ന്യൂഡൽഹി: സഹകരണ മേഖലയില്‍ ഓൺലൈന്‍ ടാക്സി സംവിധാനവും ഇന്‍ഷുറന്‍സ് കമ്പനിയും ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ഊബര്‍, ഒല തുടങ്ങിയ ഓൺലൈൻ ടാക്സി കമ്പനികളുടെ മാതൃകയില്‍ സഹകരണ മേഖലയിലും ടാക്സി സംവിധാനം ഏതാനും മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പാര്‍ലമെന്റിൽ പറഞ്ഞു. ഇരുചക്ര വാഹനങ്ങൾ, ഓട്ടോ, ടാക്സികള്‍ എന്നിവയെല്ലാം ഇതിൽ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കുമെന്നും കമ്മീഷനുകളില്ലാതെ നിരക്കുകൾ നേരിട്ട് വാഹന ഉടമകള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഹകരണ മേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനിയും വൈകാതെ പ്രവർത്തനമാരംഭിക്കുമെന്നും സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സംരംഭമായി ഇതുമാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക്സഭയില്‍ ത്രിഭുവന്‍ സഹകാരി യൂണിവേഴ്സിറ്റി ബില്ലിന്റെ ചര്‍ച്ചയില്‍ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് ആനന്ദിനെ ഭാരതത്തിലെ ആദ്യ സഹകരണ സര്‍വകലാശാലയാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ത്രിഭുവന്‍ സഹകാരി സര്‍വകലാശാല ബില്‍ – 2025, ലോക്സഭ പാസാക്കി. സഹകരണ മേഖലയില്‍ സാങ്കേതിക, മാനേജ്മെന്റ് വിദ്യാഭ്യാസവും പരിശീലനവും നല്കുന്ന സ്ഥാപനമായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് ആനന്ദിനെ ഉയര്‍ത്തും. പ്രതിവര്‍ഷം എട്ട് ലക്ഷം പ്രൊഫഷണലുകള്‍ക്ക് ഇവിടെ നിന്ന് പരിശീലനം നല്കും. ഭാരതത്തിന്റെ സഹകരണ ചരിത്രത്തിലെ നാഴികക്കല്ലാണ് ബില്ലെന്ന് കേന്ദ്ര ആഭ്യന്തര – സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു.
ഗുജറാത്തിലാണ് യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നതെങ്കിലും ഇതിന്റെ പ്രവർത്തനം രാജ്യം മുഴുവനാണെന്നും കേരളത്തിലും തമിഴ്നാട്ടിലും ആസാമിലും തമിഴ്നാട്ടിലുമെല്ലാം ഇതിന് കീഴില്‍ സ്ഥാപനങ്ങൾ വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലാഭം ലക്ഷ്യമിടുന്ന മാതൃകയെക്കാള്‍ വികസനം ലക്ഷ്യമിടുന്ന മാതൃകയാണ് പിന്തുടരുന്നതെന്നും പുതുതലമുറ സഹകരണ സംസ്കാരം എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ആഴ്ചകൾ ദൈര്‍ഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് മുതല്‍ പിഎച്ച്ഡി കോഴ്സ് വരെ ഇതിനു കീഴില്‍ ലഭ്യമാക്കും. പ്രതിവർഷം 8 ലക്ഷംപേര്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യം യൂണിവേഴ്സിറ്റിയുടെ കീഴില്‍ ക്രമീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: