തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞു. സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ 18,026.49 കോടി നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്. 44 എണ്ണത്തില്‍ മൂലധനത്തേക്കാള്‍ ഇരട്ടി നഷ്ടം. നഷ്ടത്തിന് കാരണം സര്‍ക്കാരിന്റെ ബിസിനസ് മോഡല്‍. 18 എണ്ണം അടച്ചുപൂട്ടലിന്റെ വക്കിലാണന്നും സിഎജി കണ്ടെത്തി.
149 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്ളതില്‍ പ്രവര്‍ത്തനമുള്ള 131 എണ്ണത്തിലാണ് സിഎജി ഓഡിറ്റ് നടത്തിയത്. അതില്‍ 77 എണ്ണവും നഷ്ടത്തിലാണ്. ഇവയില്‍ 44 എണ്ണത്തിന്റെ മൂലധനം 5954.33 കോടിയാണ്. എന്നാല്‍ ഇവയുടെ നഷ്ടം മൂലധനത്തേക്കാള്‍ ഇരട്ടിയോളമാണ്. 11227.04 കോടിയാണ് 44 സ്ഥാപനങ്ങളുടെ നഷ്ടം. ഒമ്പത് സ്ഥാപനങ്ങളുടെ കടം അവയുടെ ആസ്തിയേക്കാള്‍ നാലിരട്ടിയാണ്. 1499.98 കോടി ആസ്തിയുള്ള ഒമ്പത് സ്ഥാപനങ്ങള്‍ 4310.63 കോടിയാണ് കടമെടുത്തിരിക്കുന്നത്. ആസ്തികള്‍ വിറ്റഴിച്ചാല്‍ പോലും കടം തീര്‍ക്കാനാകില്ല. 35 സ്ഥാപനങ്ങള്‍ക്ക് പലിശ നല്‍കാനുള്ള വരുമാനം പോലും കണ്ടെത്താനായില്ല. നാല് കമ്പനികള്‍ക്ക് ലാഭമോ നഷ്ടമോ ഇല്ല. ലാഭമുള്ള 58 കമ്പനികളില്‍ കെഎസ്ഇബിയും കെഎസ്എഫ്ഇയുമാണ് ഏറ്റവും മുമ്പില്‍.
105 കമ്പനികളില്‍ ഫിനാന്‍സ് അക്കൗണ്ടുകള്‍ തമ്മിലുള്ള കണക്കും സ്ഥാപന രേഖകള്‍ തമ്മിലുള്ള കണക്കും തമ്മില്‍ വലിയ അന്തരമുണ്ട്. ഇത് വര്‍ഷങ്ങളായി തുടരുകയാണ്. 16 കമ്പനികള്‍ മാത്രമാണ് 2022-23ലെ കണക്കുകള്‍ സമര്‍പ്പിച്ചത്. 115 കമ്പനികള്‍ കണക്കുകള്‍ നല്‍കിയിട്ടില്ല. ഏഴുവര്‍ഷമായി കെഎസ്ആര്‍ടിസി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. 2015-16ല്‍ ആണ് കെഎസ്ആര്‍ടിസി അവസാനം കണക്കുകള്‍ നല്‍കിയത്. അന്നുതന്നെ കെഎസ്ആര്‍ടിസിയുടെ നഷ്ടം ആയിരം കോടി കടന്നിരുന്നു. 2022-23 വര്‍ഷത്തില്‍ കൃത്യസമയത്ത് കണക്കുകള്‍ നല്‍കിയത് 16 പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രമാണ്. കണക്കുകള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴയും തടവും ശിക്ഷ ലഭിക്കുന്ന കമ്പനി നിയമം നടപ്പില്‍ വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സിഎജി റിപ്പോര്‍ട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സിഎജി വിലയിരുത്തിയത്.
നഷ്ടത്തിന് കാരണം സര്‍ക്കാരിന്റെ ബിസിനസ് മോഡല്‍
77 സ്ഥാപനങ്ങള്‍ സാമ്പത്തിക നഷ്ടത്തിലേക്ക് പോകാനുള്ള പ്രധാന കാരണം സര്‍ക്കാരിന്റെ ബിസിനസ് മോഡലുകളാണെന്ന് സിഎജി നിരീക്ഷിച്ചിട്ടുണ്ട്. ബിസിനസ് മോഡല്‍ മികച്ചതാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ ഓഹരി വില്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നത് പരിഗണിക്കണം. 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ള 18 കമ്പനികളും എത്രയും വേഗത്തില്‍ പൂട്ടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കെഎംഎംഎല്ലില്‍ ക്രമക്കേട്
കെഎംഎംഎല്ലില്‍ അസംസ്കൃത വസ്തുക്കള്‍ ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതില്‍ 23.7 കോടിയുടെ നഷ്ടമുണ്ടായി. അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. യോഗ്യതയില്ലാത്തവര്‍ക്ക് കരാര്‍ നല്‍കുന്നുവെന്നും സിഎജി കണ്ടെത്തി. അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും പൊതു ടെന്‍ഡര്‍ വിളിക്കണമെന്നും സിഎജി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: