തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഉണരാം ലഹരിക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലൂടെ നടന്ന ജാഗ്രതായാത്ര ഏറ്റെടുത്ത് ജനങ്ങള്‍. വര്‍ക്കല ശിവഗിരിയിലെ സമാധിഭൂമിയില്‍ നിന്ന് ഇന്ന് രാവിലെ ആരംഭിച്ച യാത്ര രാത്രി കാട്ടാക്കടയിലാണ് സമാപിച്ചത്. വിവിധ സ്ഥലങ്ങളില്‍ നടന്ന പൊതുപരിപാടികളില്‍ ആയിരക്കണക്കിനാളുകളാണ് പങ്കാളികളായത്. ലഹരിക്കെതിരായ ബോധവത്ക്കരണത്തിന്റെ ഭാഗമായി തെരുവുനാടകം, പാവകളി, കവിയരങ്ങ്, നാടന്‍ പാട്ടുകള്‍ എന്നിവ വിവിധയിടങ്ങളില്‍ അരങ്ങേറി.
മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന് നയിച്ച ജാഗ്രതാ യാത്രയ്ക്ക് ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് ദീപ പ്രജ്ജ്വലനം നടത്തിയത്. ലഹരിയുടെ പിടിയില്‍ അകപ്പെട്ട് ഇരുട്ടില്‍ ആഴ്ന്നു പോയ കേരളത്തിന് അല്പമെങ്കിലും വെളിച്ചം പകരാന്‍ ജന്മഭൂമി ജാഗ്രത യാത്രയ്ക്ക് കഴിയട്ടെയെന്നും സ്വാമി ആശംസിച്ചു. തുടര്‍ന്ന് വര്‍ക്കല മൈതാനിയില്‍ ജാഗ്രതാ സദസ് വി മുരളീധരന് ഉദ്ഘാടനം ചെയ്തു. മയക്ക് മരുന്ന് ഉപയോഗിക്കുന്നവനെയും വില്ക്കുന്നവരെയും മാത്രമല്ല ആശൃംഘലയിലെ തലവന്‍ വരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി ഉണ്ടാകണമെന്ന് വി. മുരളീധന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആറ്റിങ്ങല്‍, നെടുമങ്ങാട്, വെള്ളനാട്, കാട്ടാക്കട എന്നിവിടങ്ങളിലും ജാഗ്രതാ യാത്രയെത്തി. ജന്മഭൂമി എംഡിയും ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹുമായ എം. രാധാകൃഷ്ണന്, മുന്‍ ഡിജിപി ആര്. ശ്രീലേഖ, മേജര്‍ രവി, നടി പ്രവീണ, കൊല്ലം തുളസി, റിട്ട. ജഡ്ജി ഗോപകുമാര്‍, ആര്‍ക്കിടെക്ട് പാലക്കല്‍ ജോസഫ്, നവോദയ വി.കൃഷ്ണന്‍കുട്ടി, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: