പത്തനംതിട്ട: കുടിശികയായ കെട്ടിട നികുതി ചോദിച്ചതിന് നാരങ്ങാനം വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി വെട്ടുമെന്ന് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറിയുടെ ഭീഷണി. പുതുതായി ചുമതലയേറ്റ നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോസഫിനെയാണ് ഏരിയാ സെക്രട്ടറി എം.വി. സഞ്ചു ഭീഷണിപ്പെടുത്തിയത്.
മുന്‍ വില്ലേജ് ഓഫീസര്‍ എഴുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഞ്ചുവിനെ ജോസഫ് വിളിച്ചത്. 2022 മുതലുള്ള നികുതി കുടിശികയാണെന്നും ഓരോ തവണ വിളിക്കുമ്പോഴും അടയ്ക്കാം എന്ന് പറയുന്നതല്ലാതെ അടക്കുന്നില്ലല്ലോ എന്നും ജോസഫ് ചോദിച്ചു.
സാര്‍ എവിടുത്തുകാരനാണെന്നാണ് ഏരിയാ സെക്രട്ടറി തിരിച്ചു ചോദിച്ചത്. മാവേലിക്കരയിലാണ് വീടെന്ന് വില്ലേജ് ഓഫീസര്‍ മറുപടി നല്കി. നികുതി കുടിശികയായാല്‍ ചോദ്യം വരുമെന്നും ഡെപ്യൂട്ടി കളക്ടര്‍ക്കും കലക്ടര്‍ക്കും മുന്നില്‍ മുട്ടുമടക്കി നില്‍ക്കേണ്ടിവരുമെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.
നാളെത്തന്നെ നികുതി അടയ്ക്കണമെന്നു പറഞ്ഞപ്പോള്‍ അടച്ചില്ലെങ്കിലോ എന്നായി ഏരിയാ സെക്രട്ടറി. നടപടി എടുക്കുമെന്ന് വില്ലേജ് ഓഫീസര്‍ മറുപടി നല്‍കിയതോടെ ‘നിന്നെ വില്ലേജ് ഓഫീസില്‍ കയറി വെട്ടുമെന്നു’ സഞ്ചു ഭീഷണിപ്പെടുത്തി. സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സിപിഎം വെട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: