ഭൗതികവാദിയും നിരീശ്വരവാദിയുമായിരുന്ന ദറിദയെ സംബന്ധിച്ച് അനശ്വരസത്ത എന്നത് അംഗീകരിക്കാനാവില്ല. അതിനാല്‍ പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ദെക്കാര്‍ത്ത്, കാന്റ്, ഹെഗല്‍ മുതലായവര്‍ അവതരിപ്പിച്ച അതീന്ദ്രിയ തത്ത്വശാസ്ത്രത്തെ ദറിദ നിരസിച്ചു. ഭൗതിക ലോകത്തെയും മനുഷ്യമനസ്സിനെയും അതിക്രമിച്ചു നില്‍ക്കുന്ന ഒരു തരത്തിലുള്ള ദൈവിക സാന്നിധ്യത്തെയും ദറിദ അംഗീകരിച്ചില്ല. യുക്തിരാഹിത്യം, ക്രമഭംഗം, അനിശ്ചിതത്വം, ഭിന്നത, വിച്ഛേദനം, ഭൗതികവാദം എന്നിവ മാര്‍ക്സിന്റെയും ദറിദയുടെയും തത്വചിന്തകളുടെ പൊതുസ്വഭാവമാണ്. ഇവ തമ്മിലുള്ള വ്യത്യാസമെന്നത് മാര്‍ക്സിന്റെ തത്വശാസ്ത്രം ബാഹ്യലോക യാഥാര്‍ത്ഥ്യത്തിലും സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിക്കുന്നതിലും കേന്ദ്രീകൃതമായിരുന്നുവെങ്കില്‍ ദറിദയുടേതാകട്ടെ ബാഹ്യലോകയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ദൈവിക സാന്നിധ്യത്തെ അടര്‍ത്താന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ ഭാഷ, സാഹിത്യം, സാഹിത്യ നിരൂപണം എന്നീ സാംസ്‌കാരിക മേഖലകളിലേക്കു കൂടി തന്റെ അപനിര്‍മാണ പദ്ധതിയെ വ്യാപിപ്പിക്കുന്നു.
ദറിദയുടെ അപനിര്‍മാണം അടിസ്ഥാനപരമായി മാര്‍ക്സിന്റെയും കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളുടെയും ശൈലിതന്നെയാണ്. മാര്‍ക്സ് ഹെഗലിന്റെ വൈരുദ്ധ്യാത്മക ആദര്‍ശവാദത്തെ വൈരുദ്ധ്യാത്മക ഭൗതിക വാദംകൊണ്ട് കീഴ്മേല്‍ മറിച്ചതുപോലെയാണ് ദറിദ അനശ്വരം-നശ്വരം, മനസ്സ്-ദ്രവ്യം, സര്‍ഗാത്മ സാഹിത്യം-വിമര്‍ശസാഹിത്യം തുടങ്ങിയ ദ്വയാശയങ്ങളെയൊക്കെ അപനിര്‍മിക്കാന്‍ തുനിഞ്ഞത്. കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളുടേതുപോലെ ദറിദയുടേതും വിമര്‍ശന ശൈലിയാണ്. ഈ ശൈലിയില്‍ കേന്ദ്രം-ഉപരിതലം എന്ന പാഠ്യഘടനയിലെ വേര്‍തിരിവ് കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും ദറിദയും ഒരുപോലെ നിരാകരിക്കുന്നുണ്ട്. പാരമ്പര്യ മാര്‍ക്സിസത്തിനെതിരെയുള്ള കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളുടെ പ്രധാന വിമര്‍ശനം, അത് സാമ്പത്തികത്തെ സാമൂഹിക ഘടനയുടെ അടിസ്ഥാനമാക്കി കേന്ദ്രീകരിക്കുകയും, സംസ്‌കാരത്തെ ഉപരിതലത്തിലൊതുക്കുകയും ചെയ്തുവെന്നാണല്ലോ. ദറിദയുടെ അപനിര്‍മാണ പദ്ധതിയില്‍ പ്രധാനപ്പെട്ട ഒന്നാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവയെ കേന്ദ്രീകൃതമാക്കുക വഴി ഘടനയിലെ കേന്ദ്രം-ഉപരിതലം എന്ന ദ്വായാശയത്തെ കീഴ്മേല്‍ മറിക്കുകയെന്നത്. പുരാതന സാഹിത്യവും ആധുനിക സാഹിത്യവും സര്‍ഗാത്മ സാഹിത്യത്തെ കേന്ദ്രമായും വിമര്‍ശസാഹിത്യത്തെ പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദറിദ വിമര്‍ശ സാഹിത്യത്തെ സര്‍ഗാത്മ സാഹിത്യത്തിനുമേല്‍ സ്ഥാപിക്കുന്നതു കാണാം. കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളുടെ രീതിയും ഇതില്‍ നിന്നു വ്യത്യസ്തമല്ല. അവരുടേത് പാരമ്പര്യമാര്‍ക്‌സിസത്തിന്റെ വിമര്‍ശനം മാത്രമല്ല, മറ്റ് പഠനങ്ങളുടെ പൊതു രീതിയും വിമര്‍ശാത്മകമാണ്.
മാര്‍ക്‌സ് പാര്‍ശ്വവല്‍ക്കരിച്ചിരുന്ന കല, സാഹിത്യം, മത വിശ്വാസം, ദര്‍ശനം എന്നിവയുള്‍പ്പെടുന്ന സംസ്‌കാരത്തെ കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകള്‍ ചെയ്ത പ്രകാരം തന്നെ ദറിദ പ്രധാന പാഠ്യവിഷയങ്ങളാക്കുന്നു. കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ ഇവ മാധ്യമമാക്കി കമ്യൂണിസ്റ്റ് ആശയങ്ങളെ ജനമനസ്സില്‍ ഉറപ്പിക്കണമെന്ന് വാദിക്കുന്നു. ദറിദയുടെ അപനിര്‍മാണ പദ്ധതിയുടെ ലക്ഷ്യമാകട്ടെ ഭൗതിക വാദത്തിന് യോജിക്കുന്ന രീതിയില്‍ സംസ്‌കാരത്തെ മുഴുവന്‍ ഉടച്ചുവാര്‍ക്കുകയെന്നതാണ്. വാസ്തവത്തില്‍ കള്‍ച്ചറല്‍ മാര്‍ക്സിസത്തിന്റെ വിത്തുമുളയ്‌ക്കാന്‍ ആവശ്യമായ നിലം ഉഴുതുമറിച്ചിടുകയായിരുന്നു ദറിദ.
സോഷ്യലിസം സ്ഥാപിക്കുന്നതിലേക്കായി സമൂഹത്തെ രണ്ടുവര്‍ഗ്ഗങ്ങളായി തിരിച്ച് അതില്‍ നിലവിലുള്ള അവസ്ഥയാകുന്ന മുതലാളിത്തത്തിന്റെ മേല്‍ക്കോയ്മ തകര്‍ത്ത് തൊഴിലാളി വര്‍ഗ്ഗത്തിനു മേല്‍ക്കോയ്മ നല്‍കണമെന്ന കാറല്‍ മാര്‍ക്സിന്റെ പദ്ധതി ദറിദയുടെ ഭാഷയില്‍ പറഞ്ഞാല്‍ അപനിര്‍മാണം (deconstruction) ആയിരുന്നു. മാര്‍ക്സ് സാമ്പത്തിക വ്യവസ്ഥയുടെ മാറ്റത്തിനായി അപനിര്‍മാണം ഉദ്ദേശിച്ചുവെങ്കില്‍ ദറിദ സാംസ്‌കാരിക മേഖലയിലേക്കാണ് കടന്നുകയറിയത്. പുരാതന കാലംമുതല്‍ ആധുനിക കാലം വരെയും സാംസ്‌കാരിക രംഗത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ആശയങ്ങളെ കേന്ദ്രീകൃതമാക്കുന്ന പദ്ധതിയാണ് ദറിദയുടെ അപനിര്‍മാണം.
‘ഡീകണ്‍സ്ട്രക്ഷന്‍’ എന്ന് ദറിദ പ്രയോഗിച്ച സാങ്കേതിക പദം പ്രത്യേക രീതിയിലുള്ള ഡിസ്ട്രക്ഷന്‍ (റലേെൃൗരശേീി) അഥവാ ധ്വംസനമാണ്. ആശയങ്ങളെ നേരിട്ടുള്ള നശിപ്പിക്കല്‍ അല്ല, പകരം വിപരീത ആശയങ്ങളെ അവയ്‌ക്ക് മുകളില്‍ സ്ഥാപിക്കുക വഴി അതിന്റെ ആധിപത്യം തകര്‍ക്കുകയെന്നതാണ് ഉദ്ദേശ്യം. ദറിദയുടെ ഖണ്ഡനപരമായ ഈ വിമര്‍ശന ശൈലിയാണ് മലയാളത്തില്‍ അപനിര്‍മാണം എന്ന് വിളിക്കപ്പെടുന്നത്.
‘സ്ഫോടം’ ഭാഷയുടെ അടിസ്ഥാനതത്ത്വം
പുരാതന ഭാരതത്തില്‍ പാണിനി, പതഞ്ജലി, ഭര്‍ത്തൃഹരി എന്നീ വയ്യാകരണന്മാരുടെ അഖണ്ഡവാദത്തില്‍ വാക്കുകള്‍ക്ക് സ്വതന്ത്രമായ അര്‍ത്ഥങ്ങള്‍ ഉണ്ടെങ്കിലും ആശയവിനിമയത്തില്‍ അവയെ സന്ദര്‍ഭോചിതമായി അര്‍ത്ഥവത്താക്കുന്നത് വാക്യത്തിന്റെ ഘടന അഥവാ വ്യാകരണമാണ്. വാക്കുകള്‍ ഉച്ചരിക്കുന്നയാളിന്റെ താല്‍പ്പര്യവും അര്‍ത്ഥവിനിമയത്തില്‍ പ്രധാനവുമാണ്. ആധുനിക കാലത്ത് പാശ്ചാത്യ ഭാഷാപണ്ഡിതന്മാരില്‍ സൊസൂര്‍ മാത്രമല്ല, നോം ചോംസ്‌കിയും ഭാഷയെ അപഗ്രഥിച്ചത് ഭര്‍ത്തൃഹരിയുടെ തത്ത്വവീക്ഷണത്തിന് സമാനമായിട്ടാണ്. ചോംസ്‌കിയുടെ സിദ്ധാന്തമനുസരിച്ച് ഒരു ശിശു ജനിക്കുന്നതുതന്നെ വ്യാകരണമാകുന്ന ഭാഷാ ഘടനയുടെ രൂപരേഖയുമായിട്ടാണ്. ജന്മനാലുള്ള ഈ വിധാനത്തിലേക്ക് പുറമെ നിന്ന് വാക്കുകള്‍ പ്രവേശിക്കുന്നു. ഇപ്രകാരമാണ് കുട്ടിക്ക് ഭാഷ സ്വായത്തമാകുന്നത്. ഇതുകൊണ്ടാണ് വ്യാകരണം പ്രത്യേകിച്ച് പഠിക്കാതെ തന്നെ കുട്ടികള്‍ മാതൃഭാഷ സംസാരിച്ചു തുടങ്ങുന്നത്. ഇതില്‍ നിന്ന് ചോംസ്‌കിയുടെ നിഗമനം മനുഷ്യന് ജന്മനാ കിട്ടിയിട്ടുള്ള സിദ്ധികളില്‍ വ്യാകരണവും ഉള്‍പ്പെടുന്നുവെന്നാണ്.
മനുഷ്യന്റെ ഭാഷാപരമായ ജന്മവാസനയെ വൈയ്യാകരണന്മാര്‍ ‘സ്‌ഫോട’മെന്നു വിളിക്കുന്നു. ഭാഷയുടെ സൂക്ഷ്മമായ അടിസ്ഥാന തത്ത്വമാണ് സ്ഫോടം, ഇത് മനുഷ്യന് ജന്മസിദ്ധമാണ്. ഇതുകാരണമാണ് മനസ്സുകള്‍ തമ്മില്‍ ആശയ വിനിമയം നടക്കുന്നത്. സ്‌ഫോടം എന്ന ശബ്ദതത്ത്വം ഭാഷയുടെ മാത്രമല്ല ദൃശ്യപ്രപഞ്ചത്തിന്റെ മുഴുവന്‍ അടിസ്ഥാനതത്ത്വമാണ്. അതിനാല്‍ അത് സര്‍വ്വവ്യാപിയാകുന്നു. ഭര്‍ത്തൃഹരി ‘വാക്യപദീയ’ത്തില്‍ പറയുന്നത്, ഒരാള്‍ക്ക് തന്റെ ആശയത്തെ സ്ഥൂലരൂപത്തിലുള്ള വാക്കായി ഉച്ചരിക്കാന്‍ സാധിക്കുന്നതും, ശ്രോതാവിന് ഭൗതിക തലത്തിലൂടെ കടന്നുവരുന്ന ഈ ശബ്ദത്തെ വീണ്ടും ആശയമായി ഗ്രഹിക്കാന്‍ സാധിക്കുന്നതും സര്‍വവ്യാപിയായ സ്‌ഫോടത്തിന്റെ സാന്നിധ്യം മൂലമാണെന്നാണ്. ഒരാള്‍ ഒരാശയം പ്രകടമാക്കുമ്പോള്‍, ആശയം സൂക്ഷ്മമായ മനോവൃത്തിയാണെങ്കിലും അത് സ്ഥൂലവാക്കായി (വൈഖരിശബ്ദം) ഉച്ചരിക്കപ്പെടുകയും, പിന്നെ അത് ഭൗതിക ശബ്ദ തരംഗങ്ങളായി സഞ്ചരിച്ച് ശ്രോതാവിന്റെ മനസ്സില്‍ വീണ്ടും ആശയമായി തെളിയുകയും ചെയ്യുന്നു. ഇപ്രകാരം ജൈവവും ഭൗതികവും മാനസികവും ആയിട്ടുള്ള വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ആശയത്തെ ആ തലങ്ങള്‍ തമ്മിലുള്ള വിടവുകളിലൂടെ കടത്തുന്നത് സൂക്ഷ്മശക്തിയും സര്‍വ്വവ്യാപിയുമായ സ്ഫോടമാണ്. ഇതുതന്നെയാണ് ഭാഷയുടെ ഘടനയെ അഥവാ വ്യാകരണത്തെയും നിലനിര്‍ത്തുന്നത്.
എന്നാല്‍ ഉത്തരഘടനാവാദിയായ ദറിദയ്‌ക്ക് സ്വീകാര്യമായത് നയ്യായികന്മാരുടെ പദവാദമാണ്. ഘടനയയെ നിലനിര്‍ത്തുന്ന ഭര്‍ത്തൃഹരിയുടെ സ്ഫോടത്തെ നിഷേധിക്കുകയെന്നതാണ് ദറിദ ഇതിലൂടെ ലക്ഷ്യമിടുന്നത്. കാരണം സ്ഫോടം അതീന്ദ്രിയ തത്ത്വമാണല്ലോ. ദറിദ സ്ഫോടത്തെ നേരിട്ട് എതിര്‍ക്കുന്നതിനു പകരം അരിസ്റ്റോട്ടിലിന്റെ ലോഗോസിനെ എതിര്‍ക്കുന്നു. പക്ഷേ ഭാരതത്തിന്റെ സംഭാവനയാകുന്ന പദവാദത്തെയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍ ഭാരതീയ ഭാഷയിലെ ആത്മീയ സംസ്‌കാരത്തെയാണ് ദറിദ എതിര്‍ക്കുന്നതെന്ന് സ്പഷ്ടം.
ദറിദയ്‌ക്ക് മൗലികതയില്ല
ഭര്‍ത്തൃഹരിയുടെ സ്ഫോടത്തിന് നേരെ വിപരീതമായിട്ടുള്ളതാണ് ദറിദയുടെ ഡിഫറാന്‍സ് (diffarance) അഥവാ വ്യതിരിക്തത എന്ന സങ്കല്പനം. ഇത് ഇംഗ്ലീഷ് പദമായ ഡിഫറന്‍സില്‍ (difference)നിന്ന് വ്യത്യസ്തമായ സാങ്കേതിക പദമാണ്. ഇതനുസരിച്ച്, സ്പഷ്ടമാക്കപ്പെടുന്ന ഏതൊരു ധാരണയും അത് ‘എന്താണ്’ എന്ന് വ്യക്തമാക്കുന്നതോടൊപ്പം ‘എന്തല്ല’ എന്നും ധ്വനിപ്പിക്കുന്നു. അതിനാല്‍ ദറിദ വാദിക്കുന്നത്, ഭേദമാണ് ഭാഷയും സാഹിത്യവും വികാസം പ്രാപിക്കുന്നതിന് ആധാരം. അതിനാല്‍ ഭേദമില്ലെങ്കില്‍ ഭാഷയും സാഹിത്യവുമില്ല.
ഭാഷയില്‍ ഭേദതത്ത്വത്തെ ആദ്യമായി അവതരിപ്പിച്ചത് ദറിദയല്ല. നയ്യായികന്മാരെ പിന്‍പറ്റി സൊസൂര്‍ പ്രസിദ്ധപ്പെടുത്തിയ ഘടനാവാദം ഭാഷയുടെ വിഭിന്നതയും ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍ ദറിദയുടെ ‘ഡിഫറാന്‍സ്’ പുതിയ കണ്ടുപിടിത്തമല്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയെന്നു മാത്രം. ഭാഷയില്‍ ശബ്ദങ്ങളെ വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നത് അവയുടെ ഭേദസ്വഭാവം കാരണമാണ്. എന്നാല്‍ ഈ ഭേദങ്ങള്‍ ഉള്ളതുകൊണ്ടുതന്നെയാണ് അവയെ യോജിപ്പിച്ച് ഭാഷയ്‌ക്ക് ഘടന നല്‍കേണ്ടിവരുന്നത്. അപ്പോള്‍ മാത്രമേ അത് വിനിമയക്ഷമതയുള്ളതാകൂ.
ദറിദയുടെ വീക്ഷണത്തില്‍ ഭാഷയ്‌ക്ക് സാരം വ്യക്തമാക്കാന്‍ കഴിയുന്നത് അതിന്റെ ഘടനകൊണ്ടല്ല, വ്യതിരിക്തസ്വഭാവം കൊണ്ടുമാത്രമാണ്. ഭാഷയുടെ ഈ വ്യതിരിക്തത ഭാഷക്കതീതമായി നിന്നുകൊണ്ട് ഭാഷയെ സ്വാധീനിക്കുന്ന അതീന്ദ്രിയ ശക്തിയല്ല, അത് ഭാഷയ്‌ക്കുള്ളില്‍ത്തന്നെ അടങ്ങിയിട്ടുള്ളതാണ്. ഭര്‍ത്തൃഹരിയുടെ സ്ഫോടമാകട്ടെ സര്‍വ്വവ്യാപിയായതിനാല്‍ ഭാഷയ്‌ക്കുള്ളിലും പുറമെയും സ്ഥിതിചെയ്യുന്ന അതീന്ദ്രിയ തത്ത്വമാണ്. ഭാഷയ്‌ക്കുള്ളില്‍ ഇതിന്റെ സൂക്ഷ്മവ്യാപനം മൂലമാണ് ശബ്ദങ്ങള്‍ തമ്മിലുള്ള ഭേദത്തെയും, വാക്കും ആശയവും തമ്മിലുള്ള വിടവിനെയും ഭാഷയ്‌ക്ക് നികത്താന്‍ സാധിക്കുന്നത്.
ഭര്‍ത്തൃഹരി ‘വാക്യപദീയ’ത്തില്‍ സ്ഥാപിക്കുന്ന സ്ഫോടം ഭാഷയുടെ അടിസ്ഥാനതത്ത്വം മാത്രമല്ല, ഇതുതന്നെയാണ് ദൃശ്യപ്രപഞ്ചത്തിന്റെ മുഴുവന്‍ അടിസ്ഥാനതത്ത്വം. ഇതിനെയാണ് വൈദിക ഋഷികള്‍ ‘ശബ്ദബ്രഹ്മം’ എന്നു വിശേഷിപ്പിച്ചത്. മനുഷ്യന്റെ ഉള്ളില്‍ അതിസൂക്ഷ്മമായ ‘പരാ’ അവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന സ്ഫോടം ഭാഷയുടെ രൂപത്തില്‍ പ്രകടമാകുന്നത് ആദ്യം മനസ്സിന്റെ പ്രകാരമായിട്ടാണ്. ഇത് ഭാഷയുടെ ‘പശ്യന്തി’ എന്ന അവസ്ഥയില്‍ മനസ്സില്‍ നിന്ന് വ്യത്യസ്തമായി അനുഭവപ്പെടുന്നില്ല. ‘മധ്യമാ’ എന്ന അവസ്ഥയിലാകട്ടെ വ്യാകരണ ഘടനയോടുകൂടിയ ആശയ രൂപത്തില്‍ വാചകന് ഉള്ളില്‍ ദൃശ്യമാകുന്നു. ഈ ആശയത്തെയാണ് വാചകന്‍ സ്ഥൂലരൂപത്തില്‍ (വൈഖരി) ഉച്ചരിക്കുന്നത്.
ദറിദയുടെ സിദ്ധാന്തത്തില്‍ ഭാഷയുടെ ചാലകശക്തിയാകുന്ന ഡിഫറാന്‍സ് അതിന്റെ എല്ലാത്തരം പ്രകടനങ്ങളിലും, വായ്മൊഴിയായാലും വരമൊഴിയായാലും ഭേദത്തെയാണ് പ്രദര്‍ശിപ്പിക്കുന്നത്. അനിശ്ചിതത്വമാണ് യാഥാര്‍ത്ഥ്യമെന്നു സ്ഥാപി
ക്കാന്‍, ഡിഫറാന്‍സ് ഒരു നിശ്ചലതത്ത്വമല്ലെന്നും, അത് സ്വയം വ്യതിയാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ശക്തിയാണെന്നും ദറിദ വാദിക്കുന്നു. പക്ഷേ ദറിദയുടെ ഈ വ്യതിരിക്തതാ വാദത്തില്‍ അനേകം വൈരുദ്ധ്യങ്ങളുണ്ട്: ഒന്നാമതായി, ഭാഷയെ പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ ഡിഫറാന്‍സ് സ്വയം പരിണാമവിധേയമാകണമെന്നതാണ് ദറിദയുടെ പക്ഷം. അപ്പോള്‍പ്പിന്നെ ഡിഫറാന്‍സിന്റെ പരിണാമത്തിന് മറ്റൊരു ചാലകശക്തികൂടി ഉണ്ടാകണം. ഇത് അംഗീകരിക്കാത്ത ദറിദയുടെ വ്യതിരിക്തതാ വാദം തികച്ചും അയുക്തികമാണ്.
മറ്റൊരു വൈരുദ്ധ്യം, ഭാഷയ്‌ക്ക് തുടക്കം കുറിക്കാനാവില്ലെന്ന ദറിദയുടെ നിലപാടാണ്. ഇതിനര്‍ത്ഥം ഡിഫറാന്‍സിനും തുടക്കമില്ലെന്നാണ്. തുടക്കമില്ലാത്ത തത്ത്വങ്ങള്‍ കാലാനുസാരിയല്ലാത്തവയാണ്. ഇത്തരം സങ്കല്‍പ്പനങ്ങളെയാണ് അതീന്ദ്രിയ തത്ത്വങ്ങളായി പരിഗണിക്കാറുള്ളത്. അതിനാല്‍ ഇവിടെ ദറിദയുടെ ഡിഫറാന്‍സ് അതീന്ദ്രിയ തത്ത്വമായി പരിണമിക്കുന്നു.
മൂന്നാമത്തെ വൈരുദ്ധ്യം, ഭാഷയുടെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലാംശങ്ങളെ തിരിച്ചറിയുന്നത് ഭാഷയ്‌ക്കുള്ളിലെ ഡിഫറാന്‍സ് മൂലമാണെന്ന് ദറിദ വാദിക്കുന്നുണ്ട്. ഭാഷയ്‌ക്ക് ഇപ്രകാരം കാലാംശങ്ങളുണ്ടെങ്കില്‍ അതിന് തുടക്കവും ഉണ്ടായിരിക്കണം. കാലം എന്നതുതന്നെ സംഭവങ്ങളുടെ തുടക്കവും ഒടുക്കവുമാകുന്ന പരമ്പരയാണ്. ഭാഷയുടെ കാലാംശങ്ങള്‍ക്ക് കാരണം ഡിഫറാന്‍സ് ആണെങ്കില്‍ ഭാഷയ്‌ക്ക് തുടക്കം കുറിക്കാനായി അതിനുമുമ്പുതന്നെ ഡിഫറാന്‍സ് ഉണ്ടായിരിക്കേണ്ടതാണ്. അതായത് ഭാഷയ്‌ക്കതീതമായി ഭാഷയുടെ ചാലക ശക്തിയായി ഡിഫറാന്‍സ് നിലകൊള്ളേണ്ടതാണ്. എന്നാല്‍ ഭാഷയെ പുറമെ നിന്നു നിയന്ത്രിച്ചേക്കാവുന്ന അതീന്ദ്രിയ സാന്നിധ്യങ്ങളെയെല്ലാം ഒഴിവാക്കണമെന്ന ശാഠ്യത്താല്‍ ദറിദ അവയ്‌ക്കെതിരെ അനേകം പുസ്തകങ്ങളിലൂടെ അധികപ്രസംഗം നടത്തി. ഒടുവില്‍ ഡിഫറാന്‍സ് എന്ന തത്ത്വത്തെ ഭാഷയ്‌ക്ക് കാരണമാകുന്ന, ഭാഷയ്‌ക്കതീതമായി നില്‍ക്കുന്ന അതീന്ദ്രിയ തത്ത്വമായി സ്ഥാപിച്ചിരിക്കുന്നു.
ദറിദയുടെ ഡിഫറാന്‍സ് ഇപ്രകാരം പരാജയമാണെങ്കിലും, ദറിദ ആഹ്വാനം ചെയ്ത അപനിര്‍മാണം നിരവധി കലാസാഹിത്യ രചനകളെ ഇന്ന് സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യത്തിലൂടെ ആത്മീയ സംസ്‌കാരത്തെ ഭൗതികമായ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തളയ്‌ക്കാന്‍ ഉദ്ദേശിച്ചുള്ള ദറിദയുടെ പരിശ്രമം കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് ഏറെ സ്വീകാര്യവും സൗകര്യപ്രദവുമായിരുന്നു.
(തുടരും)
(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: