വാഷിംഗ്ടണ്‍: ആണവ കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം കനത്ത ബോംബാക്രമണം നടത്തുമെന്ന് ഇറാന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‌റെ ഭീഷണി. ഒന്നുകില്‍ കരാറില്‍ ഏര്‍പ്പെടുക അല്ലെങ്കില്‍ സൈനിക പ്രത്യാഘാതം നേരിടുക എന്ന ട്രംപിന്‌റെ നിര്‍ദേശം ഇറാന്‍ തള്ളിയതായാണ് റിപ്പോര്‍ട്ട്. ഇരട്ടച്ചുങ്കം ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.
എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
അമേരിക്ക കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണ പരിപാടിയില്‍ നിന്ന് പിന്‍മാറിയില്ല. പുതിയ ആണവ കരാറിന് ഇറാനെ പ്രേരിപ്പിക്കുന്ന ട്രംപിന്‌റെ കത്തിന് ഒമാന്‍ വഴിയാണ് ഇറാന്‍ മറുപടി നല്‍കിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
യുഎസും ഇറാന്‍ ഉദ്യോഗസ്ഥരും ചര്‍ച്ചയിലാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അദ്ദേഹം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.
ട്രംപ് തന്റെ ആദ്യ ടേമില്‍ ഇറാനുമായുള്ള ജെസിപിഒഎ കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. 2020 ല്‍ ബാഗ്ദാദിലെ ഡ്രോണ്‍ ആക്രമണത്തില്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് യുഎസ്-ഇറാന്‍ ബന്ധം കൂടുതല്‍ വഷളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: