കൊച്ചി: ട്രെയിനില്‍ നിന്നു വീണു മരിച്ചയാളുടെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ നടപടി നേരിടുന്ന കോതമംഗലം സ്വദേശിയായ സബ് ഇന്‍സ്പെക്ടര്‍ പിഎം സലിം മുന്‍പ് കാമറ മോഷ്ടിച്ചതിനും പിടിക്കപ്പെട്ടിരുന്നു.
ട്രെയിനില്‍ നിന്ന് വീണു മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ ബാഗിലുണ്ടായിരുന്ന 3000 രൂപയില്‍ നിന്ന് 1000 രൂപ മോഷ്ടിച്ചതിന് ആലുവ പോലീസ് സ്റ്റേഷനിലെ എസ്ഐ പി എം സലിം നിലവില്‍ സസ്പെന്‍ഷനിലാണ്. മോഷണക്കുറ്റം ചുമത്തി കേസെടുക്കാനുള്ള നീക്കത്തിലുമാണ് പൊലീസ്. ഇതിനിടെയാണ് മുന്‍പും സമാന കുറ്റകൃത്യങ്ങള്‍ ഈ എസ്ഐ ചെയ്തിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യവേ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച 25000 രൂപ വിലവരുന്ന ക്യാമറയാണ് ഇയാള്‍ മോഷ്ടിച്ചത്്. പിടിക്കപ്പെട്ടെങ്കിലും വിഷയം ഒത്തുതീര്‍ക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞദിവസം മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല. മൃതശരീരത്തിന് സമീപത്തുനിന്ന് ലഭിച്ച ബാഗില്‍ 3000 രൂപ ഉണ്ടായിരുന്നതായി മറ്റു പോലീസുകാരന് ബന്ധുക്കളോട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ബാഗ് തുറന്നുനോക്കിയപ്പോള്‍ 2000 രൂപയേ കണ്ടുളളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റ് പോലീസുകാര്‍ ആയിരം രൂപ കൂടി നല്കി പ്രശ്നം പരിഹരിച്ചു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സലീം ബാഗില്‍ നിന്ന് പണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: