തൊടുപുഴ : നാട്ടിന്‍പുറത്തെ കുറ്റകൃത്യങ്ങളുടെ അടിവേരു ചികയാനും കുടുംബശ്രീ പ്രവര്‍ത്തകരെ പ്രയോജനപ്പെടുത്തുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനുകളിലെ ജെന്‍ഡര്‍ ഡവലപ്പ്‌മെന്‌റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്രൈം മാപ്പിങ് ആരംഭിച്ചത്. സ്ത്രീകളുടെ പങ്കാളിത്തത്തോടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, പ്രശ്നങ്ങള്‍ രഹസ്യാത്മകതയോടെ തുറന്ന് ശേഖരിക്കന്നതാണ് പദ്ധതി.
കുറ്റകൃത്യങ്ങളെ അതിന്റെ ഉറവിടത്തില്‍ തന്നെ പരിഹരിക്കുന്നതാണ് ക്രൈം മാപ്പിംഗിന്റെ ലക്ഷ്യമെന്നും അതില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സമുഹത്തിന്റെ താഴെ തട്ടില്‍ വരെ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറയുന്നു. ഇടുക്കി ജില്ലയിലെ പീരുമേട്, ഉടുമ്പന്നൂര്‍, കുമാരമംഗലം, മൂന്നാര്‍, അറക്കുളം, കരുണാപുരം എന്നീ ആറ് പഞ്ചായത്തുകളിലെ 4850 സ്ത്രീകളെ ഉള്‍പ്പെടുത്തി ഇതിനകം സര്‍വ്വേ നടത്തി. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ ആകെ 1639 അതിക്രമങ്ങള്‍ നേരിട്ടതായി വെളിപ്പെടുത്തുകയും ചെയ്തു.
കൂടുതല്‍ സ്ത്രീകള്‍ നേരിട്ടത് അധിക്‌ഷേപങ്ങള്‍ ആണെന്നും ബന്ധുക്കളില്‍ നിന്നും അപരിചിതരില്‍ നിന്നു കൂടുതല്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്നും സര്‍വ്വേയില്‍ വ്യക്തമായി. ഓരോ സിഡിഎസിന് കീഴിലും പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാര്‍ 6 പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലെയും 50 സ്ത്രീകളില്‍ നിന്നാണ് വിവര ശേഖരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: