ലഖ്നൗ: പ്രയാഗ്‌രാജിൽ കഴിഞ്ഞ മാസം സമാപിച്ച മഹാകുംഭ മേളയിൽ 66 കോടി ഭക്തരും സന്യാസിമാരും പങ്കെടുത്തതിനെ വീണ്ടും വാനോളം പുകഴ്‌ത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരമൊരു സമ്മേളനം മുമ്പ് ഒരിക്കലും കണ്ടിട്ടില്ലെന്നും യോഗി ആഗ്രയിൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ പറഞ്ഞു.
മഹാകുംഭം എത്ര ഗംഭീരവും ദിവ്യവുമാണെന്ന് നിങ്ങൾ എല്ലാവരും കണ്ടു. ഇത് അനുഗ്രഹത്തിന്റെ ഫലമായിരുന്നു. 45 ദിവസത്തിനുള്ളിൽ 66 കോടിയിലധികം ഭക്തരും സന്യാസിമാരും പ്രയാഗ്‌രാജ് സന്ദർശിച്ചു. ഇത്രയും വലിയ സന്യാസിമാരുടെയും ഭക്തരുടെയും ഒത്തുചേരൽ ലോകത്ത് ഇതുവരെ കണ്ടിട്ടില്ലെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്രം പണിയുന്നത് അസാധ്യമാണെന്ന് കണക്കാക്കപ്പെട്ടിരുന്നു, പക്ഷേ ആ ദൃഢനിശ്ചയം പൂർത്തീകരിക്കപ്പെട്ടുവെന്ന് അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം വ്യക്തമാക്കി.ഇന്നലെ ദേശീയ വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിമർശകർക്കെതിരെയും അദ്ദേഹം തുറന്നടിച്ചു.
പ്രത്യേകിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മഹാകുംഭ പരിപാടിയെ മൃത്യുകുംഭ് എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ എല്ലാ വെല്ലുവിളികൾക്കിടയിലും അതിന്റെ വിജയം ഊന്നിപ്പറഞ്ഞുകൊണ്ട് ഈ മത സമ്മേളനം യഥാർത്ഥത്തിൽ “മൃത്യുഞ്ജയ് മഹാകുംഭം” ആണെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു.
ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ ദിവസവും 50,000 മുതൽ 100,000 വരെ തീർത്ഥാടകർ ബംഗാളിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് എത്തിയിരുന്നു. വൻതോതിൽ കടന്നുവന്ന ഭക്തജനപ്രവാഹം പശ്ചിമ ബംഗാൾ സർക്കാരിനെ ഭയപ്പെടുത്തിയെന്നും യോഗി വ്യക്തമാക്കി.
കോൺഗ്രസ്, ആർജെഡി, സമാജ്‌വാദി പാർട്ടി എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നിഷേധാത്മക പരാമർശങ്ങളെയും അദ്ദേഹം വിമർശിച്ചു. ഇക്കൂട്ടർ ഇന്ത്യയുടെ വിശ്വാസങ്ങളെ അപമാനിക്കുന്നുവെന്നും അവർക്ക് പ്രീണനം മാത്രമാണ് കൈമുതലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
അതേ സമയം വെല്ലുവിളികൾ ഏറെ ഉണ്ടായിരുന്നിട്ടും മഹാകുംഭ ഉത്സവം റെക്കോർഡ് വിജയം നേടി. ഈ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാരണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: