കൊച്ചി: കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ പ്രതികരിച്ച് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. നിജു രാജിന്റെ ആരോപണം ശക്തമായി നിഷേധിക്കുന്നുവെന്ന് ഷാന്‍ റഹ്മാന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
ജനുവരി 25ന് നടന്ന ഉയിരേ എന്ന ലൈവ് കോണ്‍സര്‍ട്ട് പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികള്‍ നേരത്തെ ബന്ധപ്പെട്ടിരുന്നു. അതിലൊന്ന് നിജുരാജ് അബ്രാഹം എന്നയാളുമായി ഉണ്ടായ തര്‍ക്കമാണ് എന്നും ഷാന്‍ റഹ്മാന് പറയുന്നു.
തുടക്കം മുതലേ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും എന്നാല്‍ നിജുരാജ് അബ്രഹാം ജനങ്ങളെയും മീഡിയയെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും യഥാര്‍ഥ പ്രശ്നങ്ങള്‍ വഴിതിരിച്ചു വിടാനുള്ളതാണെന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രമാണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ആയതിനാല്‍ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിക്കുന്നു,’ വാര്‍ത്താകുറിപ്പില്‍ ഷാന്‍ റഹ്മാന് വ്യക്തമാക്കി.
കൊച്ചിയില്‍ ജനുവരി 25ന് നടന്ന സംഗീത നിശയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നിജു രാജ് ഷാനിനെതിരെ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. 38 ലക്ഷം രൂപ ചെലവായിട്ടും അഞ്ച് പൈസ പോലും തിരികെ ലഭിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഗുരുതര ആരോപണങ്ങളാണ് നിജു രാജ് ഷാന്‍ റഹ്മാനെതിരെ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: