India

ഓഹരി വിപണിയിലെ ചൂതാട്ടത്തിന് മാധബി പുരി ബുച്ച് നിയന്ത്രണം വരുത്തിയതിനാല്‍ ഇന്ന് വിപണിയെ വിശ്വസിക്കാമെന്ന മലയാളിനിക്ഷേപകന്റെ പോസ്റ്റ് വൈറല്‍

ഓഹരി വിപണിയില്‍ ചൂതാട്ടം നടത്താവുന്ന ഫ്യൂച്ചര്‍ ആന്‍റ് ഓപ്ഷന് അന്നത്തെ സെബി അധ്യക്ഷയായ മാധബി പുരി ബുച്ച് നിയന്ത്രണം വരുത്തിയത് കാരണം ഇപ്പോള്‍ ഓഹരി വിപണിയെ കൂടുതല്‍ വിശ്വസിക്കാമെന്ന സ്ഥിതി കൈവന്നുവെന്ന ഒരു സാധാരണക്കാരനായ മലയാളി നിക്ഷേപകന്‍റെ പോസ്റ്റ് വൈറല്‍. ഷിജുമോന്‍ ആന്‍റണിയാണ് മാധബി പുരിബുച്ചിനെ പ്രശംസിച്ച് എക്സില്‍ ഈ പോസ്റ്റിട്ടത്.

Published by

ന്യൂദല്‍ഹി: ഓഹരി വിപണിയില്‍ ചൂതാട്ടം നടത്താവുന്ന ഫ്യൂച്ചര്‍ ആന്‍റ് ഓപ്ഷന് അന്നത്തെ സെബി അധ്യക്ഷയായ മാധബി പുരി ബുച്ച് നിയന്ത്രണം വരുത്തിയത് കാരണം ഇപ്പോള്‍ ഓഹരി വിപണിയെ കൂടുതല്‍ വിശ്വസിക്കാമെന്ന സ്ഥിതി കൈവന്നുവെന്ന ഒരു സാധാരണക്കാരനായ മലയാളി നിക്ഷേപകന്റെ പോസ്റ്റ് വൈറല്‍. ഷിജുമോന്‍ ആന്‍റണിയാണ് മാധബി പുരിബുച്ചിനെ പ്രശംസിച്ച് എക്സില്‍ ഈ പോസ്റ്റിട്ടത്.

ഇന്ത്യന്‍ ഓഹരിവിപണി ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് 2024 ഒക്ടോബര്‍ ഒന്നിന് സെബി അധ്യക്ഷയായ മാധബി പുരി ബുച്ച് ഫ്യൂച്ചര്‍ ആന്‍റ് ഓപ്ഷന്‍ (എഫ് ആന്‍ഡ് ഒ) ഇടപാടുകള്‍ക്ക് ആറ് തരത്തിലുള്ള നിയന്ത്രണം കൊണ്ടുവരാന്‍ ധീരത കാട്ടിയത്. ഈ പരിഷ്കാരങ്ങളോട് നീരസം പ്രകടിപ്പിച്ച് തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളില്‍ ഓഹരിവിപണി വല്ലാതെ താഴേക്ക് പോയി. ഊഹക്കച്ചവടത്തിലെ തട്ടിപ്പുകള്‍ ഇല്ലാതാക്കുകയായിരുന്നു മാധബി പുരി ബുച്ചിന്റെ ലക്ഷ്യം. അന്ന് മാധബി പുരി ബുച്ച് നടത്തിയ ഈ ധീരമായ നടപടി കാരണം ഇന്ന് ഓഹരി വിപണി ആര്‍ക്കും ചൂഷണം ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ ഇന്ന് തികച്ചും സ്വാഭാവികമായാണ് സംഭവിക്കുന്നതെന്ന് വിപണിയിലെ വര്‍ഷങ്ങളുടെ പരിചയസമ്പന്നതകൊണ്ട് തനിക്ക് പറയാന്‍ കഴിയുമെന്നാണ് ഷിജുമോന്‍ ആന്‍റണി കുറിച്ചിരിക്കുന്നത്.

മാധബി പുരി ബുച്ച് ഈയിടെയാണ് സെബി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ പല മോശം പ്രവണതകളും അവസാനിപ്പിച്ചിരുന്നു. മാത്രമല്ല, അദാനിയെ വീഴ്‌ത്താന്‍ അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് എന്ന സ്ഥാപനം നടത്തിയ ശ്രമങ്ങളെ മാധബി പുരി ബുച്ച് ഇല്ലാതാക്കി. അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയ വ്യാജമായ ആരോപണങ്ങളുടെ മുനയൊടിക്കാനും മാധബി പുരി ബുച്ചിന് കഴിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിയ്‌ക്കെതിരായി ഉന്നയിച്ച 88 ആരോപണണങ്ങളും തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ശേഷം ആ സ്ഥാപനത്തിന്റെ ഉടമയായ ആന്‍ഡേഴ്സന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ വരെ മാധബി പുരി ബുച്ച് ധൈര്യം കാട്ടി.

ഇതിന്റെ പേരില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെയും ആന്‍ഡേഴ്സന്റെയും രഹസ്യപങ്കാളികളായ കോണ്‍ഗ്രസ് മാധബി പുരി ബുച്ചിനെതിരെ നിരവധിയായ ആരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും മാധബി പുരി ബുച്ച് കുലുങ്ങിയില്ല. അതോടെ കോണ്‍ഗ്രസും അപഹാസ്യരായി. മാധബി പുരി ബുച്ചിനെ പാര്‍ലമെന്‍റ് കമ്മിറ്റി മുമ്പാകെ വിളിച്ചുവരുത്തി നാണം കെടുത്താമെന്നുള്ള കെ.സി. വേണുഗോപാലിന്റെ ഗൂഢശ്രമവും വിലപ്പോയില്ല. എല്ലാം കഴിഞ്ഞ് അവര്‍ ധീരതയോടെ പടിയിറങ്ങിയപ്പോള്‍ കാലത്തിന്റെ കാവ്യനീതി പോലെ ഒരു കാര്യം സംഭവിച്ചു. ട്രംപ് യുഎസില്‍ പ്രസിഡന്‍റായി അധികാരത്തില്‍ വന്നു. താന്‍ പിടിക്കപ്പെടും എന്ന തോന്നലുണ്ടായതോടെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം തന്നെ അടച്ചുപൂട്ടിയ ശേഷം ആന്‍ഡേഴ്സന്‍ ഇരുട്ടില്‍ ഒളിച്ചിരിക്കുകയാണിപ്പോള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക