ബോളിവുഡ് താരം ഐശ്വര്യ റായ്യുടെ കാറിന് പിന്നില് ബസ് ഇടിച്ച് അപകടം. മുംബൈയിലെ ജുഹുവില് ബുധനാഴ്ചയോടെയായിരുന്നു സംഭവം. എന്നാല് അപകടം നടക്കുന്ന സമയത്ത് ഐശ്വര്യ കാറില് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്ട്ടുകള്. ഐശ്വര്യ സുഖമായിരിക്കുന്നു എന്നുമാണ് നടിയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
ജുഹു ഡിപ്പോയില് നിന്ന് പുറപ്പെട്ട ബസ് അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം എത്തിയപ്പോള് കാറില് ഇടിക്കുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകള് സംഭവിച്ചിട്ടില്ല എന്നാണ് പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയില് നിന്ന് വ്യക്തമാകുന്നത്.
അല്പ്പസമയത്തിന് ശേഷം കാര് പോകുന്നതും വീഡിയോയില് കാണാം. അപകടത്തിന് പിന്നാലെ, നടിയുടെ ബൗണ്സര്മാരിലൊരാള് ബസ് ഡ്രൈവറെ മര്ദിച്ചു എന്ന വാര്ത്തകളും എത്തിയിരുന്നു. തുടര്ന്ന് ഡ്രൈവര് പൊലീസ് കണ്ട്രോള് റൂമില് വിവരം അറിയിച്ചു.
പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ ജീവനക്കാര് ബസ് ഡ്രൈവറോട് ക്ഷമാപണം നടത്തി. ഇതോടെ ബസ് ഡ്രൈവര് പ്രശ്നം അവസാനിപ്പിച്ചതായാണ് റിപ്പോര്ട്ട്. സംഭവത്തില് പരാതി ലഭിക്കുകയോ, എഫ്ഐആര് റജിസ്റ്റര് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: