ന്യൂദല്‍ഹി: കഴിഞ്ഞ ഏഴ് ദിവസം തുടര്‍ച്ചയായി ഉയര്‍ന്ന ശേഷം അല്‍പം താഴ്ന്ന ഇന്ത്യന്‍ രൂപ വീണ്ടും മാര്‍ച്ച് 26 ബുധനാഴ്ച മൂന്ന് പൈസ ഉയര്‍ന്നു. ഇതോടെ ഒരു ഡോളറിന് 85.69 രൂപ എന്ന നിലയില്‍ എത്തി. ചൊവ്വാഴ്ച അല്‍പം ഇടിഞ്ഞ് ഒരു ഡോളറിന് 85 രൂപ 72 പൈസ എന്ന നിലയിലായിരുന്നു. ഡോളറിന് മാര്‍ച്ച് മാസത്തില്‍ ഡോളറിന്റെ മൂല്യം 3.26 ശതമാനമാണ് ഇടിഞ്ഞത്. ഡോളര്‍ താല്‍ക്കാലികമായി സുരക്ഷിതമല്ലെന്ന ബോധമുണ്ടായതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപിച്ചു തുടങ്ങിയിരിക്കുകയാണ്. അതിനാല്‍ ഇന്ത്യയുടെ ഓഹരിവിപണിയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നു തുടങ്ങി.
മാര്‍ച്ച് മാസത്തില്‍ ഇതുവരെ രൂപയുടെ മൂല്യം 2.2 ശതമാനം വരെ ഉയര്‍ന്നു. 2025 ഫെബ്രുവരിയില്‍ ഒരു ഡോളറിന് 88 രൂപ എന്ന നിലയില്‍ വരെ കൂപ്പുകുത്തിയിരുന്നതാണ്. അതാണ് ഇപ്പോള്‍ ഒരു ഡോളറിന് 85 രൂപ 69 പൈസ എന്ന നിലയിലേക്ക് ഉയര്‍ന്നത്. ഏകദേശം രണ്ടു രൂപയോളമാണ് ഇക്കാലയളവില്‍ രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഇതോടെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പേരില്‍ ജനവരി, ഫെബ്രുവരി മാസങ്ങളില്‍ മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കും അദ്ദേഹത്തിന്റെ പിണിയാളുകളായ ചില സാമ്പത്തിക വിദഗ്ധര്‍ക്കും വന്‍തിരിച്ചടിയാണ് മാര്‍ച്ച് സമ്മാനിച്ചത്. ട്രംപ് യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം മറ്റുരാജ്യങ്ങളുടെ മേല്‍ കൂടുതല്‍ വ്യാപാരത്തീരുവ അടിച്ചേല്‍പിച്ചതും അതിനെതിരെ ചൈനയും യൂറോപ്പും അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയതും ഡോളറിനെ വല്ലാതെ ക്ഷീണിപ്പിച്ചിരിക്കുകയാണ്. ഇതാണ് ഇന്ത്യന്‍ രൂപയ്‌ക്ക് നേട്ടമായത്.
രൂപയുടെ മൂല്യത്തകര്‍ച്ചയ്‌ക്ക് കാരണം മോദി സര്‍ക്കാരിന്റെ നയങ്ങളാണെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കള്ളമാണെന്ന് ജനത്തിന് മനസ്സിലായി. ആഗോളസാഹചര്യങ്ങളിലെ മാറ്റങ്ങളാണ് കറന്‍സിയുടെ മൂല്യത്തെ ബാധിക്കുന്നത്. ഇപ്പോഴും ആഗോള സാഹചര്യങ്ങള്‍ സുസ്ഥിരമല്ല. ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ആക്രമണം നടത്തുന്നതും അമേരിക്ക ഹൂതികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളും കറന്‍സിയെ ഏത് നിമിഷവും ബാധിച്ചേക്കാം. ആഗോള സാമ്പത്തിക അസ്ഥിരത ഉണ്ടായാല്‍ നിക്ഷേപകര്‍ അവരുടെ നിക്ഷേപം കൂടുതല്‍ സുസ്ഥിരമെന്ന് കരുതുന്ന ഡോളറിലേക്ക് മാറ്റുക സ്വാഭാവികമാണ്. അത് ഡോളറിനെ ശക്തിപ്പെടുത്തും. രൂപയെ ദുര്‍ബലമാക്കും.
രൂപയുടെ മൂല്യവും റിസര്‍വ്വ് ബാങ്കും
രൂപയുടെ മൂല്യം കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ എട്ട് ശതമാനത്തോളം താഴേക്ക് പതിച്ചതോടെ വിദേശനാണ്യ ശേഖരത്തില്‍ നിന്നും ഡോളര്‍ വിപണിയില്‍ ഇറക്കി ഇന്ത്യന്‍ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താവുന്ന സാഹചര്യമല്ലെന്ന് റിസര്‍വ്വ് ബാങ്ക് തിരിച്ചറിഞ്ഞിരുന്നു. അതേ തുടര്‍ന്ന് രൂപയുടെ മൂല്യം വിപണിയില്‍ സ്വാഭാവികമായ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകട്ടെ എന്ന നിലപാടെടുത്തിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. അതായത് കയ്യിലുള്ള ഡോളര്‍ ഇറക്കി രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തേണ്ടതില്ലെന്ന് റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചു എന്നര്‍ത്ഥം. എന്നാല്‍ രൂപ ഒരു ഡോളറിന് 88 രൂപയിലേക്ക് കൂപ്പുകുത്തിയതോടെയാണ് ഡോളര്‍ ഇറക്കി രൂപയെ രക്ഷിക്കാം എന്ന നിലപാട് റിസര്‍വ്വ് ബാങ്ക് എടുത്തത്.ഇതോടെയാണ് ബാങ്കുകളില്‍ രൂപയുടെ ലഭ്യത കൂട്ടാന്‍ ഡോളര്‍-രൂപ കൈമാറ്റ ലേലത്തിനും വിപണിയില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതിനും റിസര്‍വ്വ് ബാങ്ക് ഒരുങ്ങിയത്. ഏകദേശം ആയിരം കോടി ഡോളറിന് തത്തുല്യമായ ഇന്ത്യന്‍ രൂപയാണ് റിസര്‍വ്വ് ബാങ്ക് ഡോളര്‍-രൂപ കൈമാറ്റലേലത്തിലൂടെ ഇന്ത്യയിലെ ബാങ്കുകളില്‍ എത്തിച്ചത്. ബാങ്കുകളില്‍ നിന്നും ഡോളര്‍ വാങ്ങി രൂപ നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷത്തെ കാലാവധിയിലായിരുന്നു ഈ ഡോളര്‍ രൂപ കൈമാറ്റ ലേലം നടത്തിയിരിക്കുന്നത്.
ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക കണക്കുകള്‍ മെച്ചപ്പെട്ടതും രൂപ ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി), വിദേശനാണ്യശേഖരം, ഉപഭോക്തൃവിലസൂചിക എന്നിവയിലെ പുരോഗതിയാണ് ഇന്ത്യന്‍ രൂപയുടെ നില മെച്ചപ്പെടാന്‍ കാരണമായി. ഇന്ത്യയുടെ ജിഡിപി 6.5 ശതമാനമായി ഉയരുമെന്ന ഐഎംഎഫ് റിപ്പോര്‍ട്ടും ഇന്ത്യ മൂന്നുവര്‍ഷത്തില്‍ ലോകത്തിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന ഫിച്ച് റിപ്പോര്‍ട്ടും രൂപയെ ശക്തിപ്പെടുത്താന്‍ കാരണമായി. ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ജനുവരിയില്‍ അഞ്ച് ശതമാനം കുതിപ്പ്. രേഖപ്പെടുത്തിയതും രൂപയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
ചാഞ്ചാട്ടങ്ങളില്‍ കരുതലായി റിസര്‍വ്വ് ബാങ്കിന്റെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടല്‍
അതേ സമയം, രൂപ ഡോളര്‍ ചാഞ്ചാട്ടങ്ങളിലും അസ്ഥിരതയിലും ഇന്ത്യയുടെ രക്ഷ ഉറപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് സാമ്പത്തിക വിദഗ്ധര്‍. രാജ്യങ്ങള്‍ അവരുടെ ഡോളറിലുള്ള കരുതല്‍ ധനം കുറച്ചുകൊണ്ടുവരുന്ന പ്രക്രിയയെയാണ് ഡീഡോളറൈസേഷന്‍ എന്ന് വിളിക്കുന്നത്. ഡോളറില്‍ കരുതല്‍ ധനം കയ്യില്‍വെയ്‌ക്കുന്നതിന് പകരം പല രാജ്യങ്ങളും സ്വര്‍ണ്ണത്തിലേക്ക് മാറുകയാണ്. കാരണം സ്വര്‍ണ്ണത്തിന്റെ മൂല്യം മാറാതെ തുടരുമെന്നതിനാലാണിത്.
2024ല്‍ മാത്രം ഇന്ത്യ വാങ്ങിയത് 72.6 ടണ്‍ സ്വര്‍ണ്ണമാണ്. 2023നും 2024നും ഇടയ്‌ക്ക് റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണ്ണം നാല് മടങ്ങായി വര്‍ധിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ശേഖരം 803 ടണ്ണില്‍ നിന്നും 87 ടണ്‍ സ്വര്‍ണ്ണം എന്ന നിലയിലേക്ക് മാറി. അതേ സമയം കറന്‍സി രംഗത്ത് രൂപയുടെ മൂല്യം ഇടിയുമ്പോഴും വിപണിയില്‍ ഇടപെടാതെ രൂപ സ്വയം കരകയറട്ടെ എന്ന നിലപാടിലായിരുന്നു ഇന്ത്യ. കാരണം ഡോളര്‍ കഴിഞ്ഞ മാസങ്ങളില്‍ അത്രത്തോളം ശക്തിപ്പെട്ടിരുന്നു.
എന്തായാലും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന റിസര്‍വ്വ് ബാങ്കിന്റെ നിലപാടിന് കയ്യടിക്കുകയാണ് ഇപ്പോള്‍ സാമ്പത്തികവിദഗ്ധര്‍. നാളെ ഡോളറിന്റെ മൂല്യം ഇടിഞ്ഞാലും സ്വര്‍ണ്ണത്തിന്റെ മൂല്യം ഇടിയുകയില്ല എന്നതാണ് വാസ്തവം. മാത്രമല്ല, ട്രംപിന്റെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കിന് ഇറക്കുമതി തീരുവ വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത് ലോകത്ത് അസ്വസ്ഥത സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അലൂമിനിയത്തിനും ഉരുക്കിനും ഇറക്കുമതി തീരുവ 25 ശതമാനമായി ഉയര്‍ത്താനുള്ള ട്രംപിന്റെ നീക്കത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അങ്ങിനെയെങ്കില്‍ ഭാവിയില്‍ രാജ്യങ്ങള്‍ തമ്മില്‍ ഒരു വ്യാപാരയുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങിനെയങ്കില്‍ ഡോളറിന് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: