ലഖ്നൗ: ആവിഷ്കാര സ്വാതന്ത്ര്യം ജന്മാവകാശമല്ലെന്നും ചിലര്‍ അത് രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ഉപയോഗിക്കുകയാണെന്നും യോഗി ആദിത്യനാഥ്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ച സ്റ്റാന്‍പ് കൊമേഡിയനായ കുനാല്‍ കമ്രയെ വിമര്‍ശിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
ആവിഷ്കാരസ്വാതന്ത്ര്യത്തെ വ്യക്തികളെ ആക്രമിക്കാന്‍ ചിലര്‍ ഉപയോഗിക്കുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനും ചിലര്‍ ആവിഷ്കാരസ്വാതന്ത്ര്യത്തെ ഉപയോഗിക്കുകയാണ്.- യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് മോദി വിരുദ്ധനായ കൊമേഡിയന്‍ കുനാല്‍ കമ്ര പരിഹസിച്ചത്. ഇതിനെതിരെ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കേസുണ്ട്. ഏക് നാഥ് ഷിന്‍ഡേ പ്രവര്‍ത്തകരില്‍ നിന്നും 500ഓളം ഭീഷണിപ്പെടുത്തുന്ന ഫോണ്‍ വിളികളും കുനാല്‍ കമ്രയ്‌ക്ക് കിട്ടി. ശിവേസനാപ്രവര്‍ത്തകരുടെ പ്രസാദം എന്തായാലും കുനാല്‍ കമ്രയ്‌ക്ക് കിട്ടുമെന്നും അത് മധുരമുള്ളതായാലും കയ്പുള്ളതായാലും സ്വീകരിച്ചോളാനും ഷിന്‍ഡേ പക്ഷം ശിവസേനക്കാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
മുംബൈയില്‍ ഒരു ഹോട്ടലില്‍ ഷൂട്ട് ചെയ്ത പരിപാടിയിലാണ് കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡേയെ പരിഹസിച്ചത്. അതിന് ശേഷം കുനാല്‍ കമ്ര തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നീടാണ് ഈ പരിപാടി സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിലര്‍ പ്രചരിപ്പിച്ചത്. ഇത് കണ്ട് രോഷാകുലരായ ഷിന്‍ഡേ പക്ഷം പ്രവര്‍ത്തകര്‍ പരിപാടി നടന്ന ഹോട്ടലിലെ സ്റ്റുഡിയോ തല്ലിത്തകര്‍ത്തിരുന്നു. ഈ സംഭവത്തിന് ശേഷം കുനാല്‍ കമ്ര ഒളിവിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുംബൈ പൊലീസ് രണ്ട് തവണ സമന്‍സ് അയച്ചെങ്കിലും രണ്ടാഴ്ച സമയം നീട്ടിച്ചോദിച്ചിരിക്കുകയാണ് കുനാല്‍ കമ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: