ന്യൂദൽഹി: ഭൂകമ്പത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന മ്യാന്മാറിന് ആദ്യ സഹായവുമായി ഇന്ത്യ. അയൽരാജ്യത്ത് അതിജീവിച്ച ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകുന്നതിനായി ‘ഓപ്പറേഷൻ ബ്രഹ്മ’യുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ കാർഗോ വിമാനത്തിൽ ഇന്ന് രാവിലെ ഭക്ഷണ വസ്തുക്കൾ അടക്കം 15 ടൺ അവശ്യ വസ്തുക്കൾ എത്തിച്ചു.
ടെന്റുകൾ, പുതപ്പുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ഭക്ഷണ പാക്കറ്റുകൾ, ശുചിത്വ കിറ്റുകൾ, ജനറേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുൾപ്പെടെ 15 ടൺ ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ഗഡുവാണ് യാങ്കോണിൽ എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കൂടുതൽ സഹായങ്ങൾ പിന്നാലെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മ്യാൻമാറിന് അമേരിക്കയും മറ്റ് നിരവധി രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ശക്തമായ ഭൂകമ്പ പരമ്പരയിൽ വൻ നാശനഷ്ടങ്ങളാണുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു, ആളുകൾക്ക് മേൽക്കൂര നഷ്ടപ്പെട്ടു. ദുരന്തത്തിൽ ഏകദേശം 694 പേർ മരിക്കുകയും 1,670 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈനിക ഭരണകൂടം അറിയിച്ചു.
സഗൈങ് നഗരത്തിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശത്തുണ്ടായ 7.7 തീവ്രതയിലുള്ള ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നിരിക്കുന്നത്. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി മധ്യ മ്യാൻമറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി. തായ്‌ലൻഡിന്റെ പല ഭാഗങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രൊ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: