ജീവിതം എന്നത് അപ്രതീക്ഷിത്വങ്ങളുടെ ആകെത്തുകയാണ്. എന്നാല്‍, ആ ജീവിതം ജീവിക്കുന്നവര്‍ക്കുമാത്രമാണ് ഇത് ഒരു അപ്രതീക്ഷിതത്വമാണ് എന്ന് തോന്നുന്നത്. അദൃശ്യമായി നമുക്ക് പുറകില്‍ നിന്ന് ആരോ നടത്തുന്ന കൃത്യമായ പദ്ധതികളിലെ കരുക്കള്‍ മാത്രമാണ് നമ്മളെല്ലാം എന്നാണ് പ്രായം നല്‍കിയ അറിവിലൂടെ നമ്മള്‍ മനസ്സിലാക്കേണ്ടത്.
പ്രയാഗ് രാജില്‍ ഈ വര്‍ഷം നടന്ന കുംഭമേള പൂര്‍ണ്ണ കുംഭമേളയായിരുന്നു; ഒപ്പം മഹാകുംഭമേളയും. ഈ കുംഭമേളയില്‍ ഹിന്ദുസന്ന്യാസിസമൂഹം തെക്കേ ഇന്ത്യയ്‌ക്കു വേണ്ടി മഹാമണ്ഡലേശ്വരായി വാഴിച്ച സ്വാമി ആനന്ദവനം ഭാരതിയുമായി ഒത്തുകൂടിയ പലപല സന്ദര്‍ഭങ്ങള്‍ ഓര്‍ത്തപ്പോഴാണ് അപ്രതീക്ഷിതം എന്ന് തോന്നുമെങ്കിലും കൃത്യമായി ആരോ കരുനീക്കുന്നതാണ് നമ്മുടെ ഓരോ ദിവസവും എന്ന് തോന്നിയത്.
ഞാന്‍ കുഞ്ഞുനാള്‍ മുതല്‍ ഒരു ഈശ്വര വിശ്വാസിയായിരുന്നു. എന്നാല്‍ പൂര്‍വ്വാശ്രമത്തില്‍ സ്വാമി ആനന്ദവനം ഭാരതി അപ്രകാരമായിരുന്നില്ല. ഞങ്ങള്‍ ഒരേ കലാലയത്തില്‍ ഒരേ കാലത്ത് പഠിച്ചവരാണ്. രണ്ടുപേരും പരസ്പരം കടിച്ചുകീറുന്ന വിദ്യാര്‍ത്ഥിസംഘടനകളില്‍ സജീവമായിരുന്ന കാലം.
ആശയങ്ങള്‍ വ്യത്യസ്തം, മുദ്രാവാക്യങ്ങള്‍ നേര്‍വിപരീതം, വിശാലമായ ലക്ഷ്യങ്ങളിലും ഇതേ വൈരുദ്ധ്യം. അപ്രകാരമുള്ള രണ്ടു പേരാണ് കാലങ്ങള്‍ക്കുശേഷം ഒരേ ലക്ഷ്യത്തിനുവേണ്ടി എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്.
ഈ ഇറങ്ങിത്തിരിക്കലിനും മുന്‍പ് കുറേ തവണ ഞങ്ങള്‍ ചില പ്രധാന യോഗങ്ങളില്‍ ഇരുന്ന്, ചില പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതെല്ലാം ഇവിടെ മുകളില്‍ സൂചിപ്പിച്ച ജീവിതത്തിലെ അപ്രതീക്ഷിതത്വങ്ങളായി ഞാന്‍ കരുതുന്നു. എന്നാല്‍ ഈ ഒത്തുചേരലും ഒരുമിച്ചുള്ള യാത്രയുമെല്ലാം മറ്റാരോ അവരുടെ ഏതോ പദ്ധതിയില്‍ എന്നേ തീരുമാനിച്ചതാണെന്ന് ഒപ്പം തിരിച്ചറിയുകയും ചെയ്യുന്നു.
ശരിക്കും ഒരു ചാണക്യന്‍
ഓരോ യോഗങ്ങളിലും ഞാന്‍ സ്വാമിയെക്കുറിച്ച് ചിന്തിച്ചിട്ടുള്ളത് ‘ആശയങ്ങളുടെ ആള്‍രൂപമാണല്ലോ’ എന്നാണ്. കൃത്യമായ ചരിത്ര ബോധം, ഏതു വിഷയത്തിലും ആഴത്തിലുള്ള അറിവ്, നൂതന സാങ്കേതിക വിദ്യകളില്‍ പ്രാഗത്ഭ്യം. ഇപ്രകാരം, ഏതെടുത്താലും ‘കേമന്‍’ എന്ന് നിസ്സംശയം പറയാവുന്ന വ്യക്തി. ആജ്ഞാശക്തിയുള്ള തീക്ഷ്ണനയനങ്ങളും, എന്തിനെയും കൂസാതെയുള്ള നടത്തവും, എടുക്കുന്ന തീരുമാനങ്ങളിലെ വ്യക്തതയും, പദ്ധതികള്‍ നടത്തിയെടുക്കാന്‍ കണ്ടെത്തുന്ന വിശാലവും വിശേഷവുമായ വഴികളും കണ്ട്, ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് യോഗം കഴിഞ്ഞ് പിരിയാന്‍നേരം എന്നോട് പറഞ്ഞു. ”ഇയാള്‍ ശരിക്കും ചാണക്യന്റെ ജന്‍മമാണല്ലോ.”
ഈ പ്രസ്താവനയാണ് സ്വാമിയെക്കുറിച്ച് ലോകത്തോട് എനിക്കും പറയാനുള്ളത്-ചാണക്യനാണ്. ധര്‍മ്മത്തില്‍ ഉറച്ചുനില്‍ക്കുക. സധൈര്യം കാര്യങ്ങളെ നേരിടുക. എതിര്‍പ്പുകളെ തൃണവല്‍ഗണിക്കുക, ശത്രുവിനെ ഇനി തലയുയര്‍ത്താനാവാത്ത വിധം ബൗദ്ധികമായി തകര്‍ത്തുകളയുക എന്നീ ഗുണങ്ങളില്‍ ചിലതെങ്കിലും ദുര്‍ഗുണമല്ലേ എന്നുതോന്നാം. എന്നാല്‍, ഈ പറഞ്ഞതെല്ലാം ധര്‍മ്മത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് ചെയ്യുന്നത് എന്നതിനാല്‍, ഇതെല്ലാം കര്‍മ്മധീരനായ ഒരു ഗുരുവിന്റെ ഗുണങ്ങളാണ് എന്നുറപ്പിച്ച് പറയാം.
സ്വാമികളുടെ പൂര്‍വ്വാശ്രമം
സ്വാമി ആനന്ദവനം ഭാരതി എന്ന ഈ പുണ്യപുരുഷനെ രൂപപ്പെടുത്തിയത് ആര് എന്ന ചോദ്യത്തിന്, ‘മുത്തശ്ശനാണ്’ എന്നാണ് ഉത്തരം. അച്ഛാച്ചനും അച്ഛമ്മയും മുത്തശ്ശനും മുത്തശ്ശിയും വളര്‍ത്താത്ത കുട്ടികള്‍ക്ക് നഷ്ടങ്ങള്‍ എത്രയാണെന്ന് അപ്രകാരം വളര്‍ന്നുവന്ന കുട്ടികള്‍ക്കേ അറിയൂ. എന്തിനെയും കണ്ടും കൊണ്ടും അനുഭവിച്ചും സഹകരിച്ചും പഠിക്കാന്‍ മുത്തശ്ശനാണ് കുട്ടിക്കാലത്തുതന്നെ പഠിപ്പിച്ചത്. പഠിപ്പിച്ചത് എന്നും പറയാന്‍ പറ്റില്ല. പഠിക്കാന്‍ വിട്ടത് എന്നു പറയാം. മുത്തശ്ശന്റെ കൂടെ നടന്ന് പ്രകൃതിയോട് വല്ലാത്തൊരിഷ്ടത്തിലെത്തി. ഒട്ടും തനിക്കുവേണ്ടിയല്ലാത്ത അദ്ധ്വാനത്തില്‍നിന്നും ലഭിക്കുന്ന ആനന്ദം എന്താണെന്ന് അറിയുന്നത് മുത്തശ്ശന്റെ കൂടെയുള്ള യാത്രകളില്‍നിന്നാണ്. ഇതോടൊപ്പം അമ്മാവന്റെ വിപ്ലവചിന്തകള്‍കൂടി കലര്‍ന്നതോടെ, ലോകക്ഷേമത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്ന ഒരു വിപ്ലവകാരി ജനിക്കുകയായി.
നാരായണമേനോന്‍ എന്ന അമ്മാവന്റെ നേതൃത്വത്തില്‍ വീട്ടുമുറ്റത്തു നടന്ന വിപ്ലവനാടകങ്ങളുടെ ഒരുക്കങ്ങളും റിഹേഴ്‌സലുകളും കണ്ട് ഈ വിപ്ലവകാരിക്കുട്ടി മികച്ച സംഘാടകനായി മാറുകയുമായിരുന്നു.
വിപ്ലവകാരിയുടെ വര്‍ഷങ്ങള്‍
അമ്മാവന്‍ നിയന്ത്രിച്ചതും പ്രസിദ്ധീകരിച്ചതുമായ ‘പാഠഭേദം’ മാസികയിലൂടെയാവണം പത്രപ്രവര്‍ത്തനരംഗത്ത് ശ്രദ്ധയൂന്നുന്നത്. മുത്തശ്ശന്‍ മനസ്സിലിട്ട ജേര്‍ണലിസത്തിന്റെ വിത്ത് മുളപൊട്ടി ഒടുവില്‍ ജേര്‍ണലിസത്തില്‍ പ്രസ് അക്കാഡമിയില്‍നിന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് എടുക്കുകയും പ്രധാന പത്ര സ്ഥാപനങ്ങളിലും മാസികകളിലും പ്രവര്‍ത്തിക്കുകയും ചെയ്തു.
ഉള്ളില്‍ കത്തിനില്‍ക്കുന്ന ഊര്‍ജ്ജം വിദ്യാലയകാലത്തുതന്നെ എത്തിച്ചത് എസ്എഫ്‌ഐയിലാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പ്രീഡിഗ്രിക്കാലം സജീവരാഷ്‌ട്രീയത്തിലേക്കുള്ള കാലെടുത്തുവയ്‌പ്പായി. തുടര്‍ന്ന് ഡിഗ്രിക്കാലവും പിജിക്കാലവും ‘കേരളത്തിന്റെ ജെഎന്‍യു’ എന്ന് ചിലരെങ്കിലും പറയുന്ന തൃശ്ശൂര്‍ കേരളവര്‍മ്മ കോളജില്‍. പഠിക്കുന്നതും രാഷ്‌ട്രീയംതന്നെയാവട്ടെ എന്നു തീരുമാനിച്ചു. ഡിഗ്രിയും പിജിയും ചെയ്തത് പൊളിറ്റിക്കല്‍ സയന്‍സില്‍. മികച്ച പ്രാസംഗികനും സംഘാടകനും ആയി മാറി. അങ്ങനെ തൃശ്ശൂര്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി മാറുന്നു.
സമരകാലവും ഒഴിവുകാലവും
വിദ്യാര്‍ത്ഥിസമരങ്ങള്‍ കേരളത്തെ കലാപഭൂമിയാക്കിയ കാലം. തൃശ്ശൂര്‍സമരവും സ്വാഭാവികമായും അക്രമാസക്തമാവുന്നു. പോലീസുമായുള്ള സംഘര്‍ഷങ്ങള്‍ സംഭവങ്ങളില്‍ ഒരു ചെവിയുടെ കേള്‍വി വിപ്ലവ പ്രസ്ഥാനത്തിന് കൊടുത്ത കഥയും ഏറെ പ്രശസ്തമാണ്.
ഒരു വിദ്യാത്ഥിസമരക്കാലത്ത്, എവിടെ കണ്ടാലും പോലീസ് പിടിച്ച് അകത്തിടും എന്ന അവസ്ഥ വന്നപ്പോള്‍, പാര്‍ട്ടിതന്നെ നിര്‍ദ്ദേശിച്ചതിന്‍പ്രകാരം മുങ്ങാന്‍ തീരുമാനിക്കുന്നു. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ട് പൊങ്ങിയാല്‍ മതി എന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. എവിടേക്ക് മുങ്ങുമെന്ന് സഖാവിന് അധികം ചിന്തിക്കേണ്ടി വന്നില്ല. 2001-ലെ പ്രയാഗ്രാജ് കുംഭമേള നടക്കുന്ന സമയമാണ്. ലക്ഷങ്ങള്‍ ഒഴുകിവരുന്ന ആള്‍ക്കടലിലേക്ക് ചെന്ന് അതിലൊരു തുള്ളിമനുഷ്യനായാല്‍ ആര് കാണാന്‍! അങ്ങനെ സഖാവ് കിട്ടിയ കാശുംകൊണ്ട് പ്രയാഗ് രാജിലെത്തുന്നു. പ്രാകൃതം എന്നും, സന്ന്യാസിമാരുടെ നഗ്‌നതാപ്രദര്‍ശനം എന്നുമുള്ള കുസൃതിച്ചിരിയുമായി ചെന്ന സഖാവിനെ നോക്കി, മുപ്പത്തിമുക്കോടി ദേവതകളും ഒന്ന് നിറഞ്ഞ് ചിരിച്ചു. ”വാ മോനേ, നിനക്കിനി ഒരുപാട് പണിയുണ്ട് ഈ രാഷ്‌ട്രത്തില്‍ ചെയ്യാന്‍” എന്നായിരുന്നു ആ ചിരിയുടെ, വാത്സല്യം നിറഞ്ഞ അര്‍ത്ഥം.
പിടികൂടിയ കുംഭമേള
കുംഭമേളാത്തിരക്കില്‍ ഒളിഞ്ഞിരിക്കാന്‍ ചെന്ന സഖാവ് ചുരുങ്ങിയ കാശിന് വൈക്കോലും ചാണക വറളിയും സംഘടിപ്പിക്കുന്നു. ഈ സഖാവിന്റെതന്നെ ചിരിനിറഞ്ഞ ഭാഷയില്‍ പറഞ്ഞാല്‍; ”അന്നേ ഗോമാതാവ് ഭക്ഷിക്കുന്ന വൈക്കോലില്‍ ഞാന്‍ ഉറങ്ങിയിട്ടുണ്ട്, അന്നേ ചാണകം കത്തിച്ച ചൂടില്‍ ഞാന്‍ അന്തിയുറങ്ങിയതാണ്.”
പിന്നെ വലിയ താമസമുണ്ടായില്ല. എന്താണ് ഇങ്ങനെ ജനസഹസ്രങ്ങള്‍ കുംഭമേളയ്‌ക്ക് ഒഴുകിയെത്താന്‍ കാര്യം എന്ന മനസ്സിലെ ചോദ്യത്തിന് ഉത്തരം കിട്ടിയേ തീരൂ എന്നായി. ആരും ക്ഷണിക്കാതെ, ഒരു വഴിപാടിനും വേദിയില്ലാതെ, ഒരു പ്രസാദവും കൊടുക്കാതെ ഒരു ഇടം! സന്ന്യാസികള്‍ ഒഴുകിയെത്തുന്നു, ആളുകളും തിരകളായെത്തുന്നു. ശാന്തമായി തീര്‍ത്ഥത്തില്‍ മുങ്ങി വന്നതില്‍പ്പരം ആനന്ദത്തില്‍ മടങ്ങുന്നു!
ഈ ആനന്ദനടനത്തിന്റെ രഹസ്യമെന്താണ് എന്ന അന്വേഷണത്തില്‍ ആദ്യം പാലാഴിമഥനത്തിന്റെയും അമൃതിന്റെയും കഥയിലെത്തി. പിന്നെ അതിന്റെ തത്വത്തിലും ശാസ്ത്രത്തിലുമെത്തി. ഏവരും ചിന്തിച്ചപോലെ, ഉള്ളിലെ ആധുനികന്‍ ചിന്തിച്ചതിങ്ങനെ; ആധുനിക ശാസ്ത്രം ഒട്ടും പുരോഗമിക്കാത്ത പണ്ടും ഈ കുംഭമേളകള്‍ വിഘ്‌നമേതുമില്ലാതെ നടന്നിരുന്നു!
ആരും ഒരറിയിപ്പും നല്‍കാതെ, കാടും മേടുമിറങ്ങി കൃത്യമായി മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഭാരതത്തിലെ സന്ന്യാസിമാരെല്ലാം നാസിക്കിലും ഹരിദ്വാറിലും പ്രയാഗ്രാജിലും ഉജ്ജയ്‌നിലും ഒത്തുകൂടിയിരുന്നു. വന്നവര്‍ ഗുരു-ശിഷ്യ സംവാദങ്ങള്‍ നടത്തുന്നു. ഇനിയുള്ള വര്‍ഷങ്ങളില്‍ ഭാരതത്തിലെ ഹൈന്ദവസമൂഹം എങ്ങനെ ധര്‍മ്മത്തിലൂന്നി ജീവിതം മുന്നോട്ടുപോകണമെന്ന് തീരുമാനിക്കപ്പെടുന്നു.
ദേവതകള്‍ പിടികൂടുന്നു
പുച്ഛവും പരിഹാസവും നിഷേധവും ആദ്യം അത്ഭുതങ്ങള്‍ക്കും, പിന്നെ അന്വേഷണങ്ങള്‍ക്കുമായി ഭാവം മാറി. അറിഞ്ഞതിലേറെ അറിയാന്‍ ഉണ്ടെന്ന അറിവിലെ ആനന്ദം അലയാന്‍ പ്രേരിപ്പിച്ചു. പതുക്കെ ഇസങ്ങള്‍ ഉപേക്ഷിക്കുകയായി. ജ്ഞാനത്തിന്റെ ലഹരിയില്‍ ഭാരതം മുഴുവന്‍ അലഞ്ഞുനടന്നു. തീര്‍ത്ഥങ്ങളായ തീര്‍ത്ഥങ്ങള്‍ മുഴുവന്‍ മുങ്ങിക്കയറി. പൈതൃകം ഉണരുകയായി. പരമ്പരകള്‍ അറിവിന്റെയും ദേവതകളുടെയും ബലമുള്ള ഈ ഉണ്ണിയെ വാരിപ്പുണര്‍ന്നു.
പിന്നെ എല്ലാം കാലത്തിന്റെ കയ്യിലായിരുന്നു. ഗുരു മനസ്സിലിരുന്ന് തീരുമാനങ്ങളെടുത്തു. ”ദീക്ഷ സ്വീകരിക്കണം.” പറഞ്ഞു നിര്‍ത്തിയപോലെ ഭാരതത്തിലെ പണ്ഡിതരില്‍ മുമ്പനായ കാശികാനന്ദസ്വാമിയില്‍നിന്ന് 2010-ലെ ഹരിദ്വാര്‍ കുംഭമേളയില്‍നിന്നും മന്ത്രദീക്ഷ സ്വീകരിച്ചു. 2018- ലെ പ്രയാഗ്‌രാജ് അര്‍ദ്ധകുംഭമേളയില്‍ പൂര്‍ണ്ണ ദീക്ഷയും സ്വീകരിച്ചു. അങ്ങനെ, പൂര്‍വ്വാശ്രമം പൂര്‍ണ്ണമായും മാഞ്ഞ ശരീരത്തിന് പിന്നെ പേര് സ്വാമി ആനന്ദവനം.
ദേവതകള്‍ തീരുമാനിച്ചുറച്ച പദ്ധതികള്‍ക്ക് ഈ ബലവും പോരാ എന്നാണ് കാലം തീരുമാനിച്ചത്. 2025 -ലെ പ്രയാഗ്രാജ് കുംഭമേളയില്‍ അതായത്, 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പൂര്‍ണ്ണകുംഭമേളകളില്‍ പന്ത്രണ്ടാമത്തെ പൂര്‍ണ്ണകുംഭമേള നടക്കുന്ന മഹാകുംഭമേളയില്‍, 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയില്‍, ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ആയി സ്വാമി ആനന്ദവനം വാഴിക്കപ്പെട്ടു. പരംപൂജ്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി.
അഖാഡകളും യുദ്ധവും
കേരളത്തിന് പൊതുവേ പരിചയമില്ലാത്ത സന്ന്യാസരീതികളാണ് അഖാഡ എന്നത്. ഒരു കയ്യില്‍ മാലയും മറുകയ്യില്‍ ഭാലയും ഏന്തിയ സന്ന്യാസവിഭാഗമാണിവര്‍. ഭാല എന്നത് ഒരു ആയുധമാണ്. അതേസമയം ജുന അഖാഡയിലെ സന്ന്യാസികള്‍ക്ക് ഭാല ദേവതയുമാണ്. ശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിവച്ച സന്ന്യാസിസൈന്യമാണ് അഖാഡകള്‍.
സനാതനസംസ്‌കാരത്തിനും ഭാരതീയപൈതൃകത്തിനും ക്ഷേത്രങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മഠങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും നേരെ നടക്കുന്ന തദ്ദേശീയമോ വിദേശീയമോ ആയ എല്ലാത്തരം ആക്രമണങ്ങളേയും നേരിടാനുള്ള സൈന്യവിഭാഗമാണ് അഖാഡകള്‍.
ചരിത്രം ഉദാഹരണമാക്കിയാല്‍, 1700 കളിലെ സ്വാതന്ത്ര്യസമരമായ ‘സന്ന്യാസി കലാപം’ അഖാഡകളുടെ നേതൃത്വത്തിലായിരുന്നു. ഔറംഗസേബ് കാശിനഗരം ആക്രമിച്ചപ്പോള്‍ ഭാരതത്തിനും കാശിരാജാവിനുംവേണ്ടി യുദ്ധത്തിനിറങ്ങിയതും അഖാഡകള്‍ ആയിരുന്നു. ഇന്ത്യാ-ചൈനാ യുദ്ധത്തില്‍ ഹിമാലയത്തിലെ ദുഷ്‌കരവീഥികളില്‍ ഇന്ത്യന്‍ പട്ടാളത്തെ സഹായിക്കാന്‍ അഖാഡകള്‍ ഇറങ്ങിയിരുന്നു. ബാബര്‍ തകര്‍ത്ത അയോദ്ധ്യാക്ഷേത്രം തിരിച്ചുപിടിക്കാനുള്ള നിയമപോരാട്ടം തുടങ്ങിയതും അഖാഡകളാണ്.
അഖാഡകള്‍ 13 എണ്ണമുണ്ട്. അതില്‍ ശൈവവും വൈഷ്ണവവും സിഖ് വിഭാഗവും ഉണ്ട്. ശൈവ വിഭാഗമാണ് ജൂനാ അഖാഡ. ഭാരതത്തിലെ ഏറ്റവും വലുതും പുരാതനവുമായ സന്ന്യാസി വിഭാഗം. ആ വിഭാഗത്തിന്റെ തെക്കേ ഇന്ത്യയുടെ തലവനായിട്ടാണ് സ്വാമി ആനന്ദവനം നിയമിക്കപ്പെട്ടിരിക്കുന്നത്. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍, തെക്കേ ഇന്ത്യയിലെ അഖാഡകളുടെ ഏറ്റവും ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥനാണ് സ്വാമി ആനന്ദവനം ഭാരതി. ഇതിനും മുകളില്‍ ഇനിയുള്ള സ്ഥാനം ആചാര്യ മഹാ മണ്ഡലേശ്വര്‍ മാത്രം.
കേരളവും അഖാഡയും
ഇപ്പോഴും കേരളം വളരെ കൗതുകത്തില്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ”ഒരു സന്ന്യാസിക്ക് കേരളത്തില്‍ എന്താണ് ചെയ്യാനുള്ളത്?” ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന സന്ന്യാസിമാര്‍ ശിഷ്യരെ ശാസ്ത്രം പഠിപ്പിക്കുമ്പോള്‍ അഖാഡകളിലെ സന്ന്യാസിമാര്‍ കര്‍മ്മരംഗത്താണ് നിലയുറപ്പിക്കുന്നത്. ഇവര്‍ക്ക് ശാസ്ത്രത്തേക്കാള്‍ പഥ്യം ശസ്ത്രത്തിലാണ്. ധര്‍മ്മത്തിന്റെ രക്ഷയ്‌ക്കായി, വേണ്ടിവന്നാല്‍ ആയുധമെടുക്കാന്‍ തയ്യാറായ സന്ന്യാസിസൈന്യത്തിന്റെ വക്താക്കളാണിവര്‍. അതിന്റെ, ദക്ഷിണേന്ത്യയുടെ തലപ്പത്താണ് ഈ സ്വാമി മഹാമണ്ഡലേശ്വറായി വാഴിക്കപ്പെട്ടിരിക്കുന്നത്. കാണാം നമുക്ക്, കേരളത്തില്‍ ഒരു സന്ന്യാസി എന്തെല്ലാം ചെയ്യുമെന്നും; ചെയ്യാന്‍ ഉണ്ടെന്നും.
(ജുന അഖാഡയുടെ കാളികാ പീഠം ട്രസ്റ്റിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: