ഭാരതത്തിലേക്കുള്ള വിദേശ പൗരന്മാരുടെ അനധികൃത കുടിയേറ്റം തടയുന്നതിനും ഭാരതത്തെ ലക്ഷ്യം വയ്‌ക്കുന്ന ആഗോള ഭീകരവാദ അജണ്ടകള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനുമായി ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ പാസാക്കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവും നിലനിര്‍ത്തുന്നതിനോടൊപ്പം രാജ്യാന്തര ഭീകരവാദ അജണ്ടകള്‍ക്ക് കടിഞ്ഞാണിടാനും ഉദ്ദേശിച്ചുള്ളതാണ് ഈ ബില്‍. അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം കയ്യാമം വെച്ച് ചങ്ങലക്കിട്ട് നാടുകടത്തിയ വിവാദം നിലനില്‍ക്കെ ഭാരതത്തിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റത്തിന് നിയമപരമായി പൂട്ടിടുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കൃത്യമായി വ്യക്തമാക്കുന്നതാണ് പുതിയ ബില്‍.
പാസ്‌പോര്‍ട്ട് ആക്ട് 1920, രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഫോറിനേഴ്‌സ് ആക്ട് 1946, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവ റദ്ദുചെയ്തുള്ളതാണ് പുതിയ ബില്‍. മേല്പറഞ്ഞവയില്‍ മൂന്നെണ്ണം ഭാരതത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുള്ളവയാണ് എന്നതും ശ്രദ്ധേയം. സ്വാതന്ത്ര്യത്തിനുമുമ്പുള്ള കാലഘട്ടങ്ങളിലെ (1920-1946) കുടിയേറ്റ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്. ഈ നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് യുദ്ധകാലസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. നാല് നിയമങ്ങള്‍ക്കിടയിലും അടിസ്ഥാനപരമായ തുടര്‍ച്ചയും ലക്ഷ്യങ്ങളുടെ പൊതുവായ സ്വഭാവവും ഉണ്ടെങ്കിലും ചിലയിടങ്ങളില്‍ ആവര്‍ത്തിക്കുന്ന വ്യവസ്ഥകളുമുണ്ട്. അതിനാല്‍തന്നെ ഭാരതത്തിന്റെ ഇന്നത്തെ സുരക്ഷയ്‌ക്കുവേണ്ടി, കുടിയേറ്റ വെല്ലുവിളികളെ അതിജീവിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നാണ് സര്‍ക്കാരിന്റെ പ്രധാന വാദം.
പുതിയ നിയമത്തിന്റെ ലക്ഷ്യം
രാജ്യത്തെ കുടിയേറ്റ നിയമങ്ങള്‍ ആധുനിക കാലഘട്ടത്തിനും രാജ്യാന്തരതലത്തിലുള്ള ഒട്ടേറെ മാറ്റങ്ങള്‍ക്കുമനുസരിച്ച് പുനഃരൂപീകരിക്കുക, വിദേശികളുടെ രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ടുകള്‍, വിസകള്‍ എന്നീ രേഖകളില്‍ കൃത്രിമത്വം സൃഷ്ടിക്കുന്നത് തടഞ്ഞ് അനധികൃത കുടിയേറ്റം നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുക
കാലഹരണപ്പെട്ടതും ചിതറിക്കിടക്കുന്നതുമായ പഴയ നിയമങ്ങള്‍ ഒരൊറ്റ സമഗ്ര നിയമത്തിലൂടെ പുരാവിഷ്‌കരിക്കുമ്പോള്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കാനാവും. ഫലപ്രദമായ കുടിയേറ്റ ചട്ടക്കൂട് ഭാരതത്തിന്റെ സുരക്ഷയ്‌ക്കും രാജ്യത്തിനെതിരെയും ഭീകരവാദ ഗ്രൂപ്പുകള്‍ ലക്ഷ്യം വയ്‌ക്കുന്ന അജണ്ടകളെ നേരിടുന്നതിനും അത്യാവശ്യമാണ്.
സര്‍ക്കാര്‍ കണക്കുപ്രകാരം 2023 ഏപ്രില്‍ ഒന്നിനും 2024 മാര്‍ച്ച് 31നുമിടയില്‍ ആകെ 9,840,321 വിദേശികള്‍ ഭാരതം സന്ദര്‍ശിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. നിര്‍ദ്ദിഷ്ട ബില്ലിലെ 8(3) വകുപ്പുപ്രകാരം ഭാരത പൗരത്വമുള്ള ഓരോ വ്യക്തിയും തങ്ങളുടെ താമസ സ്ഥലത്തിന്റെ പരിസരത്തു താമസിക്കുന്ന വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതിന്റെ പങ്ക് വ്യക്തമാക്കുന്നു.
വിസ, പാസ്‌പോര്‍ട്ട് നിയമങ്ങള്‍
വിസ, പാസ്‌പോര്‍ട്ട്, വിദേശികളുടെ രജിസ്‌ട്രേഷന്‍ എന്നിവയില്‍ കൂടുതല്‍ നിയന്ത്രണങ്ങളും കരടുബില്ലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഭാരത വിസ ലഭിക്കുന്നതിന് കര്‍ശന നിയന്ത്രണ വ്യവസ്ഥകളുണ്ടാകും. ഹ്രസ്വകാലത്തേയ്‌ക്ക് ഭാരതം സന്ദര്‍ശിക്കാനെത്തുന്നവരും ദീര്‍ഘകാല താമസത്തിനെത്തുന്നവരും അവര്‍ ഇവിടെയുള്ള കാലത്തോളം സര്‍ക്കാരിന്റെയും രാജ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും പരിപൂര്‍ണ്ണ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും. ഇവരെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭാരത പൗരന്മാരും സര്‍ക്കാരിന്റെ നിരീക്ഷണത്തിലുണ്ടാകും. അതിര്‍ത്തിസുരക്ഷ കൂടുതല്‍ കര്‍ക്കശമാക്കാനും ബില്‍ നിര്‍ദ്ദേശിക്കുന്നു.
ഉദ്യോഗസ്ഥര്‍ക്ക് അധികാരങ്ങള്‍
നിയമവിരുദ്ധ കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുക്കാനും അവരെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമെങ്കില്‍ നാടുകടത്താനും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് പരിപൂര്‍ണ്ണ അധികാരം പുതിയ നിയമത്തിലുണ്ടാകും. ഭാരതത്തിലേക്ക് വരുന്ന വിദേശികളുടെ നീക്കങ്ങള്‍ നിയന്ത്രിക്കാനും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമം അധികാരം നല്‍കുന്നു. രാജ്യസുരക്ഷയ്‌ക്ക് അപകടസാധ്യതയുണ്ടെന്ന് തോന്നുന്നപക്ഷം പ്രവേശനം നിഷേധിക്കാനും കൂടുതല്‍ ഉത്തരവാദിത്വവും നല്‍കുന്നു. അതിര്‍ത്തി സുരക്ഷയും ആഭ്യന്തര നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ട അവശ്യകതയിലേയ്‌ക്കും വിരല്‍ ചൂണ്ടുന്നു.
സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്
നിര്‍ദ്ദിഷ്ടബില്ലില്‍ വിദേശികളെ പ്രവേശിപ്പിക്കുന്ന സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആശുപത്രികള്‍, നേഴ്‌സിങ് ഹോമുകള്‍, വിവിധ മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ ഉത്തരവാദിത്വവും കൃത്യമായി പ്രതിപാദിക്കുന്നു. ഈ സ്ഥാപനങ്ങളില്‍ ഏതുസാഹചര്യത്തിലും സമയത്തിലും നേരിട്ടുള്ള പരിശോധനയുണ്ടാകുമെന്നും സൂചിപ്പിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളെ അഡ്മിഷനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അധികാരികളെ വിശദാംശങ്ങള്‍ കൃത്യമായി അറിയിക്കണം. പഠന വിസയുടെ കാലാവധി പൂര്‍ത്തിയാക്കിയശേഷം വിദേശ വിദ്യാര്‍ഥികള്‍ സ്വദേശത്തേക്ക് മടങ്ങിപ്പോയെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. പഠനത്തിനായി എത്തുന്നവരെ നിരീക്ഷിക്കാനുള്ള പ്രത്യേക സര്‍ക്കാര്‍ സംവിധാനമുണ്ടാകും. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇവിടെയെത്തുന്നവരാണ് നിലവില്‍ ഭൂരിഭാഗം വിദേശ വിദ്യാര്‍ത്ഥികളും. പഠനം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കായിരിക്കും.
വകുപ്പ് 10 പ്രകാരം ഭാരതത്തില്‍ താമസിച്ച് വൈദ്യസഹായം സ്വീകരിക്കുന്ന ഏതൊരു വിദേശിയെക്കുറിച്ചും അവരുടെ സഹായിയെക്കുറിച്ചും രജിസ്‌ട്രേഷന്‍ ഓഫീസറെ അറിയിക്കണം. വിദേശ പൗരന്മാരെ പ്രവേശിപ്പിക്കുന്ന ആശുപത്രികള്‍ക്കും, ഇതര മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും അവരുടെ രേഖകള്‍ സൂക്ഷിക്കാന്‍ നിയമപരമായ ഉത്തരവാദിത്വമുണ്ട്. ഇങ്ങനെ ചികിത്സയ്‌ക്കായി എത്തുന്ന വിദേശികളെ ട്രാക്ക് ചെയ്യുവാനും വിസ ദുരുപയോഗം തടയാനും നിര്‍ദ്ദിഷ്ടബില്ലില്‍ വകുപ്പുകളുണ്ട്. ആശുപത്രികളില്‍ ചികിത്സക്കുവരുന്ന വിദേശപൗരന്മാരുമായി ബന്ധപ്പെടുന്നവരെയും സര്‍ക്കാരിന്റെ നിരീക്ഷണവലയത്തിലാക്കും.
ഓപ്പറേറ്റര്‍മാരും ഉത്തരവാദികള്‍
ഭാരതത്തിലേക്ക് അനധികൃത വിദേശികളെത്തിയാല്‍ അവരെ കൊണ്ടുവരുന്ന ട്രാവല്‍, ടൂര്‍ ഓപ്പറേറ്റര്‍മാരായിരിക്കും പ്രധാന ഉത്തരവാദികളെന്നും പുതിയ ബില്ലില്‍ സൂചനയുണ്ട്. വിമാന ക്കമ്പനികള്‍, ഷിപ്പിങ് കമ്പനികള്‍, വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഗതാഗത ഏജന്‍സികള്‍ എന്നിവര്‍ യാത്രക്കാരുടെ രേഖകള്‍ അവര്‍ ഭാരതത്തിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പേ പരിശോധിച്ച് ഉറപ്പുവരുത്തണം. നിയമലംഘനം കണ്ടെത്തിയാല്‍ ശിക്ഷാനടപടികളുണ്ടാകും. അന്താരാഷ്‌ട്ര യാത്രാമാനദണ്ഡങ്ങള്‍ പാലിച്ച് ഭാരതത്തിലേക്കുള്ള നിയമവിരുദ്ധ പ്രവേശനം തടയാന്‍ ഓപ്പറേറ്റര്‍മാര്‍ ശ്രദ്ധിക്കണമെന്നും ബില്ലില്‍ അനുശാസിക്കുന്നു.
കരട് വകുപ്പ് 17 പ്രകാരം ഭാരതത്തില്‍ വിമാനമിറക്കുന്ന വിമാനക്കമ്പനിയും കടല്‍ത്തീരത്ത് (തുറമുഖം) എത്തിച്ചേരുന്ന കപ്പലുകളും മറ്റേതു ഗതാഗത മാര്‍ഗ്ഗത്തിലൂടെയാണെങ്കിലും മറ്റൊരു രാജ്യത്തുനിന്ന് കടന്നുവരുന്നവരുണ്ടെങ്കില്‍ അവരുമായി എത്തുന്നവര്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും പൂര്‍ണ്ണവിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്ന് സൂചിപ്പിക്കുന്നു.
അനധികൃതര്‍ ശിക്ഷിക്കപ്പെടും
1. പാസ്‌പോര്‍ട്ടോ വിസയോ കൂടാതെ ഭാരതത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും
2. വ്യാജ പാസ്‌പോര്‍ട്ടിന് ശിക്ഷാവിധി രണ്ടുവര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമായി ഉയര്‍ത്തും. പത്തുലക്ഷം വരെ പിഴ വേറെയും.
3. മതിയായ രേഖകളില്ലാതെ വിദേശികളെ സഞ്ചാരത്തിന് സഹായിക്കുന്ന കരിയേഴ്‌സിന് 5 ലക്ഷം രൂപവരെ പിഴ. പിഴയടച്ചില്ലെങ്കില്‍ വിദേശി സഞ്ചരിക്കുന്ന വാഹനം(കപ്പലായാലും, വിമാനമായാലും) പിടിച്ചെടുക്കുകയോ തടങ്കലില്‍ വെയ്‌ക്കുകയോ ചെയ്യാം.
4. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയാല്‍ മൂന്നുവര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും.
നിയമവിരുദ്ധ കുടിയേറ്റം, കൃത്രിമ രേഖ നിര്‍മിക്കല്‍, എന്‍ട്രി-എക്‌സിറ്റ് നിയമലംഘനങ്ങള്‍ എന്നിവ തടയുക എന്നതാണ് മേല്പറഞ്ഞ ശിക്ഷകളുടെയും പിഴകളുടെയും ലക്ഷ്യം.
രാജ്യദ്രോഹികളും ഭീകരവാദികളും
അനധികൃത കുടിയേറ്റം പലപ്പോഴും ജോലി തേടിയുള്ളതായിരിക്കണമെന്നില്ല. രാജ്യദ്രോഹ സംഘടനകളുടെ പങ്കാളികളും ഭീകരവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. കടല്‍ത്തീരങ്ങളിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഭാരതത്തിലെത്തുന്നവരുണ്ട്. ബംഗ്ലാദേശില്‍നിന്ന് നദികടന്നെത്തുന്നവരില്‍ ബംഗ്ലാദേശുകാര്‍ മാത്രമല്ല മ്യാന്‍മറിലെ തീവ്രവാദ സംഘടനയില്‍പ്പെട്ടവരുമുണ്ടെന്ന് കണ്ടെത്തിയതാണ്. ഇവരെല്ലാം ഇവിടെ അറിയപ്പെടുന്നത് ബംഗാളികള്‍ എന്ന പേരിലും. ഇവര്‍ക്കൊക്കെ വ്യാജരേഖ ഉണ്ടാക്കിക്കൊടുക്കുന്ന വന്‍സംഘങ്ങളും രാജ്യവിരുദ്ധ കേന്ദ്രങ്ങളുമുണ്ട്. ഭീകരവാദബന്ധമുള്ള ചില മതസംഘടനകളും ഇത്തരം ചെയ്തികളുടെ പിന്നിലുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. ഇവര്‍ പിടിക്കപ്പെട്ടാലും നിയമത്തിന്റെ ബലക്കുറവ് രക്ഷപെടാനുള്ള കവചമാകുന്നു. ഇതിന് പൂട്ടിടുക എന്ന ലക്ഷ്യവും പുതിയ നിയമത്തിന്റെ പിന്നിലുണ്ട്.
അതിഥികള്‍ക്ക് മുന്നറിയിപ്പ്
കേരളത്തിലെത്തുന്ന അതിഥിത്തൊഴിലാളികളില്‍ നല്ലൊരു പങ്കും അയല്‍രാജ്യങ്ങളില്‍ നിന്നെത്തുന്ന അനധികൃതരാണ്. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കുറ്റകൃത്യങ്ങളുടെ പേരില്‍ കഴിഞ്ഞ നാളുകളില്‍ അറസ്റ്റ് ചെയ്തിരിക്കുന്ന അതിഥി തൊഴിലാളികള്‍ പലരും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരിക്കുന്ന കൊടും കുറ്റവാളികളാണെന്നും തെളിയുന്നുണ്ട്. മ്യാന്‍മറില്‍ നിന്നുള്ള രോഹിന്ത്യര്‍, ശ്രീലങ്കക്കാര്‍, പാകിസ്ഥാനികള്‍ എന്നിവരും അനധികൃതരായിട്ടുണ്ട്. ഇവര്‍ക്കായി ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും സൗകര്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്ന രാജ്യാന്തര കണ്ണികളുമുണ്ട്. ഈ കണ്ണികള്‍ പലതും ഭീകരവാദപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിഥികള്‍ക്ക് റേഷന്‍ കാര്‍ഡു മാത്രമല്ല അവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനും കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളിന്ന് മത്സരിക്കുകയാണ്. മധ്യകേരളത്തിലെ നിലവിലുള്ള സാമുദായിക സമവാക്യം പോലും ചരിത്രമാകുകയാണ്. അതിനാല്‍തന്നെ പുത്തന്‍ നിയമനിര്‍മ്മാണം കേരളത്തിന്റെ ആഭ്യന്തര സുരക്ഷ നിലനിര്‍ത്താനും ഭീകരവാദത്തെ അടിച്ചമര്‍ത്താനും വഴിതുറക്കുമെന്ന് പ്രതീക്ഷിക്കാം.
അനധികൃതര്‍ക്കെതിരെ രാജ്യങ്ങള്‍
വിവിധ രാജ്യങ്ങളില്‍ ആഭ്യന്തര സുരക്ഷിത്വത്തിന് വെല്ലുവിളികള്‍ ഉയരുന്ന സംഭവങ്ങള്‍ സ്ഥിരമായി ആവര്‍ത്തിക്കുന്നു. പലപ്പോഴും പിന്നിലാരെന്ന ചോദ്യം എത്തിച്ചേരുന്നത് വിദേശ പൗരന്മാരിലേക്കാണ്. ബംഗ്ലാദേശ്, മ്യാന്‍മര്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, മാലദ്വീപ് തുടങ്ങി അയല്‍രാജ്യങ്ങളില്‍ നിന്ന് യാതൊരു രേഖകളുമില്ലാതെ എത്തുന്നവരുടെ എണ്ണവും പിന്നീടുള്ള പരിശോധനകളില്‍ ഞെട്ടിക്കുന്നതാണ്.
യു.കെ. ഉള്‍പ്പെടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ വിസ നിയമങ്ങള്‍ കടുപ്പിച്ചു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളും അനധികൃതമായി കടന്നുവന്ന സിറിയ, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി തുടങ്ങി വിവിധ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അഴിച്ചുവിട്ട അക്രമങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും അനധികൃതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഈ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. സൗദി അറേബ്യ, യുഎഇ, ഒമാന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ ഔദ്യോഗിക രേഖകളില്ലാത്ത അന്യരാജ്യ പൗരന്മാരെ ജയിലിലടച്ച് എംബസികള്‍ക്ക് കൈമാറി സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നത് കാലങ്ങളായി തുടരുന്നു. അതുകൊണ്ട് വ്യക്തമായ രേഖകളില്ലാത്തവരെ നാടുകടത്തുന്നത് ഒരു പുതിയ ഏര്‍പ്പാടല്ല. പല രാജ്യങ്ങളും കാലങ്ങളായി തുടരുന്നതാണ്.
(കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: