ഗാസ: ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചശേഷം ഗാസയില്‍ സമാധാനത്തോടെ ജീവിക്കണമെന്ന് ആവശ്യപ്പെട്ട് ഹമാസിനെതിരെ പ്രതിഷേധവുമായി പാലസ്തീനികള്‍ തെരുവിലിറങ്ങി. ഗാസ മുനമ്പിന്റെ വടക്കന്‍ ഭാഗത്തുള്ള ബെയ്റ്റ് ലാഹിയയിലാണ് നൂറുകണക്കിന് പാലസ്തീനികള്‍ പ്രകടനങ്ങള്‍ നടത്തിയത്. നിലവിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും ഹമാസ് നേതാക്കള്‍ ഗാസ വിട്ട് പുറത്തുപോകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
‘യുദ്ധം നിര്‍ത്തുക’, ‘നമുക്ക് സമാധാനത്തോടെ ജീവിക്കണം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ പിടിച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഗാസ സിറ്റിയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ജബലിയ അഭയാര്‍ത്ഥി കാമ്പുകളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ മുഖംമൂടി ധരിച്ച ആയുധധാരികളായ ഹമാസ് ഭീകരര്‍ തോക്കുകളും ബാറ്റണുകളുമായെത്തി, പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും, പലരെയും ആക്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: