നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം ഈ നാഴികക്കല്ലിനെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികമാണ്. അത്തരം അവസരങ്ങള്‍ ആഘോഷിക്കാനുള്ളതല്ല, മറിച്ച് ആത്മപരിശോധന നടത്താനും ലക്ഷ്യത്തിനായി പുനര്‍സമര്‍പ്പിക്കാനുമുള്ളതാണെന്ന് സംഘത്തിന് തുടക്കം മുതല്‍ തന്നെ വ്യക്തമാണ്. പ്രസ്ഥാനത്തെ നയിച്ച സംന്യാസ തുല്യരായ ധീരരെയും ഈ യാത്രയില്‍ നിസ്വാര്‍ത്ഥമായി പങ്കുചേര്‍ന്ന സ്വയംസേവകരുടെയും അവരുടെ കുടുംബങ്ങളുടെയും പരമ്പരയെയും അംഗീകരിക്കാനുള്ള അവസരം കൂടിയാണിത്. ലോകശാന്തിക്കും സമൃദ്ധിക്കും വേണ്ടി സൗഹാര്‍ദപൂര്‍ണവും ഏകാത്മവുമായ ഭാവി ഭാരതത്തിനായി ഈ നൂറ് വര്‍ഷത്തെ യാത്രയെ മുന്നില്‍ നിര്‍ത്തി ദൃഢനിശ്ചയം ചെയ്യുന്നതിന് സംഘ സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ ജന്മദിനവും ഹിന്ദു കലണ്ടറിലെ ആദ്യ ദിനവുമായ വര്‍ഷ പ്രതിപദയെക്കാള്‍ മികച്ച സന്ദര്‍ഭം വേറെയില്ല.
ജന്മനാ ദേശഭക്തനായിരുന്നു ഡോ. ഹെഡ്ഗേവാര്‍. ഭാരതത്തോടുള്ള നിരുപാധിക സ്നേഹത്തിന്റെയും നിഷ്കളങ്കമായ സമര്‍പ്പണത്തിന്റെയും സ്വഭാവം കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമായിരുന്നു. കൊല്‍ക്കത്തയില്‍ വൈദ്യശാസ്ത്ര പഠനം പൂര്‍ത്തിയാക്കുന്നതിനിടയില്‍ത്തന്നെ, സായുധ വിപ്ലവം മുതല്‍ സത്യഗ്രഹം വരെ ഭാരതത്തെ ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ നിന്ന് മോചിപ്പിക്കാന്‍ നടത്തിയ എല്ലാ പരിശ്രമങ്ങളിലും അദ്ദേഹം നേരിട്ട് പങ്കാളിയായി. ആ വഴികളെയെല്ലാം ഡോക്ടര്‍ജി ബഹുമാനിച്ചിരുന്നു, അവയിലൊന്നിനെയും കുറച്ചുകാണാന്‍ ഒരിക്കലും ശ്രമിച്ചില്ല. സാമൂഹിക പരിഷ്കരണമോ രാഷ്ട്രീയ സ്വാതന്ത്ര്യമോ എന്നത് അക്കാലത്ത് ചര്‍ച്ചാ വിഷയങ്ങളിലെ കേന്ദ്ര ബിന്ദുവായിരുന്നു. അതേസമയം തന്നെ, ഒരു ഡോക്ടറെന്ന നിലയില്‍ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം കണ്ടെത്തുകയാണ് ഡോക്ടര്‍ജി ചെയ്തത്. നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാന്‍ കാരണമായ അടിസ്ഥാന പ്രശ്നങ്ങള്‍ കണ്ടെത്തി, ശാശ്വത പരിഹാരം കണ്ടെത്താന്‍ ഡോക്ടര്‍ജി തീരുമാനിച്ചു.
ദൈനംദിന ജീവിതത്തില്‍ ദേശസ്നേഹത്തിന്റെ അഭാവം, സങ്കുചിത പ്രാദേശിക വാദങ്ങള്‍ക്ക് കാരണമാകുന്ന കൂട്ടായ ദേശീയ സ്വഭാവത്തിന്റെ തകര്‍ച്ച, സാമൂഹിക ജീവിതത്തിലെ അച്ചടക്കമില്ലായ്മ എന്നിവയാണ് പുറത്തു നിന്നുള്ള ആക്രമണകാരികള്‍ ഭാരതത്തില്‍ കാലുറപ്പിക്കുന്നതിനുള്ള മൂലകാരണങ്ങള്‍ എന്ന് അദ്ദേഹം മനസ്സിലാക്കി. നിരന്തരമായ ആക്രമണങ്ങള്‍ കാരണം ആളുകള്‍ക്ക് നമ്മുടെ മഹത്തായ ചരിത്രത്തിന്റെ ഓര്‍മ്മകളുടെ ശേഖരം നഷ്ടപ്പെട്ടുപോയെന്ന് അദ്ദേഹം മനസിലാക്കി. അതുകൊണ്ട്, നമ്മുടെ സംസ്കാരത്തെയും ജ്ഞാന പാരമ്പര്യത്തെയും കുറിച്ച് ജനങ്ങളില്‍ അവിശ്വാസവും അപകര്‍ഷതാബോധവും ഉണ്ടായിരുന്നു. ഏതാനും നേതാക്കളുടെ കീഴിലുള്ള കേവല രാഷ്ട്രീയ പ്രവര്‍ത്തനം നമ്മുടെ പുരാതന രാഷ്ട്രത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കില്ല എന്നത് അദ്ദേഹത്തിന്റെ ബോധ്യമായിരുന്നു. അതിനാല്‍, രാഷ്ട്രത്തിനുവേണ്ടി ജീവിക്കാന്‍ ജനങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള സ്ഥിരമായ ശ്രമങ്ങളുടെ ഒരു രീതി ആവിഷ്കരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ശാഖാ രീതിയെ അടിസ്ഥാനമാക്കിയുള്ള സംഘത്തിന്റെ നൂതനവും അതുല്യവുമായ പ്രവര്‍ത്തനം രാഷ്ട്രീയ സമരങ്ങള്‍ക്കപ്പുറമുള്ള ഈ ദര്‍ശനാത്മക ചിന്തയുടെ ഫലമാണ്.
രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും പങ്കെടുക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, ഡോ. ഹെഡ്ഗേവാര്‍ ഈ പരിശീലന രീതി വികസിപ്പിച്ചെടുത്തത് സമൂഹത്തിനുള്ളില്‍ ഒരു സംഘടന സൃഷ്ടിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് മുഴുവന്‍ സമൂഹത്തെയും സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ്. ഇന്ന്, നൂറു വര്‍ഷങ്ങള്‍ക്ക് ശേഷവും, ആയിരക്കണക്കിന് യുവാക്കള്‍ ഡോ. ഹെഡ്ഗേവാര്‍ കാണിച്ച പാതയില്‍ തുടര്‍ച്ചയായി അണിചേരുകയും ദേശീയ ലക്ഷ്യത്തിനായി സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധരാവുകയും ചെയ്യുന്നു. സംഘത്തില്‍ സമൂഹത്തിനുള്ള സ്വീകാര്യതയും പ്രതീക്ഷകളും വര്‍ധിക്കുകയാണ്. ഇത് ഡോക്ടര്‍ജിയുടെ ദര്‍ശനത്തിനും പ്രവര്‍ത്തന രീതിക്കുമുള്ള അംഗീകാരത്തിന്റെ അടയാളങ്ങളല്ലാതെ മറ്റൊന്നുമല്ല.
ഈ പ്രസ്ഥാനത്തിന്റെയും തത്ത്വചിന്തയുടെയും പുരോഗമനപരമായ വികാസം അതിശയകരമാണ്. സങ്കുചിതവും പ്രാദേശികവാദപരവും അവരില്‍ത്തന്നെ ഒതുങ്ങുന്നതുമായ യൂറോപ്യന്‍ ദേശീയ വീക്ഷണത്താല്‍ സ്വാധീനിക്കപ്പെട്ട ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പ്രമുഖരോട് ഹിന്ദുത്വത്തിന്റെയും രാഷ്ട്രത്തിന്റെയും ആശയം വിശദീകരിക്കുന്നത് എളുപ്പമായിരുന്നില്ല. ഡോ. ഹെഡ്ഗേവര്‍ ആശയത്തെ സിദ്ധാന്തവല്‍ക്കരിച്ചില്ല. പക്ഷേ ഈ യാത്രയില്‍ വഴികാട്ടിയായ ഒരു പ്രവര്‍ത്തന പദ്ധതി അദ്ദേഹം ബീജ രൂപത്തില്‍ നല്കി. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ സംഘത്തിന്റെ പ്രവര്‍ത്തനം ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തി.
നമ്മള് സ്വാതന്ത്ര്യം നേടി. ദൗര്‍ഭാഗ്യവശാല്‍ അതേസമയം തന്നെ ഭാരത മാതാവ് മതപരമായി വിഭജിക്കപ്പെട്ടു. അന്ന് പാകിസ്ഥാനില്‍ നിന്ന് ഹിന്ദു ജനതയെ മോചിപ്പിക്കുന്നതിനും അവരെ ആദരവോടും അന്തസ്സോടെയും പുനരധിവസിപ്പിക്കുന്നതിന് സ്വയം സമര്‍പ്പിച്ചത് സംഘ സ്വയംസേവകരായിരുന്നു. സംഘടനയുടെ മന്ത്രം ദേശീയ ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് സംഘടനാ ഊര്‍ജ്ജം പകരുന്നതിലേക്ക് വികസിച്ചു. സമൂഹത്തോട് ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ള വ്യക്തി എന്ന നിലയില്‍ സ്വയംസേവകന് എന്ന ആശയം വിദ്യാഭ്യാസം മുതല്‍ തൊഴില്‍, രാഷ്ട്രീയം വരെയുള്ള മേഖലകളില്‍ അതിന്റെ സാന്നിധ്യം പ്രകടിപ്പിച്ചു തുടങ്ങി. രണ്ടാമത്തെ സര്‍സംഘചാലകനായ ശ്രീ ഗുരുജിയുടെ (മാധവ സദാശിവ ഗോള്‍വല്‍ക്കര്‍) മാര്‍ഗദര്‍ശനത്തില്‍ ദേശീയ മൂല്യങ്ങളുടെ വെളിച്ചത്തില്‍ എല്ലാം പുനഃക്രമീകരിക്കപ്പെട്ടു. ആത്മീയ പാരമ്പര്യത്തിലൂന്നി മാനവികതയുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രധാന പങ്ക് വഹിക്കാന്‍ കടമയുള്ള പുരാതന നാഗരികതയാണ് ഭാരതം. സാര്‍വത്രിക സൗഹാര്‍ദത്തിന്റെയും ഏകാത്മകതയുടെയും ആശയങ്ങളെ ആധാരമാക്കി ഭാരതം അതിന്റെ പങ്ക് നിര്‍വഹിക്കണമെങ്കില്‍, ഇന്നാട്ടിലെ സാധാരണ ജനങ്ങള്‍ ആ ലക്ഷ്യത്തിനായി സ്വയം തയാറാകേണ്ടതുണ്ട്. ശ്രീഗുരുജി അതിനുള്ള ശക്തമായ, ആശയപരമായ അടിത്തറ നല്കി. ഒരു തരത്തിലുള്ള വിവേചനത്തിനും ധാര്‍മിക അടിത്തറയില്ലെന്ന് ഭാരതത്തിലെ എല്ലാ സമ്പ്രദായങ്ങളും പ്രഖ്യാപിച്ചതോടെ ഹിന്ദു സാമൂഹിക പരിഷ്കരണ സംരംഭങ്ങള്‍ക്ക് പുതിയ ആക്കം ലഭിച്ചു. അടിയന്തരാവസ്ഥയില്‍ ഭരണഘടന ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തില്‍ സംഘ സ്വയംസേവകര്‍ നിര്‍ണായക പങ്ക് വഹിച്ചു. സമൂഹത്തിന്റെ നന്മയെ വിളിച്ചുണര്‍ത്തി ശാഖ എന്ന ആശയത്തില്‍ നിന്ന് സേവന പ്രവര്‍ത്തനങ്ങളിലേക്ക് സംഘം വികസിക്കുകയും തൊണ്ണൂറ്റി ഒമ്പത് വര്‍ഷങ്ങളിലൂടെ ഗണ്യമായ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തു. രാമജന്മഭൂമി വിമോചനം പോലുള്ള പ്രസ്ഥാനങ്ങള്‍ എല്ലാ വിഭാഗങ്ങളെയും എല്ലാ പ്രദേശങ്ങളെയും ഭാരതത്തിന്റെ സാംസ്കാരിക സ്വാതന്ത്ര്യത്തിനായി കൂട്ടിയിണക്കി. ദേശീയ സുരക്ഷ മുതല്‍ അതിര്‍ത്തി മാനേജ്മെന്റ് വരെ, പങ്കാളിത്ത ഭരണം മുതല്‍ ഗ്രാമവികസനം വരെ, ദേശീയ ജീവിതത്തിന്റെ ഒരു വശവും സംഘ സ്വയംസേവകര്‍ സ്പര്‍ശിക്കാതെയില്ല. ഈ വ്യവസ്ഥാ പരിവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ സമൂഹം മുന്നോട്ട് വരുന്നു എന്നതാണ് ഏറ്റവും വലിയ സംതൃപ്തി.
എല്ലാം കക്ഷിരാഷ്ട്രീയ കണ്ണടയിലൂടെ നോക്കുന്ന പ്രവണത നിലനില്‍ക്കുന്നുണ്ടെങ്കിലും, സമൂഹത്തിന്റെ സാംസ്കാരിക ഉണര്‍വിലും ശരിയായ ചിന്താഗതിക്കാരുടെടെയും സംഘടനകളുടെയും ശക്തമായ ഒരു ശൃംഖല സൃഷ്ടിക്കുന്നതിലുമാണ് സംഘം ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാമൂഹിക പരിവര്‍ത്തനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിലും കുടുംബങ്ങളുടെ പവിത്രത പുനഃസ്ഥാപിക്കുന്നതിലുമാണ് സംഘം ശ്രദ്ധിക്കുന്നത്. ലോകമാതാ അഹല്യബായ് ഹോള്‍ക്കറുടെ ത്രിശതാബ്ദി ആഘോഷിക്കാന്‍ സംഘം ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് ഇരുപത്തിയേഴ് ലക്ഷത്തിലധികം ആളുകളുടെ പങ്കാളിത്തത്തോടെ ഭാരതത്തിലുടനീളം പതിനായിരത്തോളം പരിപാടികള്‍ സംഘടിപ്പിച്ചു. രാഷ്ട്രത്തിന്റെ അഭിമാനങ്ങളെ നമ്മള് എങ്ങനെ ഒറ്റക്കെട്ടായി ആഘോഷിക്കുന്നു എന്നതിന്റെ തെളിവാണിത്. പ്രവര്‍ത്തനം നൂറാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍, രാഷ്ട്രനിര്‍മാണത്തിനായി വ്യക്തി നിര്‍മാണം ബ്ലോക്ക്, ഗ്രാമതലങ്ങളില്‍ സമ്പൂര്‍ണമായും എത്തിക്കണമെന്ന് സംഘം തീരുമാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചിട്ടയോടുള്ള ആസൂത്രണവും നിര്‍വഹണവും കൊണ്ട് പതിനായിരം ശാഖകള്‍ വര്‍ധിച്ചു എന്നത് ദൃഢനിശ്ചയത്തിന്റെയും സ്വീകാര്യതയുടെയും അടയാളമാണ്. ഓരോ ഗ്രാമത്തിലും ഓരോ സ്ഥലത്തും എത്തിച്ചേരുക എന്ന ലക്ഷ്യം ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെടാത്ത ദൗത്യവും ആത്മപരിശോധനയ്ക്കുള്ള വിഷയവുമാണ്. പഞ്ച പരിവര്‍ത്തനമെന്ന ആഹ്വാനം – മാറ്റത്തിനായി അഞ്ച് പദ്ധതികള്‍ – വരും വര്‍ഷങ്ങളിലും പ്രധാന ഊന്നലായി തുടരും. ശാഖാ വികാസത്തിനൊപ്പം, പൗര ബോധം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, സാമൂഹികമായി സൗഹാര്‍ദ്ദപരമായ പെരുമാറ്റം, കുടുംബ മൂല്യങ്ങള്‍, സ്വത്വത്തിലൂന്നിയുള്ള വ്യവസ്ഥാപരമായ പരിവര്‍ത്തനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുവഴി പരംവൈഭവം നേതും ഏതത് സ്വരാഷ്ട്രം – നമ്മുടെ രാഷ്ട്രത്തെ മഹത്വത്തിന്റെ കൊടുമുടിയിലേക്ക് നയിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് എല്ലാവരുടെയും പങ്ക് ഉറപ്പാക്കുകയും ചെയ്യും.
കഴിഞ്ഞ നൂറു വര്‍ഷങ്ങളില്‍, ദേശീയ പുനര്‍നിര്‍മ്മാണ പ്രസ്ഥാനമെന്ന നിലയില്‍ സംഘം അവഗണനയില്‍ നിന്നും പരിഹാസത്തില്‍ നിന്നും ജിജ്ഞാസയിലേക്കും സ്വീകാര്യതയിലേക്കും സഞ്ചരിച്ചു. ആരെയും എതിര്‍ക്കുന്നതില്‍ സംഘം വിശ്വസിക്കുന്നില്ല, സംഘത്തിന്റെ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്ന ആരും ഒരു ദിവസം സംഘത്തോടൊപ്പം ചേരുമെന്ന് ഉറപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനം മുതല്‍ അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ വരെയുള്ള അനേകം വെല്ലുവിളികളുമായി ലോകം മല്ലിടുമ്പോള്‍, അവയ്ക്ക് പരിഹാരം കാണാന്‍ ഭാരതത്തിന്റെ പുരാതനവും അനുഭവ സമ്പന്നവുമായ വിജ്ഞാനം കരുത്തുള്ളതാണ്. ഭാരതാംബയുടെ മക്കളെല്ലാവരും ഈ പങ്ക് തിരിച്ചറിയുകയും മറ്റുള്ളവര്‍ക്ക് പ്രേരണയാകും വിധം നമ്മുടേതായ മാതൃക കെട്ടിപ്പടുക്കുന്നതില്‍ സംഭാവന നല്‍കുകയും ചെയ്യുമ്പോള്‍ ഭീമാകാരവും അതേസമയം അനിവാര്യവുമായ ഈ ദൗത്യം സാധ്യമായിത്തീരും. സജ്ജനങ്ങളുടെ നേതൃത്വത്തില്‍ മുഴുവന്‍ സമൂഹത്തെയും ഒരുമിച്ച് കൊണ്ടുപോകുന്ന, സൗഹാര്‍ദപൂര്‍ണവും സംഘടിതവുമായ ഭാരതത്തിന്റെ മാതൃക ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ഈ ദൃഢനിശ്ചയത്തില്‍ നമുക്ക് പങ്കുചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: