ലഖ്‌നൗ: ഇന്ന് ആരംഭിക്കുന്ന ഒമ്പത് ദിവസത്തെ ഛൈത്ര നവരാത്രി പ്രമാണിച്ച് ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് സമീപമുള്ള മത്സ്യ – മാംസ വിൽപ്പനശാലകൾ നിരോധിച്ചു. ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിലാണ് മൽസ്യ – മാംസ വിൽപ്പനയ്‌ക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, അനധികൃത അറവുശാലകൾ അടച്ചുപൂട്ടാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ഏപ്രിൽ 6ന് ആഘോഷിക്കുന്ന രാമനവമിക്ക് മുന്നോടിയായി പുറപ്പെടുവിച്ച നിർദേശത്തിലാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്.നവരാത്രി ആഘോഷം നടക്കുന്ന സമയത്ത് ആരാധനലായങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ മാംസ – മത്സ്യക്കടകൾ പ്രവർത്തിക്കില്ല. പറഞ്ഞിരിക്കുന്ന പരിധിക്ക് പുറത്ത് ലൈസൻസിന്റെ നിബന്ധനകൾക്ക് വിധേയമായി കടകൾക്ക് പ്രവർത്തിക്കാം. തുറന്ന സ്ഥലത്ത് മാംസ വില്പന നടത്തരുത്.
കൂടാതെ രാമാനവമി ദിവസം എല്ലാ മാംസ – മത്സ്യ കടകളും അടച്ചിടുമെന്നും ഉത്തർപ്രദേശ് സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ശിശിറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ അറവുശാലകളും ഉടൻ അടച്ചുപൂട്ടാനും, ആരാധനാലയങ്ങൾക്ക് സമീപമുള്ള മത്സ്യ – മാംസ വിൽപ്പന പൂർണമായും നിരോധിക്കാനും ഉത്തർപ്രദേശ് നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജത് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും പൊലീസ് കമ്മീഷണർമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരവ് നടപ്പാക്കുന്നതിനായി പ്രത്യേക ജില്ലാതല സമിതികൾ രൂപീകരിക്കും. പൊലീസ്, ആരോഗ്യവകുപ്പ്, ഗതാഗതം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇതിന് മേൽനോട്ടം വഹിക്കുകയും ചെയ്യും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ യുപി മുനിസിപ്പൽ കോർപ്പറേഷൻ ആക്ട്, ഭക്ഷ്യസുരക്ഷാ ആക്ട് എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: