ടാകുന്ന വിമർശനങ്ങൾ ഒരു വിവാദമായാലും അതെക്കുറിച്ച് സംസാരിക്കില്ല എന്നാണോ?
[4] സിനിമയുമായി ബന്ധപ്പെട്ട് ആദ്യം മുതൽ കേൾക്കുന്ന ആരോപണം, സിനിമയുടെ പൂർണ്ണരൂപം മോഹൻലാലിനെ കാണിച്ചിരുന്നില്ല എന്നും, ഷൂട്ട് ചെയ്യുന്ന കലാപം ഗുജറാത്തിൽ നടന്നതാണെന്ന് പറഞ്ഞിരുന്നില്ല എന്നതുമാണ്. സിനിമയുടെ ഉള്ളടക്കം വിദ്വേഷം ജനിപ്പിക്കരുതെന്ന ബോധ്യം തനിക്ക് എല്ലാക്കാലവും ഉണ്ടെന്ന് മോഹൻലാൽ പറഞ്ഞതിൽ നിന്ന് മനസ്സിലാകുന്നത് അദ്ദേഹത്തിന് മേല്പറഞ്ഞ വിഷയങ്ങളെ കുറിച്ച് അറിവില്ലായിരുന്നു എന്നുതന്നെയാണ്. എന്താണ് താങ്കളുടെ വിശദീകരണം? സിനിമ പൂർണ്ണമായും മോഹൻലാലിനെ കാണിച്ചിരുന്നോ? അത് ഗുജറാത്ത് കലാപമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നോ?
[5] ഒരു സിനിമയുടെയും ചിത്രീകരണത്തിനിടെ അതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങൾ എഡിറ്റ് ചെയ്ത് സംവിധായകൻ കൊണ്ടുനടക്കുന്ന പരിപാടിയൊന്നുമില്ല. അതുകൊണ്ടു തന്നെ, താങ്കൾ മോഹൻലാലിന് ഗുജറാത്തിൽ വച്ച് സിനിമ കാണിച്ചു കൊടുത്തെന്ന പ്രചരണത്തിന് വിശ്വാസ്യത കുറവാണ്. ചിത്രീകരിച്ച എന്തൊക്കെ ഭാഗങ്ങളാണ് താങ്കൾ മോഹൻലാലിന് കാണിച്ചു കൊടുത്തത് എന്നു വിശദീകരിക്കാമോ?
[6] മോഹൻലാലിന് കഥ പൂർണ്ണമായും അറിയാമായിരുന്നു (ഗുജറാത്ത് കലാപം അടക്കം) എന്നും അദ്ദേഹം സിനിമ കണ്ടിരുന്നെന്നുമുള്ള താങ്കളുടെ മാതാവ് മല്ലിക സുകുമാരന്റെ വാദം സത്യമാണോ? ഈ വിവാദത്തെ കുറിച്ച് ആധികാരികമായി പ്രതികരിക്കേണ്ടത് താങ്കളാണോ താങ്കളുടെ മാതാവാണോ?
നടി ആക്രമിക്കപ്പെട്ട കേസ് ഉൾപ്പടെ തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും സിനിമാ വിഷയങ്ങളിലും പൊതുവിഷയങ്ങളിലും സ്വീകരിച്ചിട്ടുള്ള താങ്കൾക്ക് സ്വന്തം സിനിമയുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടാകുകയും സംവിധായകന്റെ എത്തിക്സിനെ കുറിച്ച് ചോദ്യങ്ങൾ ഉയരുകയും ചെയ്യുമ്പോൾ പ്രതികരണശേഷി ഇല്ലാതാകുന്നത് ധാർമ്മികമാണോ?
ആവർത്തിക്കുന്നു; എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങൾക്കും കൃത്യമായ, ആധികാരികമായ വിശദീകരണങ്ങളും മറിപടികളും നൽകേണ്ടത് താങ്കളാണ്. ഈ പോസ്റ്റിലെ ചിത്രത്തിലേത് പോലെ മുന്നിലേക്ക് വരേണ്ടത് താങ്കളാണ്. നായകനടന്റെ ഖേദപ്രകടനത്തിനു പിന്നിൽ അഭയം തേടുന്ന സംവിധായകൻ ഭീരുവാണ്. താങ്കൾ ധീരനല്ലേ? ഈ മൗനം ഇനി എത്രനാൾ? പ്രതികരിക്കൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by