കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തയ്യാറാക്കിയത് 400 പേജിന്റെ കുറ്റപത്രം. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ കേസില്‍ സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ മാത്രമാണ് ഏക പ്രതി. കുറ്റപത്രം ഇന്ന് കണ്ണൂര്‍ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
ആത്മഹത്യ ചെയ്യാന്‍ നവീന്‍ ബാബുവിനെ പ്രേരിപ്പിച്ചത് പി.പി ദിവ്യയുടെ അധിക്ഷേപകരമായ വാക്കുകളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുകളില്ല. എന്നാല്‍ നവീന്‍ ബാബുവും പ്രശാന്തും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. നവീന്‍ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അധിക്ഷേപിക്കുന്നത് ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയത് പി.പി ദിവ്യ തന്നെയാണ്. സ്വന്തം ഫോണിലൂടെ ദിവ്യ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 82 സാക്ഷികളാണുള്ളത്. നവീന്‍ബാബുവിന്റെ മരണം സംഭവിച്ച് അഞ്ചുമാസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: