മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ബനാറസ്സിലേ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തേപ്പാള്‍ മുതല്‍ കടുത്ത ഉത്ക്കണ്ഠയിലായിരുന്നു. 70 കോടിയിലേറെ സനാതനധര്‍മ്മ വിശ്വാസികള്‍ ഗംഗയുടെ മഹാ പ്രവാഹംപോലെ ഒഴുകിയെത്തുന്ന പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ എത്തിച്ചേരുന്നതും പുണ്യസ്നാനം ചെയ്യുന്നതുമെല്ലാം വല്ലാതെ ഉത്ക്കണ്ഠപ്പെടുത്തി. ബനാറസ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ മഹാകുംഭയുടെ ആരവങ്ങള്‍ കേട്ടു. ഋഷീശ്വരന്മാരും രാമായണ മഹാകാവ്യത്തിലും മഹാഭാരതത്തിലുമൊക്കെ നിറഞ്ഞുനില്ക്കുന്ന ചരിത്ര പുരുഷന്മാരായ അനശ്വര വ്യക്തിത്വങ്ങളും, ഭാരത ചരിത്രത്തിലെ അനേകം ചക്രവര്‍ത്തിമാരും രാജാക്കന്മാരുമടക്കമുള്ള മഹാരഥന്മാരുമെല്ലാം ആത്മീയ നിര്‍വൃതിയുടെ ധന്യത നുകര്‍ന്ന പുണ്യകാശിയുടെ പ്രാന്തപ്രദേശങ്ങളെല്ലാം ഈ നൂറ്റാണ്ടിലെ തീര്‍ത്ഥാടന മഹാമേളയില്‍ പങ്കെടുക്കാനെത്തിയ സനാതനധര്‍മ്മ വിശ്വാസികളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞിരുന്നു. ഭാരത്തിനകത്തു നിന്നെത്തിയ വിവിധ ഭാഷക്കാര്‍ക്കും വേഷക്കാര്ക്കുമൊപ്പം നിരവധി വിദേശികളേയും കാണാന്‍ സാധിച്ചു. എവിടെയും ഹര ഹര, ശിവ ശംഭോ, ജയ് മഹാദേവ്, ജയ് ശ്രീറാം എന്നീ മന്ത്രധ്വനികള്‍.
തീര്‍ത്ഥാടകരുടെ ഇതുപോലെയുള്ളൊരു മഹാപ്രവാഹം കാശിയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാനിടയില്ല. പ്രയാഗ്രാജിലേക്ക് പോകുന്നതിനു മുന്‍പായി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും ദശാശ്വമേഥഘട്ടിലും മറ്റും നടക്കുന്ന ഗംഗാ ആരതി കാണാനുമുള്ള ആകാംക്ഷയും എല്ലാവരിലും നിറഞ്ഞു നിന്നിരുന്നു. ഉച്ചത്തിലുള്ള മന്ത്രജപത്തോടെ വിശ്വനാഥ ഭഗവാന്റെ ദര്‍ശന സൗഭാഗ്യത്തിന്റെ ഊഴം കാത്തവരെല്ലാം കിലോമീറ്ററുകള്‍ നീണ്ട ക്യൂവില്‍ ജലപാനം പോലുമുപേക്ഷിച്ചു ക്ഷമയോടെ നില്‍ക്കുകയായിരുന്നു. മഹാകുംഭയ്ക്കായി വളരെയേറെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉത്തര്‍പ്രദേശ് ഭരണകൂടവും പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളുമൊക്കെ നിലയ്ക്കാത്ത ഈ ജനപ്രവാഹത്തെ നിയന്ത്രിക്കാന്‍ പാടുപെടുമ്പോള്‍ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നെത്തിയ പാവങ്ങളും കര്‍ഷകരും സമ്പന്നരുമെല്ലാം ഒരുപോലെ സ്വയം നിയന്ത്രണം പാലിക്കുകയും, സനാതന ധര്‍മ്മത്തിന്റെ മഹത്വം ഉദ്ഘോഷിച്ച് തികഞ്ഞ ക്ഷമയും സംയമനവും പ്രകടിപ്പിച്ചത് വല്ലാതെ അതിശയിപ്പിച്ചു.
ബനാറസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 138 കി.മി. അകലെ പ്രയാഗ് രാജിലേക്കുള്ള മഹാകുംഭ സ്പെഷ്യല്‍ ട്രെയിനുകളടക്കമുള്ള നിരവധി തീവണ്ടികള്‍ പുറപ്പെടുന്നത്. 60 രൂപയാണ് സാധാരണ ടിക്കറ്റ് ചാര്‍ജ്ജ്. തിക്കും തിരക്കും കാരണം ട്രെയിനുകള്‍ക്കുള്ളില്‍ കടക്കാന്‍ തന്നെ വലിയ ശ്രമം വേണ്ടി വരും. മഹാകുംഭ നടക്കുന്ന പ്രയാഗ്രാജിലേക്കുള്ള സ്പെഷ്യല്‍ തീവണ്ടികളുടെ പുറത്തെല്ലാം കുംഭത്തിനു മുകളില്‍ സ്വസ്തിക അടയാളപ്പെടുത്തിയ മഹാകുംഭ് ലോഗോയും, ഒപ്പം ഗംഗയില്‍ സ്നാനം ചെയ്യുന്ന ഋഷീശ്വരന്മാരുടേയും ദേവീദേവന്മാരുടേയുമെല്ലാം ഭംഗിയുള്ള ചിത്രങ്ങളും വേദസൂക്തങ്ങളും ആലേഖനം ചെയ്തിരുന്നു. കാല് മുട്ടോളം നീണ്ട ജടയുള്ള ആഘോരികളുടേയും, ദേഹമാസകലം ഭസ്മം പൂശിയ നാഗസന്യാസിമാരുടെയുമൊക്കെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ നിന്നെത്തിയവര്‍ ഇതെല്ലാം ഏറെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്, കാണുന്നതൊക്കെ യാഥാര്‍ത്ഥ്യമാണോയെന്ന മട്ടില്‍. ചിലര്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നതും കാണാമായിരുന്നു. കേരളത്തില്‍ ഇതെല്ലാം മതേതര വിരുദ്ധമാണല്ലോ.
ഫെബ്രുവരി 13 ന് രാത്രി 8 മണിയോടെ ഞങ്ങള്‍ പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഞങ്ങളോടൊപ്പം യാത്ര ചെയ്തിരുന്ന പകുതിയോളം പേര് ഇറങ്ങിപ്പോയി. കാരണം അവിടെനിന്നു നോക്കിയാല്‍ അങ്ങകലെ അനേക ലക്ഷം ആലക്തിക ദീപങ്ങളാല്‍ അലംകൃതമായി പകല്‍ പോലെ തോന്നിപ്പിക്കുന്ന മഹാകുംഭമേള നടക്കുന്ന പ്രദേശങ്ങളുടെ അഭ്ഭുതക്കാഴ്ച്ചകള് കാണാന്‍ കഴിയും. റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 കി.മീ. ദൂരെയാണ് അതിപ്രാചീനമായ നാഗവാസുകി ക്ഷേത്രം. പാലാഴി മഥനത്തിനു കയറായി ഉപയോഗിക്കപ്പെട്ടതിന്റെ ക്ഷീണം മാറാനും മുറിവുകള്‍ ഉണങ്ങാനും പുണ്യഭൂമിയായ പ്രയാഗില്‍ വസിക്കാന്‍ സര്‍പ്പരാജാവായ വാസുകിയോട് മഹാവിഷ്ണു ആവശ്യപ്പെട്ടതായി വിശ്വസിക്കുന്നു. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ സെക്ടര്‍ 6-ലാണ് അമൃതാനന്ദമയി മഠത്തിന്റെ ടെന്റുകള്‍. തൊട്ടടുത്ത് ലോക പ്രശസ്തമായ അക്ഷര്‍ധാം സ്വാമി നാരായണ്‍ മന്ദിര്‍, തിരുപ്പതി ക്ഷേത്രം എന്നിവയുടെ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു.
സദ്ഗുരു മാതാ അമൃതാനന്ദമയീ ദേവിയുടെ അനുഗ്രഹം വാങ്ങിയാണ് ഞങ്ങള്‍ പ്രയാഗ്രാജിലേക്ക് മഹാകുംഭയില്‍ പങ്കെടുക്കാനായി യാത്ര തിരിച്ചത്. ആശ്രമത്തില്‍ നിന്ന് നി
ര്‍ദ്ദേശിച്ചതു പ്രകാരം ഇവിടുത്തെ ചുമതല വഹിക്കുന്ന സ്വാമി മോക്ഷാമൃതയെ ഞാനും കുടുംബവും എത്തിച്ചേരുന്ന വിവരം അറിയിച്ചിരുന്നു. വിശ്വമാതാവായ അമ്മയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളുടെ വലിയ ചിത്രങ്ങളാല്‍ അലംകൃതമായ പ്രധാന ഗേറ്റില്‍ മലയാളം നന്നായി സംസാരിക്കുന്ന മംഗലാപുരം സ്വദേശി മോഹന്‍ സ്നേഹത്തോടെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഞങ്ങള്‍ക്കായി നീക്കിവച്ചിരുന്ന സ്ഥലം കാണിച്ചു തന്നു. നല്ല വൃത്തിയുള്ള സ്ഥലത്ത് ധാരാളം കിടക്കകളും പുതിയ ഒന്നാന്തരം കമ്പിളിപ്പുതപ്പുകളും ഭംഗിയായി ഒരുക്കിവച്ചിരുന്നു. ചപ്പാത്തിയും കറിയും ചോറുമടങ്ങുന്ന ഭക്ഷണത്തോടൊപ്പം ചൂടുള്ള ചുക്കുവെള്ളവും കൂടി കിട്ടിയപ്പോള്‍ അമ്മയുടെ കരസ്പര്‍ശം നേരിട്ടനുഭവിച്ചതു പോലെ അനുഭവപ്പെട്ടു. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കകലെ ആയിരുന്നിട്ടും പുണ്യഗംഗയുടെ തീരത്ത് അമ്മയുടെ അദൃശ്യ സാമീപ്യവും സ്നേഹസാന്ദ്രമായ തലോടലും കണ്ണുകളെ ഈറനണിയിച്ചു. അമ്മയ്ക്കു പകരമായി ലോകത്തില്‍ മറ്റാരുമില്ലെന്നു മനസ്സിനെ ഒന്നുകൂടി ബോധ്യപ്പെടുത്തിയ അസുലഭ മുഹൂര്‍ത്തമായിരുന്നു.
പ്രയാഗ്രാജിലെ പ്രൗഢിയുള്ള പ്രവേശന കവാടം കടന്നെത്തുമ്പോള്‍ വിശാലമായ ഹാളില്‍ വളരെ മനോഹരമായി തയ്യാറാക്കിയ പന്തലിനുള്ളിലെ ആല്മരച്ചുവട്ടില് അമ്മ പുഞ്ചിരിതൂകി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന ചിത്രവും, അതിനു താഴെ ഹോമകുണ്ഡവും കാണാമായിരുന്നു. ഇവിടെയാണ് പുലര്‍ച്ചെ ബ്രാഹ്മമുഹൂര്‍ത്തം മുതല്‍ ആരംഭിക്കുന്ന പൂജാദി കര്‍മ്മങ്ങളും ഹോമങ്ങളുമൊക്കെ നടന്നത്. വൈകീട്ട് അമൃതപുരിയിലേതു പോലെ ഭജനയും പ്രഭാഷണവും പ്രസാദ വിതരണവുമുണ്ടായിരുന്നു. ഇതിനു മുന്നിലായി അത്യാവശ്യ ചികിത്സകള്‍ നല്‍കാനുള്ള ഡോക്ടര്‍മാരുടെ സംഘത്തിന്റെ കാബിന് പ്രവര്‍ത്തിച്ചിരുന്നു. ഇതിനു പുറമേയാണ് തൊട്ടടുത്തായി ഫരീദാബാദിലെ അമൃതാ ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സുസജ്ജമായ വലിയ ചികിത്സാ കേന്ദ്രം. ഇവിടെയാണ് ഒ.പി. വിഭാഗവും കിടത്തി ചികിത്സയുമൊക്കെ അതീവ സൂക്ഷ്മതയോടെ നടത്തിയിരുന്നത്.
എല്ലായിടത്തും അമ്മയുടെ സ്നേഹസാന്ദ്രമായ മുഖമുള്ള ഭംഗിയുള്ള ചിത്രങ്ങളാല്‍ അലംകൃതമായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രേമോദി എന്നിവരും പ്രമുഖ ലോകരാഷ്ട്രത്തലവന്മാരും മാര്‍പാപ്പയും ബുദ്ധമതാചാര്യനായ ദലൈലാമയും ആദരവോടെ അമ്മയുടെ അടുക്കല്‍ നില്ക്കുന്ന നിരവധി ചിത്രങ്ങള്‍ക്കൊപ്പം ആഫ്രിക്കയിലേയും ആമസോണ്‍ വനാന്തരങ്ങളിലേയും വനവാസി ഗോത്രങ്ങളില്‍പ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. അടുത്ത കാലത്ത് മരണം വരിച്ച അമ്മയുടെ പ്രിയപ്പെട്ട വളര്‍ത്തുനായയെ സ്നേഹത്തോടെ അമ്മ തലോടുന്ന ഒരു ചിത്രവും അവിടെ കാണാനിടയായത് ഹൃദയത്തെ സ്പര്‍ശിച്ചു.
രാത്രിയിലാണ് ഞങ്ങള്‍ ആശ്രമം ഒരുക്കിയിട്ടുള്ള വാസസ്ഥലത്ത് എത്തിയത്. അടുത്ത ദിവസം അവിടെ നിന്ന് ഒന്നരക്കിലോമീറ്ററോളം അമ്മയുടെ സംന്യാസി ശിഷ്യന്മാരോടൊപ്പം കാല്‍നടയായി പോയി പുണ്യഗംഗയില്‍ സ്നാനം ചെയ്തു. അവിടെ തിരക്കു കുറവായിരുന്നു. കഠിനമായ യാത്രാക്ലേശം കാരണം തീരെ ക്ഷീണിതരായിരുന്ന ഞങ്ങള്‍ക്ക് ഗംഗയിലെ സ്നാനം പുത്തനുണര്‍വ്വു പകര്‍ന്നു. അടുത്ത ദിവസം ത്രിവേണി സംഗമത്തിലും സ്നാനം ചെയ്തു.
മോക്ഷാമൃത സ്വാമിജിയുടെ നേതൃത്വത്തിലാണ് പ്രയാഗ് രാജിലെ മഹാകുംഭയുമായി ബന്ധപ്പെട്ട സേവന പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിച്ചത്. ഗംഗയിലും ത്രിവേണി സംഗമത്തിലും പുണ്യസ്നാനം നടത്തിയതിനു ശേഷം കാശിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഫെബ്രുവരി 18 നായിരുന്നു ബനാറസ്സില്‍ നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഫ്ളൈറ്റ്.
പ്രയാഗ്രാജില് കണ്ടത് സനാതനധര്‍മ്മം അതിന്റെ എല്ലാവിധമായ സമൂര്ത്തഭാവങ്ങളോടും അത്യന്തവൈഭത്തേടും കൂടി ഉയിര്ത്തെഴുന്നേല്ക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു. മനുഷ്യര്‍ നിര്‍മ്മിച്ച എല്ലാവിധ അതിര്‍വരമ്പുകളേയും അതിജീവിച്ച് ലോകം മുഴുവന്‍ മഹാകുംഭയുടെ അമൃതം നുകരാന്‍ അവിടേക്ക് ഒഴുകുകയായിരുന്നു. ഇനിയും ഇതുപോലെ 144 വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം നടക്കുന്ന ഈ ഒത്തുചേരലില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് ഒരു നൊമ്പരമായി അവശേഷിക്കുന്നു. എങ്കിലും 12 കൊല്ലത്തിലൊരിക്കലുളള പൂര്‍ണ്ണ കുംഭമേളയിലും 6 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന അര്‍ദ്ധകുംഭമേളയിലും ഭാഗ്യമുണ്ടെങ്കില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നുള്ള പ്രത്യാശയും പ്രതീക്ഷയും അവശേഷിക്കുന്നുണ്ട്.
(ബിജെപി മുന്‍ സംസ്ഥാന സമിതി അംഗവും, ശബരിമല യുവതി പ്രവേശനക്കേസ്സിലെ ആദ്യ പരാതിക്കാരനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: