ന്യൂദൽഹി : കേന്ദ്രസർക്കാർ വഖഫ് ഭേദഗതി ബിൽ നടപ്പ് സമ്മേളനത്തിൽ തന്നെ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച പറഞ്ഞു. ഭരണഘടനയുടെ അന്തസ്സത്തയ്‌ക്ക് അനുസൃതമായാണ് തന്റെ സർക്കാർ വഖഫ് ബിൽ കൊണ്ടുവന്നത്. പുതിയ ബില്ലിൽ തർക്ക വിഷയങ്ങൾ മാത്രം പരിഗണിക്കാൻ കോടതിക്ക് അവകാശമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദൽഹിയിലെ 123 പ്രധാന സ്ഥലങ്ങൾ വഖഫ് ബോർഡ് തങ്ങളുടെ സ്വത്തായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖർ ആസാദ് ജീവൻ ബലിയർപ്പിച്ച പ്രയാഗ്‌രാജിലെ ചരിത്രപ്രസിദ്ധമായ ചന്ദ്രശേഖർ ആസാദ് പാർക്കും വഖഫ് സ്വത്തായി പ്രഖ്യാപിച്ചു. ഇതിനെയും അദ്ദേഹം നിശിതമായി വിമർശിച്ചു.
കൂടാതെ 2013-ൽ കോൺഗ്രസ് പാർട്ടി പാർലമെന്റിന്റെ അവസാന സമ്മേളനത്തിൽ നീണ്ട ചർച്ചകളില്ലാതെ വഖഫ് ബിൽ പാസാക്കിയതായി അമിത് ഷാ പറഞ്ഞു. ഈ ബിൽ പാസാക്കുന്നതിലൂടെ പാർട്ടി പ്രീണന നയം മുന്നോട്ട് കൊണ്ടുപോകുന്നതിനും വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിനും നിരവധി വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം ഭരണഘടനയ്‌ക്ക് അനുസൃതമല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ രാഹുൽ ഗാന്ധിക്ക് പാർലമെന്റിൽ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന ആരോപണം അമിത് ഷാ നിഷേധിച്ചു. പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ പാർട്ടിക്ക് സമയം നൽകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിൽ കോൺഗ്രസിന് 45 ശതമാനം സമയം നൽകി. ആരോട് സംസാരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. നമുക്ക് അത് തടയാൻ കഴിയില്ല, പക്ഷേ ഈ സമയത്ത് അദ്ദേഹം വിയറ്റ്നാമിലായിരുന്നുവെന്നും അമിത് ഷാ പരിഹസിച്ചു.
കൂടാതെ ഇത്തവണ മുമ്പത്തേക്കാൾ കൂടുതൽ സീറ്റുകളോടെ ബീഹാറിൽ കേവല ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: