ഇസ്ലാമാബാദ് : പാക് അധീന കശ്മീരിൽ അന്താരാഷ്‌ട്ര വിമാനത്താവളം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചു . എംപി താഹിർ അലിയാണ് എക്‌സിൽ കത്ത് പങ്കുവെച്ചത്. പിഒജെകെയിലെ മിർപൂരിൽ അന്താരാഷ്‌ട്ര വിമാനത്താവളം ഉൾപ്പെടെ പാക്കിസ്ഥാനിലെ പ്രധാനമന്ത്രിമാർ വാഗ്ദാനം ചെയ്ത നിരവധി വികസന, ക്ഷേമ പദ്ധതികൾ യാഥാർത്ഥ്യമായില്ലെന്നും ഇത് നിർമ്മിച്ചാൽ മേഖലയ്‌ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കുമെന്നും കത്തിൽ എംപിമാർ പറയുന്നു.
“ മിർപൂർ നഗരത്തിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഇസ്ലാമാബാദ് ഇൻ്റർനാഷണൽ എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം . മിർപൂരിൽ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം എന്ന ദീർഘകാല വാഗ്ദാനങ്ങൾ ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ല” എന്നാണ് കത്തിൽ പറയുന്നത്. ദീർഘദൂര വിമാനയാത്രയ്‌ക്ക് ശേഷം മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്യേണ്ടി വരുന്നുവെന്നും കത്തിൽ പറയുന്നു.
യുണൈറ്റഡ് കിംഗ്ഡത്തിൽ താമസിക്കുന്ന ഒരു ദശലക്ഷത്തിലധികം ബ്രിട്ടീഷ് കാശ്മീരികൾക്ക് വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പ്രയോജനം ലഭിക്കുമെന്ന് എംപിമാർ അവകാശപ്പെട്ടു. കൂടാതെ, ഝലം, ദിന, ഗുജറാത്ത് എന്നിവയുൾപ്പെടെ അയൽ പ്രദേശങ്ങൾക്ക് ഇത് ഗുണം ചെയ്യും.
കത്തിൽ മുഹമ്മദ് യാസിൻ, ഡെബി എബ്രഹാംസ്, സുബൈർ അഹമ്മദ്, താഹിർ അലി, റോസേന അല്ലിൻ ഖാൻ, സ്റ്റെല്ല ക്രീസി, ടാൻ ധേസി, ജെയിംസ് ഫ്രിത്ത്, ഗിൽ ഫർണീസ്, അദ്‌നാൻ ഹുസൈൻ, ഇമ്രാൻ ഹുസൈൻ, ലോർഡ് ഖുർബാൻ ഹുസൈൻ, അബ്‌ലിസാം മുഹമ്മദ് ഖാൻ, ലോർഡ് ഖുർബാൻ ഹുസൈൻ, അഫ്‌സൽ മുഹമ്മദ് ഖാൻ എന്നിവരാണ് ഒപ്പിട്ടത്. ഇവരിൽ പലരും ഇന്ത്യ വിരുദ്ധ നിലപാടുകൾ പുലർത്തുന്നവരാണ്.
അതേസമയം PoJK ഇന്ത്യൻ പ്രദേശമാണെന്നും അത് തിരിച്ചെടുക്കുമെന്നും ഇന്ത്യ പലതവണ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട് . 2024 മാർച്ചിൽ ആഭ്യന്തര മന്ത്രി അമിത് ഷായും PoJK ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞിരുന്നു.അതിനിടെയാണ് വിമാനത്താവളം നിർമ്മിക്കാനുള്ള ആവശ്യം ഉയർന്നിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: