ന്യൂദല്‍ഹി: പ്രതിരോധ നിരയ്ക്ക് കരുത്തേകാന്‍ പ്രചണ്ഡ് ഹെലികോപ്ടറുകളെ സൈന്യത്തിന്റെ ഭാഗമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കര, വ്യോമ സേനകള്‍ക്കായി 156 ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാര്‍ കേന്ദ്ര മന്ത്രിസഭ ഉടന്‍ അംഗീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 45,000 കോടി രൂപയുടേതാണ് കരാര്‍. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്എഎല്‍) വികസിപ്പിച്ചത്.
ചൈന, പാകിസ്ഥാന് അതിര്‍ത്തികളിലാകും തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധ ഹെലികോപ്ടര്‍ പ്രചണ്ഡ് വിന്യസിക്കുക. ഹെലികോപ്ടറുകള്‍ സേനയുടെ ഭാഗമാകുന്നത് പ്രതിരോധ രംഗത്ത് സുപ്രധാന ചുവടുവയ്പാകുമെന്നും ഇത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതിരോധ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോടു പ്രതികരിച്ചു.
156 ലൈറ്റ് കോമ്പാറ്റ് ഹെലികോപ്ടറുകള്‍ (എല്‍സിഎച്ച്) നിര്‍മിക്കുന്നതിന് കഴിഞ്ഞ ജൂണില്‍ എച്ച്എഎല്ലിനു ടെന്‍ഡര്‍ നല്‍കിയിരുന്നു. ഇത് അനുമതിക്കു തയാറായി. ഹെലികോപ്ടറുകളില്‍ 90 എണ്ണം കരസേനയ്ക്കും 66 എണ്ണം വ്യോമ സേനയ്ക്കും ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
16,400 അടി ഉയരത്തില്‍ നിന്ന് ഇറങ്ങാനും പറന്നുയരാനുമാകുന്ന ലോകത്തെ ഏക യുദ്ധ ഹെലികോപ്റ്റടറാണ് പ്രചണ്ഡ്. കിഴക്കന്‍ ലഡാക്കിലും സിയാച്ചിനിലും സൈനികരെ വിന്യസിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ഇവിടങ്ങളിലുള്‍പ്പെടെ വ്യത്യസ്ത ഉയരമുള്ള പ്രദേശങ്ങളില്‍ വിജയകരമായി പരീക്ഷണപ്പറക്കലുകള് നടത്തിയാണ് ഇവ സൈന്യത്തിന് കൈമാറാനൊരുങ്ങുന്നത്. 70 എംഎം റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെ അത്യാധുനിക ആയുധശേഷിയും പ്രചണ്ഡിനുണ്ട്. മണിക്കൂറില്‍ 268 കിലോമീറ്ററാണ് പരമാവധി വേഗം. 700 കിലോമീറ്ററാണ് പ്രവര്‍ത്തന ദൂരപരിധി.
ആര്‍ട്ടിലറി ഗണ്‍ സംവിധാനം: 6900 കോടിയുടെ കരാറില്‍ ഒപ്പുവച്ചു
അത്യാധുനിക ആര്‍ട്ടിലറി ഗണ്‍ സംവിധാനം വാങ്ങാന്‍ 6900 കോടിയുടെ കരാറുകളില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. 155 എംഎം/52 കാലിബര്‍ അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റങ്ങള്‍, ഉന്നതക്ഷമതയുള്ള വാഹനങ്ങള്‍, ഗണ്വാഹക വാഹനങ്ങള്‍ എന്നിവയ്ക്കാണ് കരാര്‍. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയിലാണ് ഭാരത് ഫോര്‍ജ് ലിമിറ്റഡ്, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡ് എന്നിവയുമായി കരാര്‍ ഒപ്പുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: