ഊട്ടി : ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു. നീലഗിരി ജില്ലയിലെ ഗവർണർസോലയ്‌ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. തോഡർഗോത്രത്തിൽപ്പെട്ട കേന്തർകുട്ടൻ (41) ആണ് മരിച്ചത്.
കന്നുകാലികളെ മേയാൻ വിടുന്ന വനമേഖലയിലേക്ക് എത്തിയപ്പോഴാണ് കേന്തര്‍ക്കുട്ടന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. ഇയാളുടെ മൃതദേഹത്തിന്റെ പകുതിയും പുലി ഭക്ഷിച്ചു. വനംവകുപ്പും പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേയും കൊല്ലക്കോട് ജനവാസ മേഖലയിൽ പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ടിരിക്കുന്നത്.
ഇന്നലെ വൈകിട്ട് കാണാതായ പോത്തിനെ അന്വേഷിച്ചാണ് യുവാവ് വനമേഖലയിലേക്ക് പോയതെന്നാണ് നാട്ടുകാർ പറയുന്നത്. അർദ്ധരാത്രി കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതോടെയാണ് ബന്ധുക്കൾ ഇന്ന് പുലർച്ചെ മുതൽ തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: