സുക്മ : ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ 16 നക്സലുകൾ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്.
നക്സൽ വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം വനത്തിൽ പട്രോളിംഗിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കേർലാപാൽ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷനിൽ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുത്തതെന്ന് അധികൃതർ അറിയിച്ചു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ 16 നക്സലുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. നടപടിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഏറ്റുമുട്ടൽ സ്ഥലത്തും ചുറ്റുമുള്ള വനപ്രദേശങ്ങളിലും സുരക്ഷാ സേന ഇപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ തീവ്രമായ തിരച്ചിൽ നടത്തുകയാണ്. നിലവിലുള്ള ഓപ്പറേഷൻ പൂർത്തിയായ ശേഷം വിശദമായ പ്രസ്താവന പുറപ്പെടുവിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ഏറ്റവും കൂടുതൽ നക്സൽ ആക്രമണങ്ങൾ നടന്ന ജില്ലകളിൽ ഒന്നാണ് സുക്മ. മുമ്പ് നിരവധി നക്സൽ ആക്രമണങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇന്നലെ രാവിലെ ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നക്സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരു ജവാന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: