ബെയ്റൂട്ട് (ലബനന്): യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര് ഗ്രിഗോറിയോസിനെ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ വാഴിച്ചു. അന്ത്യോഖ്യാ സഭാപാരമ്പര്യ പിന്തുടര്ച്ചയില് യാക്കോബായ സുറിയാനി സഭയുടെ ഉന്നത സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസേലിയസ് ജോസഫ് എന്നാണ് അറിയപ്പെടുക.
ലബനന് തലസ്ഥാനം ബെയ്റൂട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ പാത്രിയര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ കത്തീഡ്രലിലാണു ചടങ്ങുകള്‍ നടന്നത്. ലബനന് സമയം ഇന്നലെ വൈകിട്ട് അഞ്ചിന് ആരംഭിച്ച (ഭാരത സമയം രാത്രി 8.30) സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു.
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരും പുരോഹിതരും പള്ളി പ്രതിനിധികളും സന്നിഹിതരായിരുന്ന ശുശ്രൂഷകള്‍ രണ്ടു മണിക്കൂര്‍ നീണ്ടു. സ്ഥാന ചിഹ്നങ്ങളായ മൂന്നു മാലകളും അംശവടിയും മുഖ്യകാര്മികന് ശ്രേഷ്ഠ കാതോലിക്കയ്ക്ക് കൈമാറി.
ലോകത്തെ ഇതര സഭകളുടെ മേലധ്യക്ഷരും പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി. എഴുന്നൂറോളം മലയാളികളും സാക്ഷ്യം വഹിച്ചു. ഭാരതത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, അല്‍ഫോണ്‍സ് കണ്ണന്താനം, ഷോണ്‍ ജോര്‍ജ്, ബെന്നി ബഹനാന് എംപി എന്നിവരും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായി മന്ത്രി പി. രാജീവ്, എംഎല്‍എമാരായ അനൂപ് ജേക്കബ്, ഇ.ടി. ടൈസണ്‍, എല്‍ദോസ് പി. കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി.വി. ശ്രീനിജന്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: