തൃശ്ശൂർ : അമ്മയുടെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കണമെന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറിയ കെ. രാധാകൃഷ്ണന്‍ എംപിയ്‌ക്ക് കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും ഇഡി നോട്ടീസ്. സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കുന്ന പതിവില്ലെങ്കിലും ചോദ്യം ചെയ്യലിന് ഒഴിവാക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ സാധാരണ ഒഴിവാക്കാറുള്ള ഹൈന്ദവ ആചാരം മറയാക്കുകയായിരുന്നു കെ രാധാകൃഷ്ണൻ എംപി. രണ്ടാമത് നോട്ടീസയച്ചപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്ന കാരണമാണ് പറഞ്ഞത്.
എന്തായാലും രാധാകൃഷ്ണനെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ഇഡിയുടെ വാദം. ഏപ്രിൽ എട്ടിന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാന്‍ നിർദ്ദേശിച്ച് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ) വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ്.
നേരത്തെ രണ്ടുതവണ ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്ണന്‍ പല കാരണങ്ങള്‍ പറഞ്ഞ് അതില്‍ നിന്നും ഒഴിവായി. പാർലമെന്‍റ് ചേരുന്നതും പാർട്ടി കോൺഗ്രസ് നടക്കുന്നതും പരിഗണിച്ച് ഇ ഡി സാവകാശം അനുവദിക്കുകയായിരുന്നു. കെ രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമർപ്പിക്കുക.
ഇഡിയുടെ ആവശ്യപ്രകാരം കരുവന്നൂര്‍ ബാങ്ക് കേസില്‍ കെ രാധാകൃഷ്ണന്റെ സ്വത്ത് വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും നേരത്തെ കൈമാറിയിരുന്നു. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്ന സമയത്ത് സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ. അതേസമയം, കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇ ഡിയുടെ വാദം. അതിനാല്‍ ചോദ്യം ചെയ്താലേ പൊരുത്തക്കേടുകള്‍ക്ക് തൃപ്തികരമായ മറുപടി ലഭിക്കൂ.
സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് കൃത്യമായ രേഖകള്‍ ഇല്ലാതെ ബിനാമി വായ്‌പകള്‍ നല്‍കി സഹകരണബാങ്കിന്റെ വായ്‌പകള്‍ തട്ടിയെടുത്തിരുന്നു എന്നതാണ് കേസ്. കരുവന്നൂര്‍ കേസില്‍ ഇതുവരെ 128.72 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. പൊലീസ് രജിസ്റ്റര്‍ ചെയ്ത 16 കേസുകള്‍ ഒന്നിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡി നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: