കേരളത്തിലെ ഏറെ പുരാതനവും ആദിമവുമായ ആരാധന സമ്പ്രദായമാണ് മാതൃദേവാരാധന. കേരളത്തിലൈ അമ്മ ദൈവങ്ങളില്‍ മുഖ്യം കാളിയാണ്.
കാളിയാരാധനയുടെ പാരമ്പര്യവും കൃത്യമായ പഴക്കവും നി
ര്‍ണ്ണയിക്കുക എന്നത് ദുഷ്‌കരമാണ്. കാളീകാവുകളില്ലാത്ത ഒരു സ്ഥലവും കേരളത്തില്‍ ഒരു ഗ്രാമത്തിലും ഇല്ലെന്ന് പറഞ്ഞാലും അത് അതിശയോക്തി ആവില്ല. അത്യുത്തര കേരളമെന്നോ മലബാര്‍ എന്നോ തിരുകൊച്ചി എന്നോ പ്രാദേശിക വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ കാളീ കാവുകളുടേയും മൂലസ്ഥാനമായാണ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവ് അറിയപ്പെടുന്നത്.
കൊടും കല്ല് പ്രതിഷ്ഠിച്ച ഊര് ആണ് കൊടുങ്ങല്ലൂര്‍ ആയതെന്നും അതല്ല കൊടുംകാളിയുടെ ഊര് എന്നതില്‍ നിന്നാണ് കൊടുങ്ങല്ലൂര്‍ എന്ന പേര് ഉണ്ടായതെന്നും രണ്ടു വാദങ്ങള്‍ പറയപ്പെടുന്നു. ആദ്യം ദ്രാവിഡ ഗോത്ര സങ്കല്പത്തിലായിരുന്ന ആരാധന പിന്നീട് കാശ്മീര ശൈവ സമ്പ്രദായത്തിന്റെ സ്വാധീനത്താല്‍ ‘രുരുജിത്ത് വിധാന’ത്തിലേക്കു മാറ്റപ്പെട്ടു. ചേരന്‍ ചെങ്കുട്ടുവനാല്‍ പ്രതിഷ്ഠിതമായ പത്തിനി കടവുള്‍(കണ്ണകി) സങ്കല്‍പവും ക്ഷേത്ര ചരിത്രത്തോട് ചേര്‍ന്നിരിക്കുന്നു.
പ്രധാന ദേവതയായ ചാമുണ്ഡ(കൊടുങ്ങല്ലൂര്‍ ഭഗവതി), സപ്തമാതൃക്കളും ശിവനും ക്ഷേത്രപാലനുമാണ് പ്രധാന പ്രതിഷ്ഠകള്‍. ഇത് കൂടാതെ മുത്തി സങ്കല്പത്തില്‍ ഒരു പ്രതിഷ്ഠ അകത്തും ഒരു പ്രതിഷ്ഠ പുറത്തും(തവിട്ടു മുത്തി), വസൂരിമാല എന്നൊരു സങ്കല്പവും പുറത്ത് കാണാവുന്നതാണ്. കൊടുങ്ങല്ലൂര്‍ കാവിലെ പ്രതിഷ്ഠകളില്‍ ഏറെ പുരാതനമായ പ്രതിഷ്ഠയാണ് വസൂരിമാലയുടേത്. ഈ പ്രതിഷ്ഠാരൂപം മറ്റു ക്ഷേത്രങ്ങളില്‍ കാണാത്ത ഒന്നാണ് എന്നതും പ്രത്യേകതയാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ മൂലയിലാണ് ദേവിയുടെ മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍. വടക്കോട്ടാണ് ദര്‍ശനം. പല ഐതീഹ്യ കഥകളും വസൂരിമാലയെപ്പറ്റിയുണ്ട്.
വടക്കേ മലബാറിലെ ചില തോറ്റം പാട്ടുകളിലെ ഐതീഹ്യമനുസരിച്ച് ദാരികന്റെ പത്‌നിയാണ് വസൂരിമാല. (മസൂരി മാല എന്നും പറയാറുണ്ട്).
കാളിയും ദാരികനും തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ദാരികന്‍ പരാജയത്തിലേക്ക് നീങ്ങുകയാണ് എന്ന് മനസ്സിലാക്കിയ ദാരിക പത്‌നി മനോദരി കൈലാസത്തിലെത്തി ഭര്‍ത്താവിനെ രക്ഷിക്കണമെന്നു വിലപിച്ചു.
മനോദരിക്ക് മുന്‍പില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും പാര്‍വ്വതിക്ക് അവളില്‍ കനിവ് തോന്നി. ശിവന്റെ ഏതാനും വിയര്‍പ്പ് കണങ്ങള്‍ പാര്‍വ്വതി മനോദരിക്കു നല്‍കി. ”ഇത് ആരുടെ മേല്‍ തളിച്ചാലും അവര്‍ക്ക് വസൂരി ബാധിക്കുമെന്നും നീ യുക്തം പോലെ ഉപയോഗിക്കൂ” എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ശിവ സ്വേദകണങ്ങളുമായി മനോദരി യുദ്ധക്കളത്തിലേക്ക് തിടുക്കപ്പെട്ടു മടങ്ങവേ ദാരികന്റെ അറുത്ത ശിരസ്സും കൈയിലേന്തി കൈലാസത്തിലേക്ക് വരുന്ന കാളിയേയാണ് കണ്ടത് .
പ്രതികാരം മുറ്റിയ മനോദരി കൈയിലുള്ള ശിവ സ്വേദ കണികകള്‍ കാളിക്കു നേരെ കുടഞ്ഞു. അതോടെ കാളിയുടെ ശരീരം മുഴുവന്‍ വസൂരി പോളകള്‍ പൊന്തി. കാളി തളര്‍ന്നു വീണതറിഞ്ഞ ശിവന്‍ തന്റെ ചെവിയില്‍നിന്നും ഘണ്ടാകര്‍ണ്ണന്‍ എന്ന മൂര്‍ത്തിയെ സൃഷ്ടിക്കുകയും ഘണ്ടാകര്‍ണ്ണന്‍ കാളിയുടെ ശരീരത്തിലെ വസൂരി പോളകള്‍ നക്കിയെടുത്തു നിക്കുകയും ചെയ്തു.
അസുഖം മാറിയ കാളി മനോദരിയുടെ എല്ലുകള്‍ ഒടിച്ചു. അതിനാല്‍ അവള്‍ക്ക് അനങ്ങാന്‍ കഴിയാതെയായി. കണ്ണുകള്‍ തുറിച്ചതിനാല്‍ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. മനോദരിയെ, ”നീ ഇനിമുതല്‍ വസൂരിമാല എന്ന പേരില്‍ അറിയപ്പെടും” എന്ന് ശപിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം.
കരിങ്കല്ലില്‍ തീര്‍ത്ത വസൂരിമാലയുടെ വിഗ്രഹത്തിന് ഏകദേശം മൂന്നു അടിയോളം ഉയരം ഉണ്ട്. വലതുകാല്‍ മടക്കിവെച്ച്, ഇടത് കാല്‍ തൂക്കിയിട്ട നിലയിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.
നേരത്തെ വിഗ്രഹം ചതുര്‍ബാഹു ആയിരുന്നു എന്നു പറയപ്പെടുന്നുണ്ടെങ്കിലും രണ്ട് കൈകളേ ഇപ്പോഴുള്ളൂ. തലയില്‍ ജടയെന്നു തോന്നിപ്പിക്കുന്നതുപോലെ എന്തോ ഉണ്ട്. ആ രൂപം സൂക്ഷ്മമായി വീക്ഷിച്ചാല്‍ ചെമ്മരിയാടിനെ തോളിലേറ്റിയത് പോലെ തോന്നും. മറ്റൊരു ക്ഷേത്രത്തിലൂം ഈ രൂപത്തിലുള്ള പ്രതിഷ്ഠ കാണാന്‍ കഴിയില്ല.
എല്ലാ ദിവസവും ഗുരുതി തര്‍പ്പണം നടക്കുന്നത് ഇവിടെയാണ്. സപ്തമാതാക്കളിലെ ചാമുണ്ഡിയുടെ രൂപസാദൃശ്യം ഈ പ്രതിഷ്ഠക്ക് തോന്നുമെങ്കിലും ചെമ്മരിയാടിനെ തോളിലേറ്റിയ രൂപം മറ്റൊരു ചാമുണ്ഡി പ്രതിഷ്ഠയിലും കണ്ടിട്ടില്ല. കൊടുങ്ങല്ലൂര്‍ താലപ്പൊലിക്ക് കുഡുംബി സമുദായം ചെമ്മരിയാടിനെ നടക്ക് വെയ്‌ക്കുന്നതു ഈ ദേവതാരാധനയുമായി ബന്ധപ്പെട്ടായിരിക്കാം.
കൊടുങ്ങല്ലൂര്‍ പ്രദേശത്തിന് മൂസ്സരീസ് എന്നായിരുന്നല്ലോ പഴയ പേര്. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ടിരുന്ന തുറമുഖമാണ് മുസ്സരീസ്. കരുമുളകും മഞ്ഞള്‍പൊടിയുമാണ് ഭക്തര്‍ വസൂരിമാലയ്‌ക്ക് ആടിക്കുന്നത്.
കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ മറ്റൊരു പേരായ കുരുംബയും വസൂരി കുരുക്കളായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം ചേര്‍ത്ത്ചിന്തിക്കുമ്പോള്‍ വസൂരിമാല അല്ലെങ്കില്‍ മസൂരിമാല എന്ന പ്രതിഷ്ഠ ഇവിടുത്തെ പുരാതന പ്രതിഷ്ഠയാണെന്ന് ഉറയിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: